നാടിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന പദ്ധതികൾക്ക് ജനപ്രതിനിധികളുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് കെ നീലകണ്ഠൻ എം.എൽ.എ
നാടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് ജനപ്രതിനിധികളുടെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് കെ നീലകണ്ഠൻ എം.എൽ.എ പറഞ്ഞു. വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) പദ്ധതിയുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്കുള്ള പരിശീലന പരിപാടി എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. പദ്ധതി ഫലപ്രാപ്തിയിൽ എത്തിക്കാൻ ഉദ്യോഗസ്ഥരുടെയും പൂർണ പരിശ്രമം ആവശ്യമാണ്. കുടിവെള്ള ക്ഷാമവും കാലാവസ്ഥ വ്യതിയാനവും രൂക്ഷമാകുന്ന ലോകത്ത് വി.ബി.ജി.റാം.ജി പോലുള്ള പദ്ധതികൾ നാടിന് ഏറെ പ്രയോജനം ചെയ്യുമെന്ന് എം.എൽ.എ പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.വി ഹരിദാസ് അധ്യക്ഷത വഹിച്ചു.
അഞ്ച് സെഷനുകളായാണ് പരിശീലന പരിപാടി നടന്നത്. പദ്ധതി നിയമം,പദ്ധതി ആസൂത്രണം, നിർവഹണം,സാധ്യതകൾ പദ്ധതി യുമായി ബന്ധപ്പെട്ട് ഏറ്റെടുക്കാവുന്ന പ്രവർത്തികൾ, പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളുടെ ഘടനയും ചുമതലയും പദ്ധതിയുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനുള്ള മാർഗങ്ങൾ ഐടി,അനുബന്ധ വിഷയങ്ങൾ എന്നിവയെ സംബന്ധിച്ചാണ് പരിശീലനം നടന്നത്. പരിശീലനത്തിൽ 37 ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ പങ്കെടുത്തു.
പരിശീലനത്തിന് ജെ.പി.സി ഇൻ ചാർജ് ടി.ടി സുരേന്ദ്രൻ ജില്ലാ ഐ.ടി പ്രൊഫഷണൽ മുരളീധരൻ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ സി.കെ റസീന,ജില്ലാ എൻജിനീയർ സഅദ അബ്ദുറഹ്‌മാൻ, ജോയിന്റ് ബി. ഡി.ഒ പീതാംബരൻ എന്നിവർ നേതൃത്വം നൽകി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയാണ് വി.ബി.ജി.റാം.ജി എന്ന പേരിൽ പരിഷ്‌കരിച്ചിരിക്കുന്നത്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഒരു വർഷത്തിൽ നൂറുതൊഴിൽ ദിനങ്ങൾ ആയിരുന്നുവെങ്കിൽ വി.ബി.ജി.റാം.ജി പദ്ധതിയിൽ 125 തൊഴിൽ ദിനങ്ങൾ ആണ് വർഷംതോറും നൽകുക. വികസിത് ഭാരത് 2047 ദർശനത്തിന്റെ അടിസ്ഥാനത്തിൽ ഗ്രാമീണ മേഖലയിൽ പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, മഴവെള്ള സംഭരണം, ഭൂഗർഭജല പുനരുജ്ജീവനം, കാലാവസ്ഥാ വ്യതിയാനങ്ങളോടുള്ള പ്രതിരോധശേഷി എന്നിവ ഉറപ്പാക്കി ജീവിതനിലവാരം ഉയർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
.jpg)

