മഴ വരുമെന്ന് നേരത്തെ എങ്ങനെ അറിയാം? കളക്ടറോട് കുട്ടികൾ..

RAINKASRKOD

കാസർ​ഗോട് : മഴയുള്ള ദിവസങ്ങളിൽ കളക്ടർ അവധി നൽകാറുണ്ടല്ലോ മഴ വരുമോ എന്ന് നേരത്തെ എങ്ങനെ അറിയാം? ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനോട് കുട്ടികളുടെ ചോദ്യം നമസ്തേ കളക്ടർ പരിപാടിയിൽ പങ്കെടുത്ത ചെർക്കള ജി എം യു പി എസിലെ കുട്ടികൾക്ക് കളക്ടറോട് ചോദിക്കാൻ ചോദ്യങ്ങൾ ഏറെ. കാസർകോട് ജില്ലയെ ശിശു സൗഹാർദ ജില്ലയാക്കാൻ എന്തൊക്കെ ചെയ്യുമെന്ന കുട്ടികളുടെ ചോദ്യത്തിന് അംഗനവാടികൾ മെച്ചപ്പെടുത്തുന്നതിലും സ്കൂളിന്റെ ഭൗതിക സാഹചര്യം വികസിപ്പിക്കുന്നതിനും ജില്ലാ ഭരണകൂടം ഏറെ ശ്രദ്ധ നൽകുന്നുണ്ടെന്ന് കളക്ടർ മറുപടി നൽകി. കളിക്കാൻ മൈതാനം ഇല്ലെന്ന് പറഞ്ഞ കുട്ടികളോട് സ്കൂളിൻ്റെ സമീപത്തായി പുറമ്പോക്ക് ഭൂമിയുണ്ടോയെന്ന് പരിശോധിക്കുമെന്ന് കളക്ടർ അറിയിച്ചു. ജോലിയും കുടുംബവും എങ്ങനെ ഒരുമിച്ചു കൊണ്ടു പോകുന്നു,ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം, സ്കൂളിൽ ഏറ്റവും ഇഷ്ടപ്പെട്ട വിഷയം ഏതായിരുന്നു തുടങ്ങി ഒരുപിടി ചോദ്യങ്ങളാണ് കുട്ടികൾ കളക്ടറോട് ചോദിച്ചത്

ഈ ജില്ല ഇഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് ഇതുവരെ എട്ട് ജില്ലകളിൽ  ജോലി ചെയ്തിട്ടുണ്ടെന്നും കാസർകോട് സാംസ്കാരികമായും ഭാഷാപരമായും ഏറെ വ്യത്യസ്തതയുള്ള ജില്ലയാണെന്ന് കളക്ടർ പറഞ്ഞു. ജോലിയിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്തെന്ന കുട്ടികളുടെ ചോദ്യത്തിന് ഓരോ കാലത്തും വെല്ലുവിളികൾ വ്യത്യസ്തമാണെന്നും എപ്പോഴും ശുഭാപ്തി വിശ്വാസത്തോടെ ഇരുന്നാൽ എല്ലാം പരിഹരിച്ചു പോകാൻ സാധിക്കുമെന്നും കളക്ടർ പറഞ്ഞു. സ്ക്കൂളിന് പുതിയ കെട്ടിടം വേണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടു പരിശോധിക്കാമെന്ന് ജില്ലാ കളക്ടർ ഉറപ്പ് നൽകി.

 ഞങ്ങളുടെ സ്കൂളിൽ കളക്ടർ സാർ തീർച്ചയായും വരണമെന്ന്  ക്ഷണിച്ചതിനുശേഷമാണ് കുട്ടികൾ പിരിഞ്ഞു പോയത്. വരാമെന്ന് കളക്ടർ ഉറപ്പ് നൽകിയതോടെ കുട്ടികൾ ഹാപ്പിയായി.

 ഓരോ ദിവസവും പുതിയതെന്തെങ്കിലും പഠിച്ചെടുക്കണമെന്നും ലഹരി ഉപയോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയും മറ്റുള്ളവരെ വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുകയും ചെയ്യണമെന്നും കളക്ടർ പറഞ്ഞു. പരിപാടിയിൽ വിദ്യാർത്ഥികളായ ആദിനാഥ് വരച്ച  കളക്ടറുടെ ചിത്രവും ഷൈസാൻ നിർമ്മിച്ച പെൻ ബോക്സും കളക്ടർക്കു സമ്മാനിച്ചു.പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് ചോക്ലേറ്റ് നൽകിയ കളക്ടർ  സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു .ചെർക്കള ജി എം യു പി എസിലെ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന 29 കുട്ടികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘമാണ്  നമസ്തേ കളക്ടറിൽ പങ്കെടുത്തത്.

വിദ്യാർത്ഥികളും ജില്ലാ സംവിധാനവും തമ്മിലുള്ള  അകലം ഇല്ലാതാക്കാൻ ജില്ലാ ഭരണകൂടം ആവിഷ്കരിച്ച പദ്ധതിയാണ് 'നമസ്തേ കളക്ടർ'. പരിപാടിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് dcipksd@gmail.com എന്ന ഇമെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യാം.

Tags