നീലേശ്വരം-വലിയപറമ്പ മേഖലയിലെ സമഗ്ര ടൂറിസം വികസനം: തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്
കാസർഗോട് : നീലേശ്വരം, വലിയപറമ്പ ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെ സമഗ്ര ടൂറിസം വികസന സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചു ചേർക്കുമെന്ന് ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. നീലേശ്വരം കോട്ടപ്പുറത്ത് സംഘടിപ്പിച്ച മഹാത്മാഗാന്ധി ട്രോഫി ഉത്തര മലബാർ ജലോത്സവം സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ടൂറിസം മേഖലയിൽ വള്ളംകളിക്ക് വലിയ പ്രാധാന്യമുണ്ടെന്നും എന്നാൽ നീലേശ്വരത്തെ വിനോദസഞ്ചാര സാധ്യതകൾ വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ടൂറിസം സെക്രട്ടറി, ഡയറക്ടർ, പ്രാദേശിക എം.എൽ.എ, ജനപ്രതിനിധികൾ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തിയാണ് പ്രത്യേക യോഗം ചേരുന്നത്.
ടൂറിസം വികസനത്തിന് ഇനിയും കൂടുതൽ ഭൂമി കണ്ടെത്തേണ്ടതുണ്ട്. കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ പ്രദേശത്തെ പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കാനും ഇവിടെ മാലിന്യസംസ്കരണ പ്ലാന്റ് നിർമിക്കാനും നടപടി സ്വീകരിക്കും. ടൂറിസം കേന്ദ്രങ്ങളിലെ പദ്ധതികൾ നിർമിക്കുന്നതിലെന്ന പോലെ അവ വൃത്തിയായി സൂക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലും പ്രത്യേകം ശ്രദ്ധ വേണം. ശുചിമുറികളുടെ ശുചിത്വം ഉറപ്പാക്കേണ്ടതുണ്ട്. ഹൗസ് ബോട്ട് എക്സ്പീരിയൻസിന് മികച്ച സാധ്യതയുള്ള പുതിയ കേന്ദ്രങ്ങൾ തേടി വിദേശ സഞ്ചാരികൾ എത്തും. ഇതിനായി സർക്കാർ സംരംഭങ്ങൾക്ക് പുറമേ കൂടുതൽ സ്വകാര്യ നിക്ഷേപങ്ങളും എത്തണം. മേഖലയിൽ മികച്ച ഹോട്ടലുകളും റിസോർട്ടുകളും വരുന്നതിലൂടെ മാത്രമേ പ്രദേശവാസികൾക്ക് ഇതിന്റെ സാമ്പത്തിക ഗുണം ലഭിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ സന്ദീപ് വാര്യർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ, നഗരസഭ വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ, കൗൺസിലറും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ ഇ. ഷജീർ, കൗൺസിലർ സൗദ അഞ്ചിലത്ത്, പഞ്ചായത്ത് അംഗം കെ. രജനി, ടൂറിസം വകുപ്പ് കാസർകോട് ഡെപ്യൂട്ടി ഡയറക്ടർ നസീബ് എം.എ., ബി.ആർ.ഡി.സി. മാനേജർ സുനിൽകുമാർ, കാസർകോട് വള്ളംകളി അസോസിയേഷൻ സെക്രട്ടറി സുനിൽ കാവുംചിറ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി.കെ. ഫൈസൽ, എം. രാജൻ, കെ.പി. നസീർ, പി. വിജയകുമാർ, ടി.വി. ഉമേശൻ, സാഗർ ചാത്തമത്ത്, ജെറ്റോ ജോസഫ്, ആന്റക്സ് ജോസഫ്, വി.വി. പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു. നീലേശ്വരം നഗരസഭാ ചെയർമാൻ പി.പി. മുഹമ്മദ് റാഫി സ്വാഗതവും ഡി.ടി.പി.സി. സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ നന്ദിയും പറഞ്ഞു. ഉദ്ഘാടന ശേഷം മന്ത്രി പി.സി. വിഷ്ണുനാഥ്, എം.എൽ.എ സന്ദീപ് വാര്യർക്കും മറ്റ് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമൊപ്പം തേജസ്വിനിപ്പുഴയിലൂടെ ഹൗസ് ബോട്ട് യാത്ര നടത്തി.
.jpg)

