റോഡ് വികസനത്തിന് 35,000 കോടി രൂപ; അഞ്ചുവർഷത്തിൽ 150 പാലങ്ങൾ പൂർത്തിയായി: മന്ത്രി പി എ മുഹമ്മദ് റിയാസ്
കാസർഗോട് : റോഡ് വികസനത്തിനായി സർക്കാർ 35,000 കോടി രൂപ ചെലവഴിച്ചതായും കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 150 പാലങ്ങൾ പൂർത്തിയാക്കാൻ സാധിച്ചതായും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ചെറുവത്തൂർ,കയ്യൂർ ചീമേനി പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് നിർമ്മിച്ച രാമൻചിറ പാലം ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കിഫ്ബി വഴിയുള്ള വികസന പ്രവർത്തനങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ മാറ്റങ്ങൾ സൃഷ്ടിച്ചതായുംമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ദീർഘകാല അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി പദ്ധതികൾ നിർണായകമായ പങ്ക് വഹിച്ചു എന്നും മന്ത്രി പറഞ്ഞു. വിവിധ പ്രദേശങ്ങളിലെ ഗതാഗത സൗകര്യം മെച്ചപ്പെട്ടതോടൊപ്പം ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കാനും ഈ പദ്ധതികൾ വഴി സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. കിഫ്ബി വഴിയായി പൊതുമരാമത്ത് വകുപ്പിൽ 528 പദ്ധതികൾക്കായി 46,145 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ കാരണങ്ങളാൽ തടസ്സപ്പെട്ടു കിടന്ന ദേശീയപാത വികസന പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സർക്കാരിന് സാധിച്ചതായും മന്ത്രി അറിയിച്ചു. സംസ്ഥാനത്തിന്റെ സമഗ്ര വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ അടിസ്ഥാന സൗകര്യ വികസനം ശക്തിപ്പെടുത്തുന്ന നടപടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
tRootC1469263">2016-17 ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയ പദ്ധതിക്ക് 2020ൽ 14.72 കോടി രൂപയുടെ സാമ്പത്തികാനുമതിയും 2021 ൽ 16.25 കോടി രൂപയുടെ സാങ്കേതികാനുമതിയും ലഭിച്ചു. കെആർഎഫ്ബി കാസർഗോഡ് ഡിവിഷൻ മേൽനോട്ടത്തിൽ നിർമാണം പൂർത്തിയാക്കി.274.15 മീറ്റർ നീളമുള്ള പാലത്തിന് 7.5 മീറ്റർ വീതിയുള്ള കാരിയേജ് വേയും 1.5 മീറ്റർ നടപ്പാതയും ഉൾപ്പെടെ 9.70 മീറ്റർ വീതിയുണ്ട്. 40 പിയറുകളോടുകൂടിയ സബ്‌സ്ട്രക്ചറും 19 സ്പാനുകളുമുള്ള പാലത്തിന് മൂന്ന് അപ്രോച്ചുകൾ ഒരുക്കിയിട്ടുണ്ട്. അനുബന്ധമായി 400 മീറ്റർ സമീപന റോഡും ബി.എം-ബി.സി നിലവാരത്തിൽ നിർമ്മിച്ചു.മുൻപുണ്ടായിരുന്ന ചെറുവീതിയുള്ള ഷട്ടർ കം ബ്രിഡ്ജ് മൂലം വലിയ വാഹനങ്ങൾക്ക് ഗതാഗതം സാധ്യമല്ലാതിരുന്ന സാഹചര്യത്തിൽ പുതിയ പാലം പ്രദേശത്തെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയും ജനങ്ങളുടെ ദീർഘകാല ആവശ്യത്തിന് പരിഹാരമാവുകയും ചെയ്തു.
ചടങ്ങിൽ എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി.നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം മീനാകുമാരി,ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി നാരായണൻ, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി വി ജാനകി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ രാജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രജിത, ശശിധരൻ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ പി ജനാർദ്ദനൻ, കെ വി സുധാകരൻ, സി വി വിജയരാജ്, പി സി അബ്ദുൽ റഹ്മാൻ, സിജി കട്ടക്കയം, മമ്മു കോട്ടപ്പുറം എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
പാലത്തിന്റെ സമയബന്ധിതമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കോൺട്രാക്ടർ,എൻജിനീയർമാർ അസിസ്റ്റന്റ് എൻജിനീയർമാർ എന്നിവരെ ആദരിച്ചു. കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എൻജിനീയർ സി ജെ കൃഷ്ണൻ സ്വാഗതവും കെ ആർ എഫ് ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ ജയദീപ് കുമാർ നന്ദിയും പറഞ്ഞു.
.jpg)


