ചോയ്യങ്കോട്, ബിരിക്കുളം ആരോഗ്യ കേന്ദ്രങ്ങൾക്ക് എൻ.ക്യു.എ.എസ് പദവി
കാസർകോട് : ജില്ലയിലെ രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ കൂടി ദേശീയ ഗുണനിലവാര അംഗീകാരമായ എൻ.ക്യു.എ.എസ് നിലവാരത്തിലേക്ക്. 90.68 ശതമാനം സ്‌കോർ നേടി ചോയ്യങ്കോട് ജനകീയ ആരോഗ്യ കേന്ദ്രവും 90.05 ശതമാനം സ്‌കോർ നേടി ബിരിക്കുളം ജനകീയ ആരോഗ്യ കേന്ദ്രവുമാണ് ഈ നേട്ടം കൈവരിച്ചത്. പുതിയ അംഗീകാരങ്ങളോടെ സംസ്ഥാനത്ത് എൻ.ക്യു.എ.എസ് പദവി ലഭിച്ച ആരോഗ്യ കേന്ദ്രങ്ങളുടെ ആകെ എണ്ണം 282 ആയി ഉയർന്നു. നിലവിൽ ഒമ്പത് ജില്ലാ ആശുപത്രികൾ, എട്ട് താലൂക്ക് ആശുപത്രികൾ, 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 47 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 170 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 34 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ ഈ പട്ടികയിൽ ഉൾപ്പെടുന്നു.
tRootC1469263">മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 12 സുപ്രധാന സേവന പാക്കേജുകളാണ് ചോയ്യങ്കോട്, ബിരിക്കുളം കേന്ദ്രങ്ങളിൽ ലഭ്യമാകുന്നത്. ഗർഭകാല-പ്രസവ രക്ഷാ പരിചരണം, ശിശു ആരോഗ്യ സേവനങ്ങൾ, കൗമാര ആരോഗ്യ പരിചരണം, കുടുംബാസൂത്രണ സേവനങ്ങൾ, പകർച്ച വ്യാധി നിയന്ത്രണം എന്നിവയാണ് പ്രധാനപ്പെട്ടത്. കൂടാതെ സാധാരണ രോഗങ്ങൾക്കുള്ള ഔട്ട്പേഷ്യന്റ് സേവനം, ജീവിതശൈലീ രോഗനിർണ്ണയവും ചികിത്സയും, കണ്ണ്-മൂക്ക്-തൊണ്ട സംബന്ധമായ പ്രാഥമിക പരിശോധനകൾ, അടിസ്ഥാന ദന്തസംരക്ഷണം, വയോജനാരോഗ്യ സേവനങ്ങളും പാലിയേറ്റീവ് കെയറും, അടിയന്തര മെഡിക്കൽ സഹായം, മാനസികാരോഗ്യ പരിശോധനയും കൗൺസിലിംഗും ഈ കേന്ദ്രങ്ങൾ വഴി ജനങ്ങൾക്ക് ഉറപ്പാക്കുന്നുണ്ടെന്ന് കിനാനൂർ കരിന്തളം എഫ്.എച്ച്.എസ്.സി മെഡിക്കൽ ഓഫീസർ പി.എൻ സുനിത പറഞ്ഞു.
അഞ്ച് വർഷത്തെ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെയും ഭരണസമിതിയുടെയും നേതൃത്വത്തിൽ നടത്തിയ ഇടപെടലുകൾ കേന്ദ്രങ്ങളുടെ മുഖച്ഛായ തന്നെ മാറ്റി. വേസ്റ്റ് മാനേജ്മെന്റ് പ്ലാന്റുകൾ, സോളാർ പാനലുകൾ, ഇന്റർനെറ്റ് സൗകര്യം, കുടിവെള്ള പ്യൂരിഫയറുകൾ, ചുറ്റുമതിൽ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചു.
ദേശീയ തലത്തിലുള്ള ഈ അംഗീകാരത്തിന് മൂന്ന് വർഷത്തെ കാലാവധിയാണുള്ളത്. ഓരോ വർഷവും സംസ്ഥാനതല പരിശോധനയും മൂന്ന് വർഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധനയും ഉണ്ടാകും. അംഗീകാരം ലഭിച്ച കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കും നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കും രണ്ട് ലക്ഷം രൂപ വീതവും ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും വാർഷിക ഇൻസെന്റീവ് ലഭിക്കും. മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലാണ് സാമ്പത്തിക സഹായം ലഭിക്കുക. ഈ തുക ആശുപത്രികളുടെ കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് വലിയ സഹായമാകും.
.jpg)


