നവകേരളം സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം തൃക്കരിപ്പൂർ മണ്ഡലം കർമ്മ സമിതി അംഗങ്ങൾക്ക് പരിശീലനം നൽകി
കാസർകോട് : നവകേരളം സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടിയുടെ ഭാഗമായി തൃക്കരിപ്പൂർ നിയമസഭാ മണ്ഡലംതല കർമ്മ സമിതി അംഗങ്ങൾക്കുളള പരിശീലനം പടുവളത്തെ നീലേശ്വരം ബ്ലോക്ക് എക്സ്റ്റൻഷൻ സെന്ററിൽ നടന്നു. പിലിക്കോട്, കയ്യൂർ ചീമേനി, വലിയ പറമ്പ പഞ്ചായത്തുകളിലെ വളണ്ടിയർമാർക്കുള്ള ആദ്യഘട്ട പരിശീലനമാണ് നടന്നത്. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ പരിശീലനം ഉദ്ഘാടനം ചെയ്തു. നവ കേരള മിഷൻ ജില്ലാ കോർഡിനേറ്റർ കെ.ബാലകൃഷ്ണൻ, ജില്ലാ നിർവഹണ സമിതി അംഗങ്ങളായ കെ.അനിൽകുമാർ, കെ.വി ഹരിദാസ്, കെ.വി സുധാകരൻ, പി.വി പത്മനാഭൻ, പി.വി ദേവരാജൻ, വിജയൻ കാന, കെ.വി രാമകൃഷ്ണൻ, ആർഷ ജി നായർ, രേഷ്മ ബാലൻ, വി.വിനീത്, കെ ബാലചന്ദ്രൻ,നിയമസഭമണ്ഡല നിർവഹണ സമിതി അംഗങ്ങൾ, പഞ്ചായത്ത് തല നിർവഹണ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ലോകചരിത്രത്തിൽത്തന്നെ ആദ്യമായി ജനങ്ങളിലേക്ക് നേരിട്ടെത്തി, അവരുടെ അഭിപ്രായങ്ങൾ ശ്രദ്ധിച്ച്, വികസന സംവാദങ്ങളിൽ അവരെ പങ്കാളികളാക്കി, അതുവഴി നയരൂപീകരണത്തിന്റെ അവിഭാജ്യ ഘടകമാക്കുന്ന പദ്ധതിയാണ് നവകേരളം സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടി.സംസ്ഥാന സാമൂഹ്യ സന്നദ്ധസേനാംഗങ്ങളായ സന്നദ്ധപ്രവർത്തകർ ഓരോ വാർഡിലുമുള്ള വീടുകൾ, ഫ്ളാറ്റുകൾ, മറ്റ് താമസസ്ഥലങ്ങൾ, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ, തൊഴിൽശാലകൾ, കുടുംബശ്രീ, തൊഴിലുറപ്പ് കൂട്ടായ്മകൾ, ബസ്.ഓട്ടോ,ടാക്സി സ്റ്റാൻഡുകൾ, വായനശാലകൾ, ക്ലബ്ബുകൾ തുടങ്ങി വിവിധയിടങ്ങളിൽ സന്ദർശനം നടത്തി പഠന റിപ്പോർട്ട് തയ്യാറാക്കും.
ഓരോ വാർഡിലും നാല് സന്നദ്ധപ്രവർത്തകരെയാണ് ഇതിനായി നിയോഗിക്കുന്നത്. പ്രതിഫലം കൂടാതെ പ്രവർത്തിക്കുന്ന ഇവർക്ക് അംഗീകാരസൂചകമായി അപ്രീസിയേഷൻ സർട്ടിഫിക്കറ്റ് നൽകും. പ്രദേശിക വികസനാവശ്യങ്ങൾ, നിലവിലുള്ള പദ്ധതികളുടെ പോരായ്മകൾ, ക്ഷേമപദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള നിർദ്ദേശങ്ങൾ, സർക്കാർ സംരംഭങ്ങളെക്കുറിച്ചുള്ള പൊതു അഭിപ്രായങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന റിപ്പോർട്ട് സാമൂഹ്യജീവിതത്തിലെ വിവിധ പ്രശ്നങ്ങളെയും പ്രതിപാദിക്കും. 2026 മാർച്ച് മാസം 31-ാം തീയതിയോടെ പഠന റിപ്പോർട്ട് പൂർത്തിയാക്കി സർക്കാരിന് സമർപ്പിക്കാൻ സാധിക്കും വിധമാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്.
ജനകീയ പങ്കാളിത്തത്തോടെ നവകേരളം പടുത്തുയർത്താനുള്ള സംസ്ഥാന സർക്കാരിന്റെ പരിശ്രമത്തിന് കൂടുതൽ ആക്കവും ദിശാബോധവും നൽകാൻ ഈ പഠനപരിപാടിയ്ക്ക് സാധിക്കും. തങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും ആശയങ്ങളും സർക്കാരിക്കിലേയ്ക്ക് എത്തിക്കാനും നവകേരള സൃഷ്ടിയിൽ പങ്കു ചേരാനും നാട്ടിലെ ഓരോ പൗരനും അവസരം നൽകാനും ഇതിലൂടെ കഴിയും.
.jpg)


