കേരളത്തിന്റെ വികസന നേട്ടങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് നിര്‍ണായകം; മന്ത്രി എം.ബി. രാജേഷ്
കാസർഗോട് :കേരളത്തിന്റെ വികസന പുരോഗതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ണായകമായ പങ്കാണ് വഹിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ത്രിതല പഞ്ചായത്തുകള്‍ സംയുക്തമായി പദ്ധതികള്‍ രൂപീകരിക്കുന്നതിന് ജില്ലാ പഞ്ചായത്തുകള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കേരളത്തിന്റെ നേട്ടങ്ങളിലെല്ലാം തദ്ദേശസ്ഥാപനങ്ങളുടെ കയ്യൊപ്പുണ്ട്. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലെ മികവിന്റെ പേരിലാണ് വിദേശ പ്രസിദ്ധീകരണങ്ങള്‍ ഉള്‍പ്പെടെ കേരളത്തെ ഇന്ത്യയുടെ വികസന ചാമ്പ്യനായി വിശേഷിപ്പിച്ചത്. 240 വര്‍ഷം പഴക്കമുള്ള ലണ്ടന്‍ ടൈംസ് ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ കേരളം അതിദാരിദ്ര്യത്തെ ചരിത്രത്തിന്റെ താളുകളിലേക്ക് നാടുകടത്തിയെന്നാണ് വിശേഷിപ്പിച്ചത്. സാമൂഹ്യ ക്ഷേമത്തിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് കേരളത്തില്‍ നിന്നും ചില പാഠങ്ങള്‍ പഠിക്കാനുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും ഒടുവില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേയിലും അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലെ ഈ നേട്ടം പരാമര്‍ശിക്കപ്പെട്ടു. അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തി സര്‍ക്കാരിനൊപ്പം ഈ നേട്ടം കൈവരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍ണായകമായെന്ന് മന്ത്രി പറഞ്ഞു. മാലിന്യമുക്ത നവകേരളം പദ്ധതിയിലൂടെ നഗര ശുചിത്വത്തിനായുള്ള കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് സര്‍വേക്ഷണില്‍ കേരളം തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചു. സംസ്ഥാനത്തെ 21,57,000 ഡിജിറ്റല്‍ നിരക്ഷരരെ കണ്ടെത്തി സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതയിലേക്ക് നയിക്കുന്ന പദ്ധതികള്‍ ഏകോപിപ്പിച്ചു നടപ്പാക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞു. ലൈഫ് പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകളാണ് പൂര്‍ത്തീകരിച്ചത്. ഇതിനായി വിനിയോഗിച്ച 20,000 കോടി രൂപയില്‍ 18,400 കോടിയും സംസ്ഥാന വിഹിതമായിരുന്നു. ഭവന നിര്‍മ്മാണത്തിന് ഏറ്റവും കൂടുതല്‍ തുക നല്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഇര്‍ഫാന ഇക്ബാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊതുമരാമത്ത് കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. കൃഷ്ണന്, ആരോഗ്യ-വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം. മനു, ക്ഷേമകാര്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ റീന തോമസ്, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്മാന് ഡോ.വി. ബാലകൃഷ്ണന്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി.രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി.എം മീനാകുമാരി, ബിന്ദു കൃഷ്ണന്, കെ.സുജാത, തദ്ദേശ സ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി ഹരിദാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ സോയ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.ബിജു നന്ദിയും പറഞ്ഞു.
.jpg)

