നമസ്തേ കളക്ടറിൽ പങ്കെടുത്ത് വെള്ളിക്കോത്ത് പി സ്മാരക ജി.വി .എച്ച്.എസ്.എസിലെ കുട്ടികൾ
കാസർഗോട് : ജില്ലാ കളക്ടറുമായി നേരിട്ട് സംവദിക്കുന്ന നമസ്തേ കളക്ടർ പരിപാടിയിൽ മഹാകവി പി സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ പങ്കെടുത്ത് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനുമായി സംവദിച്ചു. നമസ്തേ കളക്ടർ പതിനാലാമത്തെ ആഴ്ചയാണ്.
25 ജൂനിയർ റെഡ് ക്രോസ് കേഡറ്റുകളും മൂന്ന് അധ്യാപകരും ആണ് ബുധനാഴ്ച പരിപാടിയിൽ പങ്കെടുത്തത്. സ്കൂളിന് സമീപമുള്ള റോഡിൽ സീബ്രാ ലൈൻ വേണമെന്നുള്ള ആവശ്യം കുട്ടികൾ ഉന്നയിച്ചു. പഞ്ചായത്ത് റോഡ് ആയതിനാൽ വേഗത്തിൽ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് കളക്ടർ നിർദ്ദേശം നൽകി. വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു. സിവിൽ സർവീസിനെ കുറിച്ച് കുട്ടികളുടെ സംശയത്തിന് മറുപടി നൽകി. പങ്കെടുത്ത കുട്ടികൾക്ക് ജില്ലാ കളക്ടർ സർട്ടിഫിക്കറ്റുകൾ നൽകി. കുട്ടികളോടൊപ്പം . ഫോട്ടോ എടുത്താണ് പിരിഞ്ഞത്. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാൻ എം വിനോദും പങ്കെടുത്തു. ഓണ പരീക്ഷ, ഓണാവധി കാരണം കുട്ടികളുടെ അസൗകര്യം പരിഗണിച്ച് കഴിഞ്ഞ മാസം നമസ്‌തേ കളക്ടർ പരിപാടിയുണ്ടായിരുന്നില്ല.
ജില്ലാ ഭരണകൂടവും കുട്ടികളും തമ്മിലുള്ള അകലം കുറയ്ക്കുന്നതിന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ആവിഷ്കരിച്ച പദ്ധതിയാണ് നമസ്തേ കളക്ടർ.എല്ലാ ബുധനാഴ്ചകളിലാണ് നമസ്തേ കളക്ടർ നടത്തുന്നത്. സ്ക്കൂൾ, കോളേജ് വിദ്യാർത്ഥികളുമായി ജില്ലാ കളക്ടർ നേരിട്ട് സംവദിക്കുന്നതാണ് പരിപാടി. നമസ്തേ കളക്ടറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് dcipksd@gmail.com എന്ന ഇമെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യാം.
.jpg)

