പുനർഗേഹം പദ്ധതിയിലൂടെ സംസ്ഥാനത്ത് 5800 ഗുണഭോക്താക്കൾക്ക് പാർപ്പിടം നൽകി; മന്ത്രി സജി ചെറിയാൻ
കാസർഗോട് : 2019-20 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച പുനർഗേഹം പദ്ധതിയിലൂടെ സംസ്ഥാനത്ത് ഇതുവരെയായി പാർപ്പിട സമുച്ചയങ്ങളും വീടുകളും അടക്കം 5800 ഭവനങ്ങൾ പൂർത്തീകരിച്ചു നൽകാൻ സാധിച്ചതായി മത്സ്യബന്ധന, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കോയിപ്പടിയിൽ പുനർഗേഹം പദ്ധതിയിലൂടെ നിർമിച്ച സുഭദ്രം പാർപ്പിട സമൂച്ചയത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. 2450 കോടി ചെലവിൽ ആരംഭിച്ച ഈ പദ്ധതിയിൽ സംസ്ഥാനത്ത് കടൽത്തീരത്ത് 50 മീറ്റർ കഴിയുന്ന 9108 കുടുംബങ്ങൾ മാറി താമസിക്കുന്നതിന് സന്നദ്ധത അറിയിക്കുകയും ഇതിൽ 6000 കുടുംബങ്ങൾക്ക് ഭൂമി കണ്ടെത്തി ജില്ലാ തല കമ്മിറ്റിയുടെ അംഗീകാരം ലഭ്യമാക്കുകയും ചെയ്തു. 5800 കുടുംബങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
tRootC1469263">തീരദേശ മേഖലയിൽ പ്രശ്‌നങ്ങൾ അനുഭവിക്കുന്ന കുടുംബങ്ങളെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. തീരദേശത്തെ ജനങ്ങളുടെ സുരക്ഷയും അഭിമാനവും ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. തീരദേശത്തെ ജനങ്ങളെ സുരക്ഷിതരാക്കുന്നതിന് 23.20 കോടി രൂപ വിനിയോഗിച്ചാണ് കോയിപ്പാടിയിൽ ഭവന സമുച്ചയം ഒരുക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 24 കുടുംബങ്ങൾക്ക് താക്കോൽ കൈമാറുന്നതിലൂടെ ഒരു പുതിയ ജീവിതത്തിന് തുടക്കമാവുകയാണെന്നും മന്ത്രി പറഞ്ഞു.
എ.കെ.എം അഷ്‌റഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഹാർബർ എൻജിനീയറിങ് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.കെ രൂപേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈഫുള്ള തങ്ങൾ, കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി രമേശൻ, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബഷീർ കനില, കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ബൽകിസ്, ജില്ലാ പഞ്ചായത്ത് മെമ്പർ അസീസ് കളത്തൂർ, കുമ്പള ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്മാരായ എ.കെ ആരിഫ്, എം.പി ഖാലിദ്, ഇനാസ് ഫവാസ് കോഹിനൂർ, കുമ്പള ഗ്രാമപഞ്ചായത്ത് മെമ്പർ ശാരദ, ഉത്തരമേഖല ഫിഷറീസ് ജോയിൻ ഡയറക്ടർ ബി.കെ സുധീർ കിഷൻ, മത്സ്യഫെഡ് ജില്ലാ മാനേജർ കെ.എച്ച് ശരീഫ്, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി അബ്ദുൽ ഖാദർ സ്വാഗതവും ഫിഷറീസ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ കെ.എ ലബീബ് നന്ദിയും പറഞ്ഞു.
വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിനുള്ളിൽ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റുന്നതിനാണ് ഈ ബൃഹത്തായ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. റവന്യൂ വകുപ്പിൽ നിന്നും ഫിഷറീസ് വകുപ്പിന് കൈമാറി ലഭിച്ച 1.93 ഏക്കർ ഭൂമിയിൽ 23.20 കോടി രൂപ അടങ്കൽ തുകയിലാണ് ഭവന സമുച്ചയത്തിന്റെ നിർമ്മാണം നടക്കുന്നത്. ആകെ 120 വ്യക്തിഗത ഫ്‌ലാറ്റുകൾ ലക്ഷ്യമിടുന്ന ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ പൂർത്തിയായ 24 ഫ്‌ലാറ്റുകളാണ് ഇപ്പോൾ ഗുണഭോക്താക്കൾക്ക് കൈമാറുന്നത്. കാസർകോട് ജില്ലയിൽ ഇതുവരെ 308 ഗുണഭോക്താക്കൾ ഭൂമി വാങ്ങി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. പുനർഗേഹം പദ്ധതി പ്രകാരം ജില്ലയിൽ ഇതുവരെ 23.90 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. കൂടാതെ BIF & HDF പദ്ധതിയിലൂടെ നിരവധി കുടുംബങ്ങളെ സുരക്ഷിത ഭവനങ്ങളിലേക്ക് മാറ്റാനും സർക്കാരിന് സാധിച്ചിട്ടുണ്ട്.
.jpg)


