വയൽക്കാറ്റേറ്റ് കൊടക്കവയൽ; തിമിരിയിലെ 'ഗ്രാമീണ ഇടനാഴി' ഹിറ്റ്!
കാസർഗോട് : ഗ്രാമീണ സൗന്ദര്യം ആസ്വദിച്ച്, വയൽക്കാറ്റേറ്റ് അല്പനേരം ഇരിക്കാൻ ഇതിലും മികച്ചൊരിടമില്ല. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോൾ തിമിരി കൊടക്കവയലിലെ 'വയൽക്കാറ്റ്' ബ്ലൂ ഗ്രീൻ ഇടനാഴി സഞ്ചാരികളുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ട സായാഹ്ന സങ്കേതമായി മാറിക്കഴിഞ്ഞു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വിഭാവനം ചെയ്ത ഈ സ്വപ്ന പദ്ധതി, പ്രതീക്ഷിച്ചതിലും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്.
tRootC1469263">ഗ്രാമീണ ഭംഗിയുടെ ഒട്ടും മായം കലരാത്ത ദൃശ്യങ്ങളാണ് കൊടക്കവയലിനെ സഞ്ചാരികളുടെ പ്രിയ ഇടം ആക്കുന്നത്. പുലർകാലത്തെ മഞ്ഞും പക്ഷികളുടെ കലപിലയും ആസ്വദിച്ചുകൊണ്ട് പ്രഭാത സവാരിക്ക് എത്തുന്നവർ ഏറെയാണ്. വ്യായാമത്തോടൊപ്പം മനസിന് ഉണർവ് നൽകുന്ന കാഴ്ചകൾ കൂടിയാകുമ്പോൾ കൊടക്കവയൽ വേറിട്ട അനുഭവമാകുന്നു. ചെറുവത്തൂർ- കയ്യൂർ ചീമേനി പഞ്ചായത്തുകളിലെ തിമിരി കൽനട റോഡിൽ വയലിന്റെ നടുവിലൂടെ ഒഴുകുന്ന തോടിന്റെ ഇരുകരകളിലുമായാണ് 60 മീറ്റർ നീളത്തിൽ ഈ സുന്ദരതീരം ഒരുക്കിയിരിക്കുന്നത്. സഞ്ചാരികൾക്കായി മനോഹരമായ ഇന്റർലോക്ക് പാതകളും വിശ്രമിക്കാൻ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടിട്ടുണ്ട്. സന്ധ്യമയങ്ങിയാൽ പ്രദേശം തെളിച്ചമുള്ളതാക്കാൻ സോളാർ വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്.
കോട്ടയത്തെ പ്രസിദ്ധമായ 'നാലുമണിക്കാറ്റ്' മാതൃകയിലാണ് ഈ വഴിയോര വിനോദ സഞ്ചാര പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. നവംബർ ഒന്നിന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ചുരുങ്ങിയ കാലം കൊണ്ടാണ് ജനശ്രദ്ധയാകർഷിച്ചത്. 50 ലക്ഷം രൂപ ചിലവഴിച്ച് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി യാഥാർത്ഥ്യമാക്കിയത്. കൃഷിയും പ്രകൃതിയും സംരക്ഷിച്ചുകൊണ്ട് വിനോദസഞ്ചാരത്തെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കൊടക്കവയൽ.
.jpg)


