പള്ളിക്കര ബീച്ചിൽ വോട്ട് വിരലിൽ വിരിഞ്ഞ മണൽശില്പം ഒരുങ്ങി
കാസർഗോട് :വിരലിൽ പുരട്ടിയ മഷിയടയാളം ജനാധിപത്യത്തിന്റെ കാവലാണെന്ന സന്ദേശവുമായി പള്ളിക്കര ബീച്ചിൽ കൂറ്റൻ മണൽശില്പം ഒരുങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറുശതമാനം വോട്ടുറപ്പാക്കാൻ ജില്ലാ ഭരണകൂടവും സ്വീപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ‘വോട്ടായനം 2026’ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ശില്പം നിർമ്മിച്ചത്. പ്രശസ്ത ശില്പി ചിത്രൻ കുഞ്ഞിമംഗലം അഞ്ചുമണിക്കൂർ കൊണ്ടാണ് വോട്ട് രേഖപ്പെടുത്തിയ ഇടതുകൈയ്യുടെ മനോഹരമായ ശില്പം തീർത്തത്.
ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ശില്പം ഉദ്ഘാടനം ചെയ്തു. നമ്മുടെ ജനാധിപത്യത്തിന്റെ കരുത്ത് ഓരോ വോട്ടിലുമാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ നൂറുശതമാനം പോളിംഗ് ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് കളക്ടർ പറഞ്ഞു.
യുവജനങ്ങളിൽ വോട്ടിംഗിനോടുള്ള താൽപര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിപുലമായ പ്രചാരണ പരിപാടികൾ നടത്തുമെന്ന് കളക്ടർ പറഞ്ഞു.
സ്വീപ് നോഡൽ ഓഫിസർ രതീഷ് പിലിക്കോട് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, ബ്ലോക്ക് കോർഡിനേറ്റർമാരായ കെ. ജിജി, കെ. നിമിഷ, കെ.പി. രമ്യ മോൾ, കെ. രജനി, കെ. ജ്യോതിഷ്, അനസ് എന്നിവർ സംസാരിച്ചു. അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോർഡിനേറ്റർ കെ.എം കിഷോർ സ്വാഗതവും, ജില്ലാ പ്രോഗ്രാം മാനേജർ ആതിര.ടി.പി.നന്ദിയും പറഞ്ഞു. വോട്ടവകാശത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ശില്പം കാണാൻ ബീച്ചിലെത്തിയ നിരവധി സഞ്ചാരികളാണ് തടിച്ചുകൂടിയത്.
.jpg)


