ക്ഷീരമേഖലയുടെ വളർച്ചയ്ക്ക് ഗുണമേന്മയുള്ള പാലും ഉപഭോക്തൃ സംതൃപ്തിയും പ്രധാനം: എം.പി രാജ്മോഹൻ ഉണ്ണിത്താൻ
കാസർഗോട് :ക്ഷീരമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഗുണമേന്മയുള്ള പാലും പാലുൽപ്പന്നങ്ങളും ഉപഭോക്താക്കൾക്ക് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് ജില്ലാ ക്ഷീരവികസന വകുപ്പ്, ഗുണനിയന്ത്രണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാൽ ഉപഭോക്തൃ മുഖാമുഖം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. നീലേശ്വരം ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ സഹകരണത്തോടെ മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർമാൻ പി.പി.മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ ധവളവിപ്ലവത്തിന്റെ പിതാവായ ഡോ.വർഗീസ് കുര്യന്റെ ജന്മദിനമായ നവംബർ 26 ദേശീയ ക്ഷീരദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ സ്മരണ പുതുക്കി. മാതൃക ക്ഷീര സംരംഭകയായ ഉദുമ മിൽക്കാ ഡയറി സംരംഭക എം.ആരിഫാബിയെ ചടങ്ങിൽ ആദരിച്ചു.
തുടർന്ന് 'പാലും പാലുൽപ്പന്നങ്ങളും ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും' എന്ന വിഷയത്തിൽ ജില്ലാ ഗുണനിയന്ത്രണ ഓഫീസർ പി.എച്ച്.സിനാജുദ്ധീൻ ക്ലാസെടുത്തു. നീലേശ്വരം സീനിയർ ക്ഷീരവികസന ഓഫീസർ സ്മിതമാരാരുടെ നേതൃത്വത്തിൽപാൽ ഉത്പ്പന്നങ്ങളെ പരിചയപ്പെടുത്തലും ഡെമോൺസ്ട്രേഷനും നടന്നു. ഉദുമയിലെ മിൽക്കാ ഡയറി സംരംഭക എം.ആരിഫാബി ഡെമോൺസ്ട്രേഷൻ നടത്തി.
ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ. ഉഷാദേവി വിഷയം അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.വി. സുരേന്ദ്രൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.ചന്ദ്രമതി കൗൺസിലർമാരായ ഇ.ഷജീർ, പി.സുനിത, പി.വിനോദ്കുമാർ, നീലേശ്വരം പ്രസ്ഫോറം പ്രസിഡന്റ് സേതു ബങ്കളം, നീലേശ്വരം ഐ.സി.ഡി.എസ്. സൂപ്പർവൈസർ ജെസ്സി ജോർജ് തുടങ്ങിയവർ സംസാരിച്ചു. നീലേശ്വരം ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡന്റ് മാമുനി വിജയൻ സ്വാഗതവും നീലേശ്വരം ഡയറി ഫാം ഇൻസ്പെക്ടർ പി.വി. രജിമ നന്ദിയും പറഞ്ഞു.
.jpg)

