കാസർകോടിന്റെ അടയാളമായി 'അമ്മയും കുഞ്ഞും'; ജില്ലാ പഞ്ചായത്ത് മുറ്റത്തെ ശില്പം അതിവേഗം പൂർത്തിയാകുന്നു

shilpam


കാസർ​ഗോട് : വിഖ്യാത ശില്പി കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത, കാസർകോട് ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് നിർമ്മാണം പുരോഗമിക്കുന്ന 'അമ്മയും കുഞ്ഞും' ശില്പം വൈകാതെ നാടിന് സമർപ്പിക്കും. പ്രായാധിക്യം കണക്കിലെടുക്കാതെ ശില്പി നേരിട്ടെത്തിയാണ് ശില്പത്തിന്റെ അവസാനഘട്ട മിനുക്കുപണികൾക്ക് നേതൃത്വം നൽകുന്നത്. എൻഡോസൾഫാൻ ദുരിതബാധിതരുടെ അതിജീവനത്തിന്റെയും വേദനയുടെയും പ്രതീകമായി ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്ത ഈ ചരിത്രസ്മാരകം, പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് പൂർണ്ണമാകുന്നത്.

tRootC1469263">

വാർദ്ധക്യസഹജമായ ശാരീരിക ബുദ്ധിമുട്ടുകൾ അവഗണിച്ചാണ് കാനായി കുഞ്ഞിരാമൻ ഈ ദൗത്യം പൂർത്തിയാക്കാൻ വീണ്ടും എത്തിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലുണ്ടായ വീഴ്ചയെത്തുടർന്ന് മാസങ്ങളോളം ചികിത്സയിലായിരുന്ന അദ്ദേഹം, ഭാര്യ നളിനിയുടെ പിന്തുണയോടെയാണ് 40 അടി ഉയരമുള്ള ഈ കോൺക്രീറ്റ് ശില്പത്തിന്റെ ഓരോ ചലനവും വിലയിരുത്തുന്നത്. തമിഴ്‌നാട്ടിലെ മാർത്താണ്ഡത്തുനിന്നുള്ള വിദഗ്ധ തൊഴിലാളികൾ നിലവിൽ ശില്പത്തിന്റെ ഉപരിതല ജോലികളിൽ വ്യാപൃതരാണ്.

കാസർകോട് ജില്ലാ പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം ഇതൊരു സുപ്രധാന നാഴികക്കല്ലാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പലവിധ കാരണങ്ങളാൽ ശില്പത്തിന്റെ നിർമ്മാണം ഇടക്കാലത്ത് നിലച്ചുപോയിരുന്നുവെങ്കിലും, എത്രയും വേഗം പണികൾ പൂർത്തിയാക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് ഇപ്പോഴത്തെ ഭരണസമിതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും മാസങ്ങൾക്കുള്ളിൽ തന്നെ നിർമ്മാണം പൂർത്തിയാക്കി ശില്പം ജനങ്ങൾക്കായി തുറന്നുനൽകാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. കാസർകോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഈ ശില്പം വലിയൊരു അടയാളപ്പെടുത്തലായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

Tags