കൗമാരക്കാർക്ക് വഴികാട്ടാൻ 'റിഥം'; വിദ്യാർഥികൾക്കായി സമഗ്ര മാനസികാരോഗ്യ- വ്യക്തിത്വ വികസന പദ്ധതി

കൗമാരക്കാർക്ക് വഴികാട്ടാൻ 'റിഥം'; വിദ്യാർഥികൾക്കായി സമഗ്ര മാനസികാരോഗ്യ- വ്യക്തിത്വ വികസന പദ്ധതി
rhythm
rhythm

കാസർകോട് : കാസർകോട് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ കൗമാരക്കാരായ വിദ്യാർഥികളുടെ മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിനും, ലഹരി ഉൾപ്പെടെയുള്ള ആസക്തികളിൽ നിന്നും മുക്തി ഉറപ്പുവരുത്തുന്നതിനുമുള്ള ബോധവത്ക്കരണവും ശാസ്ത്രീയ പിന്തുണയും നൽകാനാണ് 'റിഥം' പദ്ധതി രൂപംകൊണ്ടിരിക്കുന്നത്. കാസർകോട് ജില്ലാ പഞ്ചായത്ത് 2025-26 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി, നിർവഹണ ചുമതല ഏറ്റെടുത്തിരിക്കുന്നത് കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ആണ്.

tRootC1469263">

കാസർകോട് ജില്ലയിലെ കൗമാരക്കാരായ വിദ്യാർഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും, രാസലഹരിയുൾപ്പെടെയുള്ള പദാർത്ഥങ്ങളുടെ ദുരുപയോഗം മൂലം ഉണ്ടാകുന്ന ശാരീരിക-മാനസിക ആഘാതങ്ങളെക്കുറിച്ചും അവയുടെ നിയമപരവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചും വിദ്യാർഥികൾക്ക് അവബോധം നൽകുന്നതുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൂടാതെ കൗമാരഘട്ടത്തിൽ കുട്ടികളുടെ സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിയാനും അത് നേരിടുന്നതിനാവശ്യമായ സമീപനങ്ങൾ സ്വീകരിക്കാനും അധ്യാപകരെയും രക്ഷിതാക്കളേയും പ്രാപ്തരാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളിൽപ്പെടുന്നു.

ആവശ്യമായ സാഹചര്യങ്ങളിൽ കുട്ടികൾക്ക് കൗൺസലിംഗ്, വൈദ്യസഹായം തുടങ്ങിയ പിന്തുണകൾ നൽകുകയും, ലഹരി ഉൾപ്പെടെ കൗമാരക്കാർ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായി ജില്ലയിൽ നിലവിലുള്ള സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും ഏകോപിപ്പിക്കുകയും ചെയ്യാനാണ് പദ്ധതിയുടെ ശ്രമം. സഹായം ആവശ്യമുള്ള കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്ക് രഹസ്യസ്വഭാവം നിലനിർത്തി പോലീസ്, എക്‌സൈസ്, സാമൂഹികനീതി വകുപ്പുകൾ ഉൾപ്പെടെയുള്ള വിവിധ അധികാരകേന്ദ്രങ്ങളുടെയും സംവിധാനങ്ങളുടെയും പിന്തുണ ഉറപ്പാക്കാനും ഈ പദ്ധതി വഴി സാധ്യമാകും.

വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പ്രത്യേകം ഓറിയന്റേഷൻ പ്രോഗ്രാമുകളും, പിന്തുണാ സംവിധാനത്തിന്റെ രൂപീകരണവും ഉൾപ്പെടുത്തിയിട്ടുണ്ട്. കൗമാരക്കാരായ വിദ്യാർഥികൾക്കിടയിൽ ശാസ്ത്രീയ സമീപനത്തിലൂന്നിയ ഇടപെടലുകളും പിന്തുണയും ഉറപ്പാക്കുന്നതിനായി അധ്യാപകരെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാണ് റിഥം പദ്ധതി ലക്ഷ്യമിടുന്നത്.

അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും ഉൾപ്പെട്ട ഗുണഭോക്തൃ വിഭാഗങ്ങൾക്ക് പ്രത്യേക ഓറിയന്റേഷൻ പ്രോഗ്രാമുകൾ നടപ്പാക്കുന്നതിനൊപ്പം ജില്ലാ തലത്തിലും പ്രാദേശിക തലങ്ങളിലുമായുള്ള പിന്തുണാ സംവിധാനങ്ങളുടെ രൂപീകരണവും പുരോഗതി വിലയിരുത്തലും ഏകോപന സംവിധാനങ്ങളും ഉൾപ്പെടുത്തി മൂന്നു ഘട്ടങ്ങളിലായാണ് പദ്ധതിയുടെ നിർവഹണം ആസൂത്രണം ചെയ്തിരിക്കുന്നത്.

വിദ്യാർഥികളിൽ ശരിയായ ജീവിത വീക്ഷണം വളർത്താനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഈ പദ്ധതി സഹായകരമാകും. കൗമാരഘട്ടത്തിലെ സമ്മർദങ്ങൾക്കും സ്വഭാവ വ്യതിയാനങ്ങൾക്കും വഴങ്ങി വഴിതെറ്റുന്ന കുട്ടികളെ തിരികെ ജീവിതത്തിലേക്ക് എത്തിക്കാനും അവരെ സുരക്ഷിതരാക്കാനും നല്ല പൗരബോധമുള്ള നാളെയുടെ സമൂഹത്തെ വളർത്താനും 'റിഥം' പദ്ധതിയിലൂടെ സാധ്യമാകുമെന്നാണ് ജില്ലാ പഞ്ചായത്ത് പ്രതീക്ഷിക്കുന്നത്. മടിക്കൈയിൽ നടന്ന ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തിരുന്നു.

Tags