പരപ്പ ആസ്പിറേഷനൽ ബ്ലോക്ക് പ്രോഗ്രാം ; 20 ആരോഗ്യ കേന്ദ്രങ്ങൾ കൂടി എൻ.ക്യു.എ.എസ് പരിശോധനയ്ക്ക് തയ്യാറായി

ParappaAspirational

കാസർ​ഗോട് : നീതി ആയോഗിന്റെ പുരസ്‌കാരം നേടിയ പരപ്പ ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി പരപ്പ ബ്ക്കലെ 20 ആരോഗ്യകേന്ദ്രങ്ങൾ കൂടി എൻ.ക്യു.എ.എസ് പരിശോധനയ്ക്ക് തയ്യാറായി. നിലവിൽ ഏഴ് ആരോഗ്യകേന്ദ്രങ്ങൾ എൻ.ക്യു.എ.എസ് നിലവാരത്തിലുള്ളതാണ്. 44 ആരോഗ്യ കേന്ദ്രങ്ങളെ എൻ.ക്യു.എ.എസ് നിലവാരത്തിലേക്ക് എത്തിക്കുന്നതിനായി ഫണ്ട് ലഭിച്ചതിനെ തുടർന്ന് അതിനായുളള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. 

പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലും നോൺ കമ്മ്യൂണിക്കബിൾ ഡിസീസ് സ്‌ക്രീനിങ് ക്യാമ്പുകൾ സംഘടിപ്പിക്കാൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർദ്ദേശം നൽകി. പരപ്പ ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിന്റെ നടപ്പ് വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു ജില്ലാ കളക്ടർ. പട്ടിക വർഗ്ഗ ഉന്നതികളിലും ക്യാമ്പുകൾ നടത്തണം. ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കമുള്ള പോഷകാഹാര വിതരണം കൂടുതൽ കാര്യക്ഷമമാക്കണം. ടി.ബി രോഗികളെ കണ്ടെത്തുന്നതിൽ 90 ശതമാനം സക്‌സസ് റേറ്റാണ് നിലവിലുള്ളത്, പ്രവർത്തനം കാര്യക്ഷമമാക്കി മുഴുവൻ ഗ്രാമപഞ്ചായത്തുകളും  ടി.ബി മുക്തമാക്കാൻ സാധിക്കണമെന്നും കളക്ടർ പറഞ്ഞു. 

ബ്രെയിൻ ഹെൽത്ത് ഇനിഷ്യേറ്റീവ് പദ്ധതിയിൽ ജില്ലാ കോഡിനേറ്റർമാരെ നിയോഗിച്ചു. ഒ.പി വിജയകരമായി പ്രവർത്തിച്ചു വരുന്നു. ഇതുവരെ 2070 പേർ പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. 208 പേർക്ക് നാഡീ സംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തി, അതിൽ 73 പേരെ വിദഗ്ധ പരിശോധനയ്ക്കായി നിർദ്ദേശിച്ചു.പത്ത് സർക്കാർ സ്‌കൂളുകളിൽ ജിയോ ലാബുകൾ പൂർത്തിയായി. മാലോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, ചായോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ,പരപ്പ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ,അട്ടങ്ങാനം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, കാലിച്ചാനടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ,ബളാൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, പെരുമ്പട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ,ബളാന്തോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, തയ്യേനി ഗവൺമെന്റ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലാണ് ജിയോ ലാബുകൾ പൂർത്തിയായത്. ഇതിൽ ആറെണ്ണം ഉദ്ഘാടനം ചെയ്തിട്ടുണ്ട് ഗർഭിണികൾക്കുള്ള പോഷകാഹാര വിതരണം കള്ളാർ പഞ്ചായത്തിൽ 100 ശതമാനമാണ്.ഈസ്റ്റ് എളേരി പഞ്ചായത്തിൽ 75% വും പനത്തടിയിൽ 98.15 ശതമാനവും കിനാനൂർ കരിന്തളത്തിൽ 87.30% വും ബളാൽ 86. 05% വും പോഷകാഹാര വിതരണം നടത്തി. കാർഷിക മേഖലയിൽ മണ്ണുകളുടെ സാമ്പിൾ പരിശോധിച്ച് സോയിൽ ഹെൽത്ത് കാർഡുകൾ നൽകുന്ന പദ്ധതി 100 ശതമാനം പൂർത്തീകരിച്ചു.

ആസ്പിരെഷനൽ ബ്ലോക്ക് പ്രോഗ്രാമു ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടത്തുന്നതിന് കൂടുതൽ ക്യാമ്പുകൾ സംഘടിപ്പിക്കാനും പട്ടികവർഗ്ഗ മേഖലയിൽ മൊബൈൽ യൂണിറ്റുകളുടെ പ്രവർത്തനം ഊർജ്ജിതമാക്കാനും യോഗത്തിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർദേശിച്ചു.

യോഗത്തിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ബിന്ദു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.രജിത, എ.ലത, പി.വി അനു, എം.രാജൻ, ടി.വി ജയചന്ദ്രൻ, പി.രഘുനാഥ്, ജില്ലാ പ്ലാനിങ് ഓഫീസർ ടി.രാജേഷ്, എൽ.എസ്.ജി.ഡി ജോയിൻ ഡയറക്ടർ കെ.വി ഹരിദാസ്, ഡി.എം.ഒ കെ.ടി രേഖ, വനിത ശിശു വികസന വകുപ്പ് പ്രോഗ്രാം ഓഫീസർ എ.കെ ജംല റാണി, എന്നിവരും ജില്ലാ പഞ്ചായത്ത്, ശിശു വികസന വകുപ്പ്, പട്ടികവർഗ്ഗ വികസന വകുപ്പ്, കൃഷി, ശുചിത്വ മിഷൻ തുടങ്ങി വിവിധ വകുപ്പുകളിലെ പ്രതിനിധികളും പങ്കെടുത്തു.

Tags