ടി.ബി മുക്ത ഭാരത് അഭിയാൻ ജോഷ്' ടീം രൂപീകരണവും ജില്ലാതല ഉദ്ഘാടനവും കാഞ്ഞങ്ങാട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി നിർവ്വഹിച്ചു

JOSH TEAM

പത്തനംതിട്ട :  കേന്ദ്രസംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയ ക്ഷയരോഗ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി 'ടി.ബി മുക്ത ഭാരത് അഭിയാൻ - JOSH (ജോയിന്റ് സ്‌ക്വാഡ് ഫോർ ഹെൽത്ത്)' ടീമിന്റെ ജില്ലാതല രൂപീകരണവും ഉദ്ഘാടനവും നടത്തി. കാഞ്ഞങ്ങാട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ. അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. പരിപാടിയുടെ ഉദ്ഘാടനവും ടി.ബി മുക്ത പഞ്ചായത്തുകളെ ആദരിക്കലും നിർവ്വഹിച്ചു.

പരിപാടിയിൽ ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ  സംഘടിപ്പിച്ച ദേശീയതല സമാരംഭത്തിന്റെ തത്സമയ സംപ്രേക്ഷണം, ടി.ബി ചാമ്പ്യൻമാരുടെ അനുഭവങ്ങൾ പങ്കുവെക്കൽ എന്നിവയും നടന്നു.കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൺ വി.വി രമേശൻ, എ.ഡി.എം പി. ഉദയകുമാർ എന്നിവർ വിശിഷ്ടാതിഥികളായി. ജില്ലാ ടി.ബി ഓഫീസർ ഡോ. കെ.സന്തോഷ് പദ്ധതി വിശദീകരിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ധന്യ ദയാനന്ദ് ടി.ബി മുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദ് മുറിയനാവി,  ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ.എ.കെ രേഷ്മ, പടന്നക്കാട് ജില്ലാ ആയുർവേദ ആശുപത്രി സി.എം.ഒ ഡോ. കെ. ബിന്ദു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം.രാജേഷ്, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.വി ഹരിദാസ് എന്നിവർ സംസാരിച്ചു. ടി.ബി ചാമ്പ്യൻ പി.കെ താഹിർ ഇസ്മായിൽ അനുഭവങ്ങൾ പങ്കുവെച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. രേഖ കെ.ടി. സ്വാഗതവും ജില്ലാ എഡ്യുക്കേഷൻ ആന്റ മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ നന്ദിയും പറഞ്ഞു.

ചടങ്ങിൽ ടി.ബി മുക്ത് പഞ്ചായത്ത് ഗോൾഡ് മെഡൽ നേടിയ വലിയപറമ്പ, കയ്യൂർ-ചീമേനി, ചെറുവത്തൂർ, ബെള്ളൂർ പഞ്ചായത്തുകൾ, സിൽവർ മെഡൽ നേടിയ കുറ്റിക്കോൽ, ബേഡഡുക്ക, പനത്തടി, കള്ളാർ, ബളാൽ, മടിക്കൈ പഞ്ചായത്തുകൾ, ബ്രോൺസ് മെഡൽ നേടിയ വെസ്റ്റ് എളേരി, നീലേശ്വരം മുനിസിപ്പാലിറ്റി, കാസർകോട് മുനിസിപ്പാലിറ്റി, കോടോം ബേളൂർ, ഈസ്റ്റ് എളേരി, പിലിക്കോട്, പുല്ലൂർ പെരിയ പഞ്ചായത്തുകളെ ആദരിച്ചു.

യുവജന പങ്കാളിത്തത്തിലൂടെ ക്ഷയരോഗ നിർമ്മാർജ്ജനം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, കായിക യുവജന മന്ത്രാലയം, പ്രതിരോധ മന്ത്രാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് 'ജോഷ്' (JOSH - Joint Squad for Health) പദ്ധതി നടപ്പിലാക്കുന്നത്. ക്ലാസ്-1 നോഡൽ ഓഫീസറുടെ നേതൃത്വത്തിൽ മൈ ഭാരത്  വോളന്റിയർമാരും എൻ.സി.സി. കേഡറ്റുകളും ഉൾപ്പെടുന്ന 10 അംഗ ടീമുകളാണ് ബ്ലോക്ക്/വാർഡ് തലങ്ങളിൽ പ്രവർത്തിക്കുക. ക്ഷയരോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണം, വീടുവീടാന്തരമുള്ള പരിശോധനകൾ, ഫീൽഡ് തല പ്രവർത്തനങ്ങൾ എന്നിവ ഡിജിറ്റലായി രേഖപ്പെടുത്തുന്നതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും സജ്ജമാക്കിയിട്ടുണ്ട്. ജനപങ്കാളിത്തത്തോടെയുള്ള ഈ കൂട്ടായ പ്രവർത്തനം 'ടി ബി മുക്ത ഭാരതം' എന്ന ലക്ഷ്യം വേഗത്തിൽ കൈവരിക്കാൻ സഹായിക്കും.
 

Tags