നീലേശ്വരം താലൂക്കാശുപത്രിയിൽ പുതിയ ബ്ലോക്ക്: മന്ത്രി വീണാ ജോർജ് ശിലാസ്ഥാപനം നിർവഹിച്ചു

 NILESWARAM THALUK HOSPITAL

കാസർകോട് :  നീലേശ്വരം താലൂക്കാശുപത്രിയിൽ പുതിയ ബ്ലോക്ക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം  ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു. കിഫ്ബിയിൽ നിന്ന് അനുവദിച്ച 13 കോടി രൂപ വിനിയോഗിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിർമ്മിക്കുന്നത്. എം.രാജഗോപാലൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സാധാരണക്കാരായ നിരവധി പേർക്ക് വലിയ സഹായമാണ് നീലേശ്വരം താലൂക്കാശുപത്രി നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. കാലാനുസൃതമായി വർദ്ധിച്ചുവരുന്ന വിവിധ ആവശ്യങ്ങൾ പരിഗണിച്ച് ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. ഇതിനായി പ്രധാനപ്പെട്ട പല നവീകരണങ്ങളും വികസന പദ്ധതികളും ആശുപത്രിയിൽ നടപ്പിലാക്കും. സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ എല്ലാവർക്കും മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി സർക്കാർ വിപുലമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നഗരസഭ വൈസ് ചെയർപേഴ്‌സൺ പി.എം സന്ധ്യ, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ.വി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ ബി.അനീഷ്, പി.വി സതീശൻ, ഇ.ഷജീർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി രാംദാസ്, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി.വി. അരുൺ, നഗരസഭ സെക്രട്ടറി ആയുഷ് ജയരാജൻ, പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, താലൂക്കാശുപത്രി ജീവനക്കാർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. നീലേശ്വരം നഗരസഭ ചെയർമാൻ പി.പി മുഹമ്മദ് റാഫി സ്വാഗതവും താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.സോനു ബി.നായർ നന്ദിയും പറഞ്ഞു.

Tags