പ്രീ-പ്രൈമറി പഠനം ഇനി വർണ്ണാഭമാകും; കാസർഗോട് ജില്ലയിലെ 57 സ്‌കൂളുകളിൽ വർണ്ണ കൂടാരം' സജ്ജം
കാസർഗോട് : കുരുന്നുകളുടെ പ്രീ-പ്രൈമറി വിദ്യാഭ്യാസം കൂടുതൽ സന്തോഷകരവും അനുഭവസമ്പന്നവുമാക്കാൻ ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ) നടപ്പിലാക്കുന്ന 'വർണ്ണ കൂടാരം' പദ്ധതി പുരോഗമിക്കുന്നു. ജില്ലയിലെ 61 പ്രീ-പ്രൈമറി സ്‌കൂളുകളിൽ 57 ഇടങ്ങളിൽ ആധുനിക പഠനസൗകര്യങ്ങൾ ഉള്ള വർണ്ണ കൂടാരം പ്രീ പ്രൈമറി സ്‌കൂൾ സജ്ജീകരിച്ചു. ബാക്കിയുള്ള സ്‌കൂളുകളിലെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ജില്ലയിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കിയ ആദ്യ രണ്ട് സ്‌കൂളുകൾക്ക് 15 ലക്ഷം രൂപ വീതവും ബാക്കിയുള്ള സ്‌കൂളുകൾക്ക് ഓരോ സ്‌കൂളിനും 10 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. ഇതിന് പുറമെ സ്‌കൂളുകളുടെ തനത് ഫണ്ടുകളും പ്രയോജനപ്പെടുത്തി അടിസ്ഥാന സൗകര്യ വികസനവും പഠനോപകരണങ്ങളുടെ സജ്ജീകരണവും പൂർത്തിയാക്കുന്നു. അറിവ് അടിച്ചേൽപ്പിക്കുന്ന രീതിയിൽ നിന്ന് മാറി, കളിയിലൂടെയും കലയിലൂടെയും വായനയിലൂടെയും കുട്ടികൾ സ്വാഭാവികമായി അറിവ് ആർജ്ജിക്കാനുള്ള അന്തരീക്ഷമാണ് 'വർണ്ണ കൂടാരം' ഒരുക്കുന്നത്.
കുട്ടികളുടെ സർഗാത്മകതയും ബുദ്ധിവികാസവും ശാസ്ത്രീയമായ പ്രീ പ്രൈമറി വിദ്യാഭ്യാസവും ലക്ഷ്യമിട്ട് 13 വിധത്തിലുള്ള പഠന പ്രവർത്തനയിടങ്ങളാണ് സജ്ജീകരിക്കുന്നത്. കുട്ടികളെ എഴുത്തുകൾ പരിശീലിപ്പിക്കുന്ന എഴുത്തിടങ്ങൾ, ചിത്രകലയെ പ്രോത്സാഹിപ്പിക്കുവാൻ വരയിടങ്ങൾ, കുട്ടികളുടെ അവതരണങ്ങൾ നടത്തുവാനുള്ള കുഞ്ഞരങ്ങുകൾ, സംഗീതത്തെ പരിചയപ്പെടുത്തുന്ന സംഗീതയിടം, പുറംവാതിൽ കളി ഉപകരണങ്ങൾ, വായനക്കോണുകൾ, ഗണിത-വിജ്ഞാന കോണുകൾ, കളിപ്പാട്ട മേഖലകൾ തുടങ്ങിയ സൗകര്യങ്ങൾ ഭാഷാ കഴിവും സാമൂഹിക ഇടപെടൽ ശേഷിയും വികസിപ്പിക്കാൻ സഹായകരമാകും.
ചുമർ ചിത്രങ്ങളും മനോഹരങ്ങളായ പൂന്തോട്ടങ്ങളും 'വർണ്ണ കൂടാരം' പദ്ധതിയുടെ ഭാഗമായതിനാൽ സ്‌കൂളിന്റെ മുഖച്ഛായ തന്നെ മാറ്റുവാൻ ഈ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. ഒന്നരക്കോടി രൂപ ചെലവിൽ ജി.എച്ച്.എസ്.എസ് കാറഡുക്ക സ്‌കൂളിൽ മോഡൽ പ്രീപ്രൈമറി സ്‌കൂളിനായുള്ള കെട്ടിട നിർമ്മാണത്തിന് എസ്.എസ്.കെയിൽ നിന്ന് അനുമതിയും ലഭ്യമായിട്ടുണ്ട്.
2021-22 അധ്യയന വർഷത്തിൽ ആരംഭിച്ച പദ്ധതി പ്രാരംഭ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നു. കെട്ടിടങ്ങളുടെ ആകർഷക രൂപകൽപനയ്‌ക്കൊപ്പം അധ്യാപക പരിശീലനവും പഠനസാമഗ്രികളുടെ ശാസ്ത്രീയ വിനിയോഗവും പദ്ധതിയുടെ ഭാഗമായി ഉറപ്പുവരുത്തുന്നു. വർണ്ണക്കൂടാരത്തിലൂടെ സന്തോഷകരമായ പഠനപരിസരം ഉറപ്പാക്കുന്നതിലൂടെ ജില്ലയിലെ പ്രീ-പ്രൈമറി വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ മാറ്റം സൃഷ്ടിക്കുന്നുണ്ടെന്ന് എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ വി.എസ് ബിജുരാജ് പറഞ്ഞു.
.jpg)

