പാണ്ടിക്കോട്ട് പള്ളത്തിന് കരുതൽ; സംരക്ഷണം ഒരുക്കി മാതൃകയായി നീലേശ്വരം നഗരസഭ

NILESWARAMMUNICIPALITY

കാസർ​ഗോ‍ഡ് : പാണ്ടിക്കോട്ട് പള്ളത്തിന് സംരക്ഷണമൊരുക്കി നീലേശ്വരം സഗരസഭ. അപൂർവ്വ ജലസസ്യങ്ങൾ വളരുന്ന പള്ളത്തിന്റെ സംരക്ഷണത്തിനായി കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെയും നീലേശ്വരം നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ബി.എം.സി പദ്ധതി നടപ്പാക്കി. ബോർഡിന്റെ സാമ്പത്തികസഹായമായി മൂന്ന് ലക്ഷം രൂപയാണ് നഗരസഭയ്ക്ക് അനുവദിച്ചത്.

tRootC1469263">

അര ഏക്കറോളം വിസ്തൃതിയുള്ള പള്ളം നിരവധി ജീവജാലങ്ങൾക്ക് ആവാസവ്യവസ്ഥ ഒരുക്കുന്നതോടൊപ്പം സമീപ പ്രദേശങ്ങളിലെ ജലലഭ്യതയെയും ഗണ്യമായി സ്വാധീനിക്കുന്നുണ്ട്. ലോകത്ത് മറ്റെവിടെയും കാണാത്ത അപൂർവ്വ സസ്യങ്ങൾ ഇവിടെയുണ്ട് എന്നത് പാണ്ടിക്കോട്ട് പള്ളത്തെ വ്യത്യസ്തമാക്കുന്നു.  2016ൽ മുള്ളൻ കൃഷ്ണകേസരം, കാസർകോടൻ ബ്ലിക്‌സ എന്നീ സസ്യങ്ങൾ പള്ളത്തിൽ നിന്ന് കാസർകോട് ഗവൺമെന്റ് കോളേജിലെ സസ്യശാസ്ത്ര വിഭാഗം കണ്ടെത്തിരുന്നു.  

നെയ്തലാമ്പൽ വിഭാഗത്തിൽപ്പെടുന്ന മുള്ളൻ കൃഷ്ണകേസരം വയലറ്റ് നിറത്തിലുള്ള കേസരങ്ങളുള്ള മനോഹരമായ ജലസസ്യമാണ്. വിത്തിന്റെ ഇരുവശങ്ങളിലുമുള്ള നീണ്ട മുള്ളുകളാണ് ഇതിന്റെ പ്രത്യേകത. ഹൈഡ്രോക്യാരിറ്റ്‌സിയേ കുടുംബത്തിൽപ്പെട്ട കാസർകോടൻ ബ്ലിക്‌സയിൽ കാണപ്പെടുന്ന ജലപരാഗണ രീതി ഈ ജനസ്സിൽ ആദ്യമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2012ൽ ജില്ലയിൽ കണ്ടെത്തിയ മറ്റൊരു അപൂർവ്വ ജലസസ്യമായ തുള്ളുനാടൻ റോട്ടാലയും പള്ളത്തിൽ വളരുന്നു.

ഈ ജൈവ സമ്പത്തിന്റെ സംരക്ഷണത്തിനായി പള്ളത്തിന് ചുറ്റും കമ്പിവേലി കെട്ടി സംരക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്. വാഹനങ്ങൾ കഴുകുന്നത്  പോലെയുള്ള പ്രവൃത്തിയിലൂടെ പള്ളത്തിലെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാൻ പ്രത്യേകം മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. പ്രകൃതിയോടുള്ള കടമയെന്ന നിലയിൽ പാണ്ടിക്കോട്ട് പള്ളത്തിന്റെ സംരക്ഷണം നഗരസഭ ഗൗരവത്തോടെ എടുത്തിരിക്കുകയാണെന്നും ഭാവിയിലും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ നഗരസഭ മുന്നണിയിൽ തന്നെ തുടരുമെന്നും നഗരസഭാ അധ്യക്ഷ ടി.വി. ശാന്ത പറഞ്ഞു.

Tags