ചുവപ്പുനാടയിൽ കുരുങ്ങാതെ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ അദാലത്തുകൾക്ക് കഴിയുന്നുവെന്ന് കല്ലട്ര മാഹിൻ എം.എൽ.എ
കാസർഗോട് : ചുവപ്പുനാടയിൽ കുരങ്ങാതെ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കാൻ അദാലത്തുകൾക്ക് കഴിയുന്നുവെന്ന് കല്ലട്ര മാഹിൻ എം.എൽ.എ. ഉദയഗിരി വനശ്രീ കോംപ്ലക്‌സിൽ സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി നടത്തുന്ന വനംവകുപ്പിന്റെ സഹജീവനം ജില്ലാ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. അദാലത്തിൽ 77 പരാതികൾ തീർപ്പാക്കി. 7.80 ലക്ഷം രൂപ മനുഷ്യ- വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരത്തുകയായി വിതരണം ചെയ്തു. വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കാനും കൂടുതൽ വ്യവഹാരങ്ങളിലേക്ക് നീണ്ടുപോകാതെ കേസുകൾ ഒത്തുതീർപ്പാക്കാനും വനാതിർത്തി പങ്കിടുന്ന സ്ഥലത്തിന് എത്രയും വേഗം എൻ.ഒ.സി നൽകാനും ഇത്തരം അദാലത്തുകൾ സഹായകരമാകുമെന്ന് എം.എൽ.എ പറഞ്ഞു.
ചടങ്ങിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെർക്കള അധ്യക്ഷത വഹിച്ചു. ചെറുവത്തൂർ പഞ്ചായത്തിൽ കടന്നൽ ആക്രമണത്തിൽ മരണപ്പെട്ട കെ.പി കുമാരന്റെ കുടുംബാംഗമായ ജിഷ്ണുവിന് നഷ്ടപരിഹാരത്തുക നൽകി വന്യ ജീവി സംഘർഷത്തിൽ മരണം, പരിക്ക്, കൃഷിനാശം തുടങ്ങിയവ സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരം വിതരണം കല്ലട്ര മാഹിൻ എം.എൽ.എ നിർവഹിച്ചു. 2026 ഉത്തരമേഖല വനം കായിക മേളയിൽ കാസർകോട് ഡിവിഷനെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച വനംവകുപ്പ് ജീവനക്കാരെയും വന്യജീവി സംഘർഷ ലഘൂകരണത്തിനായി പ്രവർത്തിക്കുന്ന ആർ.ആർ.ടി സേനാംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.
വന്യജീവി സംഘർഷം, നഷ്ടപരിഹാരം, നിയമസഹായം എന്നീ വിഷയത്തിൽ അഡ്വക്കേറ്റ് കൃപേഷ് കാടകം വിഷയാവതരണം നടത്തി. അദാലത്തിൽ മൂന്ന് കർമ്മ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം നടന്നു. മനുഷ്യ വന്യജീവി സംഘർഷത്തെ സവിശേഷദുരന്തമായി പ്രഖ്യാപിച്ചതിനാൽ വനംവകുപ്പിന് മാത്രമല്ല സംസ്ഥാനത്തിന് മുഴുവൻ വന്യജീവി സംഘർഷത്തിൽ ഉത്തരവാദിത്തമുണ്ട്.ഇതുമായി ബന്ധപ്പെട്ട് കാസർകോട് ഡിവിഷന് കീഴിൽ 36 കിലോമീറ്റർ സോളാർ വേലിയുടെ പ്രവർത്തി എസ്റ്റിമേറ്റ് പാസാക്കി ടെൻഡർ ചെയ്തു.
വനത്തിന് കുറുകയുള്ള റോഡുകളിൽ വന്യജീവികൾ കുറുക്കുചാടി അപകടം സംഭവിക്കുന്നത് തടയാൻ വിസ്ത ക്ലിയറൻസ് എന്ന പദ്ധതി പ്രവൃത്തി ടെണ്ടർ ചെയ്തിട്ടുണ്ട്. മനുഷ്യ വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട രേഖകൾ ശരിയാകാത്തത് മൂലം മാറ്റിവെച്ച 77 കേസുകളാണ് ഇന്ന് തീർപ്പാക്കിയത്. ചടങ്ങിൽ മധൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ്ഞാനി.എസ് ഷാൻബോഗ്, കാസർകോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സോയ, കാസർകോട് ജില്ലാ പഞ്ചായത്ത് മെമ്പർ പി.ബി ഷഫീഖ്, മധൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.ബി അനിൽകുമാർ, സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ വി.ബി ഉദയസൂര്യൻ എന്നിവർ സംസാരിച്ചു. കാസർകോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജോസ് മാത്യു സ്വാഗതവും കാസർകോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സി.വി വിനോദ് കുമാർ നന്ദിയും പറഞ്ഞു.
.jpg)

