ദിശ ജില്ലാതല അവലോകനയോഗം നടന്നു ; പി.എം.ജി.എസ്.വൈ കഴിഞ്ഞ വർഷം വരെയുള്ള എല്ലാ റോഡുകളും പൂർത്തിയായി

DISHA

കാസർ​ഗോട് : ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കോഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ ജില്ലാതല അവലോകനയോഗം കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ രാജ് മോഹൻ ഉണ്ണിത്താൻ എം.പിയുടെ അധ്യക്ഷതയിൽ ചേർന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി തൊഴിലുറപ്പ് തൊഴിലാളികൾ മികച്ച പ്രകടനം കാഴ്ചവച്ചതായി വിലയിരുത്തി. 100 തൊഴിൽ ദിനങ്ങൾ ഉറപ്പുവരുത്താൻ സാധിച്ചതിൽ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരെ യോഗത്തിൽ അഭിനന്ദിച്ചു. കേന്ദ്ര പദ്ധതികൾ കേന്ദ്ര-സംസ്ഥാന ധനസഹായത്തോടെ ഫലപ്രദമായി ഉപയോഗിക്കാനും വിവിധ തലങ്ങളിൽ നിന്ന് ഏകോപനം ചെയ്യുന്നതിനുമായാണ് യോഗം ചേർന്നത്.

പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജനയിൽ പെടുത്തിയുള്ള റോഡ് നിർമ്മാണം കൂടുതൽ പരിസ്ഥിതി സൗഹാർദ്ദം ഉള്ളതാക്കും. പ്രധാനമന്ത്രി ഗ്രാം സഡക്ക് യോജനയിൽ പെടുത്തി കഴിഞ്ഞവർഷം വരെയുള്ള എല്ലാ റോഡുകളും പൂർത്തിയായി. ഒരു റോഡിൽ മാത്രം നെയിം ബോർഡുകൾ വെക്കാനുണ്ട്. ജലജീവൻ മിഷൻ പദ്ധതിയിൽ 36 കേന്ദ്രവിഷ്‌കൃത പദ്ധതികൾക്ക് പണം അനുവദിക്കും. നാഷണൽ സോഷ്യൽ അസിസ്റ്റന്റ് സ്‌കീമിൽ ജില്ലയിലെ ഭിന്നശേഷി, വയോജന പെൻഷൻ ഉൾപ്പെടെ 1,94,288 പേർ പെൻഷൻ ഗുണഭോക്താക്കളാണ്.  സൻസദ് ആദർശ് ഗ്രാമ യോജന പ്രകാരം അടിസ്ഥാന സൗകര്യ വികസനം ആവശ്യമുള്ള ഗ്രാമം ദത്തെടുക്കേണ്ടതുള്ളതിനാൽ അത്തരം ഗ്രാമങ്ങൾ മാനദണ്ഡങ്ങൾ പ്രകാരം ചൂണ്ടിക്കാണിക്കാൻ എം.പി നിർദ്ദേശം നൽകി. 

അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട പദ്ധതികൾ പുരോഗമിക്കുന്നു. ഉച്ചഭക്ഷണ പദ്ധതിയിൽപ്പെടുത്തി ഈ അധ്യയന വർഷം മുതൽ എല്ലാ സ്‌കൂളുകളിലും ഉച്ചഭക്ഷണം നൽകാൻ സാധിച്ചിട്ടുണ്ട്. 38 സ്‌കൂളുകൾക്ക് പ്രഭാത ഭക്ഷണവും നൽകുന്നുണ്ട്. മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന പരിപാടിയിൽ ഉൾപ്പെടുത്തി ജില്ലയിൽ 62 പൊതു ശൗചാലയങ്ങളും 'ശുചിമുറികളും നിർമ്മിക്കുന്നതിനുള്ള 'ടേക്ക് എ ബ്രേക്ക്' പദ്ധതിയിൽ 51 എണ്ണം പ്രവർത്തി പൂർത്തീകരിച്ചു.

കല്ലട്ര മാഹിൻ എം.എൽ.എ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പ്ലാനിങ് ഓഫീസർ ബി.എം അനിൽകുമാർ, വിവിധ ബ്ലോക്ക് പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് മെമ്പർമാർ പ്രസിഡന്റുമാർ എം.എൽ.എമാരുടെ പ്രതിനിധികൾ, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു. എൽ.എസ്.ജി.ഡി പ്രൊജക്റ്റ് ഡയറക്ടർ ടി.ടി സുരേന്ദ്രൻ സ്വാഗതവും എൽ.എസ്.ജി.ഡി അസിസ്റ്റന്റ് സെറികൾച്ചർ ഓഫീസർ മുഹമ്മദ് മദനി നന്ദിയും പറഞ്ഞു.

Tags