മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി മൊബൈൽ ഫിഷ് വെൻഡിങ് കിയോസ്കുകൾ
കാസർഗോട് : മത്സ്യവിപണന രംഗത്ത് തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരമാവുകയാണ് കേരള സർക്കാരിന്റെ പുതുതായി നടപ്പിലാക്കിയ മൊബൈൽ ഫിഷ് വെൻഡിങ് കിയോസ് പദ്ധതി. മത്സ്യത്തൊഴിലാളികൾക്ക് സൗജന്യമായി ആധുനിക സൗകര്യങ്ങളോടുകൂടിയ വാഹനങ്ങളാണ് ഈ പദ്ധതി വഴി കേരള സർക്കാർ നൽകിയത്.
വർഷങ്ങളായി കാസർകോട്, ഉപ്പള മാർക്കറ്റിൽ മത്സ്യവിപണനം നടത്തിക്കൊണ്ടിരിക്കുന്ന തൊഴിലാളികളായ തങ്ങൾക്ക് ഈ പദ്ധതി വഴി കച്ചവടം മെച്ചപ്പെടുത്താനും വരുമാനം വർദ്ധിപ്പിക്കാനും കഴിഞ്ഞതായി ഗുണഭോക്താവായ എസ്. യോഗിനിയും സഹ പ്രവർത്തകരും പറഞ്ഞു. മാർക്കറ്റിലെ കച്ചവടത്തിന് ശേഷം ബാക്കി വരുന്ന മീനുകൾ ഗ്രാമപ്രദേശങ്ങളിൽ കൊണ്ടുപോയി വിൽക്കാനും ഉപകാരപ്പെടുന്നുണ്ട്. മത്സ്യ വിൽപനയ്ക്കായുള്ള യാത്ര ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഈ വാഹനം ഏറെ പ്രയോജകമായിരിക്കുന്നത്. അതിരാവിലെ സ്വന്തമായി മംഗലാപുരം മാർക്കറ്റിൽ പോയി കുറഞ്ഞ വിലക്ക് മീൻ ശേഖരിക്കാനും വാഹനത്തിന്റെ സൗകര്യത്തോടുകൂടി അവർ കേടുവരാത്ത രീതിയിൽ സൂക്ഷിച്ചുവെക്കാനും കിയോസ്ക് വാഹനം ഉപകാരപ്പെടുന്നുണ്ടെന്നും അവർ പറഞ്ഞു.
സ്ത്രീ മത്സ്യത്തൊഴിലാളികളാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ എന്നതിനാൽ അവരുടെ കച്ചവടം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക ഭദ്രതക്കും ഈ പദ്ധതി സഹായകരവുമാണ്. കേരള സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് ഫിഷറീസ് വകുപ്പ് കിയോസ് വാഹനങ്ങൾ വിതരണം ചെയ്തത്. സംയോജിത ആധുനിക തീരദേശ മത്സ്യഗ്രാമ പദ്ധതിയുടെ ഭാഗമായി ഷിറിയ, ബങ്കര മഞ്ചേശ്വരം മേഖലകളിലെ വികസന പദ്ധതികളിൽ ഉൾപ്പെടുത്തി അഞ്ച് സ്ത്രീ മത്സ്യ തൊഴിലാളികൾക്ക് ഒരു കിയോസ്ക് എന്ന കണക്കിൽ 10 കിയോസ്കുകളുടെ താക്കോൽ ദാനവും ഫ്ളാഗ് ഓഫ് കർമ്മവും ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ.അബ്ദുൾ ഗഫൂർ നിർവ്വഹിച്ചിരുന്നു.
.jpg)


