നാൽപത്തിഒന്നാമത് ദേശീയ നേത്രദാന പക്ഷാചരണം ; ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു
കാസർഗോട് : ആഗസ്റ്റ് 25 മുതൽ സെപതംബർ എട്ട് വരെ നടത്തപ്പെടുന്ന ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയാരോഗ്യ ദൗത്യം, ജില്ലാ അന്ധതാ നിവാരണ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചെറുവത്തൂർ വി.വി മെമ്മോറിയൽ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം മീനാകുമാരി നിർവഹിച്ചു. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.നാരായണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.അജയ് രാജൻ ദിനാചരണ സന്ദേശം നൽകി. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ധന്യ ദയാനന്ദ് നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. സറീന സലാം, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.പൂമണി, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ശശിധരൻ പെരിങ്ങേത്ത്, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശാന്ത കന്യാടിൽ, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ്മഠത്തിൽ, ജില്ലാ ഓഫ്താൽമിക് കോർഡിനേറ്റർ ഓ.എ അജിതകുമാരി എന്നിവർ സംസാരിച്ചു. ചെറുവത്തൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ടി.എ രാജ്മോഹൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ പി.വി മഹേഷ്‌കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ബോധവത്കരണ സെമിനാറിൽ ജില്ലാ മൊബൈൽ ഒഫ്താൽമിക് സർജൻ ഡോ.അപർണ്ണ.എസ്, നീലേശ്വരം താലൂക്കാശുപത്രി ഒപ്റ്റോമെട്രിസ്‌റ് അജീഷ് കുമാർ.ആർ എന്നിവർ ക്ലാസ്സെടുത്തു. തുടർന്ന് നടന്ന നേത്രപരിശോധന ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്തു.
മരണ ശേഷം കണ്ണുകൾ ദാനം ചെയ്യുന്നതിനെയാണ് നേത്രദാനം എന്ന് പറയുന്നത്. മരണം സംഭവിച്ച് നാല് മുതൽ ആറ് മണിക്കൂറിനുള്ളിൽ കണ്ണിന്റെ കോർണിയ നീക്കം ചെയ്ത് നേത്ര ബാങ്കിലേക്ക് മാറ്റുകയും അവിടെ നിന്നും നേത്രപടലാന്ധതയുള്ളവർക്ക് നല്കുകയും ചെയ്യുന്നു. പത്ത് മിനിട്ട് മാത്രമാണ് ഇതിനാവശ്യമായ സമയം. കണ്ണട ധരിക്കുന്നവർക്കും തിമിര ശസ്ത്രക്രിയ കഴിഞ്ഞവർക്കുമെല്ലാം കണ്ണുകൾ ദാനം ചെയ്യാം. എന്നാൽ രക്താർബുദം ബാധിച്ചവർക്കും, ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ്, എയ്ഡ്‌സ്, പേവിഷബാധ എന്നീ രോഗങ്ങൾ ബാധിച്ച് മരണപ്പെട്ടവർക്കും കണ്ണുകൾ ദാനം ചെയ്യാൻ കഴിയില്ല. ഏതു പ്രായത്തിലുള്ളവർക്കും നേത്രദാനത്തിന് രജിസ്റ്റർ ചെയ്യാം. മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി, സ്വകാര്യ കണ്ണാശുപത്രികൾ എന്നിവിടങ്ങളിലെല്ലാം ഇതിന് സൗകര്യമുണ്ട്.
നേത്രപടലത്തിന്റെ സുതാര്യത നഷ്ടപ്പെട്ട് പ്രകാശ രശ്മികൾ കടന്നു പോകാൻ കഴിയാതെ കാഴ്ച്ച നഷ്ടപ്പെടുന്ന അവസ്ഥയാണ് നേത്രപടലാന്ധത. കണ്ണിനെ ബാധിക്കുന്ന ചില അണുബാധകൾ, രാസവസ്തുക്കൾ മൂലമുള്ള പരിക്കുകൾ, മുറിവുകൾ, പൊള്ളൽ, വൈറ്റമിൻ എ യുടെ കുറവ് എന്നിവയാണ് നേത്രപടലാന്ധതയുടെ പ്രധാന കാരണങ്ങൾ. കേടായ നേത്രപടലം ശസ്ത്രക്രിയയിലൂടെ മാറ്റി കേടുപാടില്ലാത്ത മറ്റൊന്ന് അതേ അളവിൽ തുന്നിപിടിപ്പിക്കുന്ന കെരറ്റോപ്ലാസ്റ്റി എന്ന ശാസ്ത്രക്രിയയാണ് ഈ അവസ്ഥയുടെ പരിഹാരം. നേത്രദാനത്തിലൂടെ ലഭിക്കുന്ന കണ്ണുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
നേത്രദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് എല്ലാ വർഷവും ആഗസ്ത് 25 മുതൽ സെപ്തംബർ എട്ട് വരെ ദേശീയ നേത്രദാന പക്ഷാചരണം സംഘടിപ്പിക്കുന്നത്. 'കണ്ണുകൾ ദാനം ചെയ്യാം, കാഴ്ചയുടെ വെളിച്ചം പകരാം, ജീവിതങ്ങൾക്ക് പ്രകാശമേകാം' എന്നതാണ് ഈ വർഷത്തെ നേത്രദാന പക്ഷാചരണ പ്രമേയം. കാഴ്ച വൈകല്യമുള്ളവരുടെ ജീവിതത്തിലേക്ക് പ്രകാശം പകരാനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും നേത്രദാനം വഴിയൊരുക്കുമെന്ന സന്ദേശമാണ് ഈ പ്രമേയം മുന്നോട്ടുവെക്കുന്നത്.
.jpg)

