കുഞ്ഞുങ്ങളുടെ 'ചിരി' വീണ്ടെടുക്കാൻ പോലീസ്; 'ഡി-ഡാഡും' സജ്ജം
കാസർഗോട് :കുഞ്ഞുങ്ങളുടെ പുഞ്ചിരിക്ക് നിറം പകരുകയാണ് കേരള പോലീസിന്റെ 'ചിരി' പദ്ധതി. മഹാമാരിക്കാലത്തെ അടച്ചിടലുകൾ കുട്ടികളുടെ ലോകത്തെ നിശബ്ദമാക്കിയപ്പോൾ, അവർക്ക് കരുതലായി കേരള പോലീസിന്റെ നേതൃത്വത്തിലാണ് ചിരി പദ്ധതി ആവിഷ്‌കരിച്ചത്. സ്‌ക്രീനുകളിലേക്ക് ചുരുങ്ങിയ പഠനകാലം കുട്ടികളിലുണ്ടാക്കിയ കടുത്ത മാനസിക സമ്മർദ്ദത്തിന് ശാസ്ത്രീയമായ പരിഹാരം കാണുകയാണ് ഈ പദ്ധതി.
tRootC1469263">ലോക്ക്ഡൗൺ കാലയളവിൽ സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ വർധിച്ചു വന്ന ആത്മഹത്യാ പ്രവണതയെന്ന യാഥാർത്ഥ്യത്തെ പ്രതിരോധിക്കാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പദ്ധതി ആവിഷ്‌കരിച്ചത്. കുട്ടികളുടെ വൈകാരികവും വ്യക്തിപരവുമായ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് അവർക്ക് സുരക്ഷിതമായ ബാല്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് തിരുവനന്തപുരത്തെ 'ക്യാപ്' ഹൗസ് വഴിയാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം ജില്ലയിൽ മാത്രം ഇതുവരെ 238 കോളുകളാണ് പദ്ധതിയുടെ ഭാഗമായി രജിസ്റ്റർ ചെയ്തത്. ഇതിൽ 65 'ഡിസ്ട്രസ്റ്റ്' കോളുകളും, 24 ഡിജിറ്റൽ അഡിക്ഷൻ കോളുകളും ഉൾപ്പെടുന്നു. കൂടാതെ 11 മെന്റൽ സ്‌ട്രെസ് കോളുകളും, പഠന സംബന്ധമായ ഏഴ് കോളുകളും, കുടുംബ പ്രശ്‌നങ്ങൾ സൂചിപ്പിക്കുന്ന രണ്ട് കോളുകളും, തുടർപഠനവുമായി ബന്ധപ്പെട്ട 19 കോളുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എ.എസ്.പി സി.എം ദേവദാസ് ജില്ലാ ഓഫീസറായും എസ്.ഐ പി.കെ. രാമകൃഷ്ണൻ അസിസ്റ്റന്റ് ഓഫീസറായും ജില്ലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. 24 മണിക്കൂറും സേവനം ലഭ്യമാകുന്ന തരത്തിലാണ് ജില്ലയിലെ ചിരിയുടെ പ്രവർത്തനം സജ്ജീകരിച്ചിരിക്കുന്നത്.
ഡിജിറ്റൽ സംവിധാനങ്ങളുടെ അമിത ഉപയോഗം മൂലം കുട്ടികളിലുണ്ടാകുന്ന മാനസിക പിരിമുറുക്കവും സമ്മർദ്ദവും അതിനെത്തുടർന്നുണ്ടാകുന്ന അപകടകരമായ സാഹചര്യങ്ങളും പരിഹരിക്കുന്നതിനായി ജില്ലയിൽ പ്രത്യേക ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്ററായ ഡി-ഡാഡും പ്രവർത്തിക്കുന്നു. മൊബൈൽ ഫോണിനും ഇന്റർനെറ്റിനും അടിമകളായി മാറുന്ന കുട്ടികളെ ആ ശീലത്തിൽ നിന്ന് മോചിപ്പിക്കുക എന്നതാണ് ഈ സെന്ററിന്റെ പ്രധാന ലക്ഷ്യം. ഇവിടെ ഒരു സൈക്കോളജിക്കൽ കൗൺസിലറുടെയും കോർഡിനേറ്ററുടെയും സേവനം മുഴുവൻ സമയവും ലഭ്യമാണ്. കുട്ടികൾക്ക് അവരുടെ സമപ്രായക്കാരായ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളോട് സംസാരിക്കാൻ സാധിക്കുന്ന 'പിയർ ടു പിയർ' സപ്പോർട്ട് സംവിധാനവും ചിരിയുടെ സവിശേഷതയാണ്. ഗുരുതരമായ മാനസിക പ്രശ്‌നങ്ങളുള്ള കുട്ടികളെ മനഃശാസ്ത്രജ്ഞർ അടങ്ങുന്ന വിദഗ്ധ സമിതിയിലേക്ക് റഫർ ചെയ്യുകയും അവർക്ക് ആവശ്യമായ ചികിത്സയും കൗൺസിലിംഗും ഉറപ്പാക്കുന്നു.
.jpg)


