സർക്കാർ നടപ്പാക്കുന്ന വികസന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കും : മന്ത്രി കെ.എ തുളസി

THULASI

കാസർ​ഗോട് : സർക്കാർ നടപ്പാക്കുന്ന വികസന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പട്ടികജാതി-പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി. കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പട്ടികജാതി-പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പുകളുടെ അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവർ. പല പദ്ധതികളും പല കാരണങ്ങളാൽ പൂർത്തീകരിക്കാതെയുണ്ട്. ഇവ നടപ്പാക്കുന്നതിലെ പോരായ്മകളും പ്രായോഗിക തടസ്സങ്ങളും പരിശോധിക്കുകയെന്നതാണ് അവലോകന യോഗങ്ങളിലൂടെ ലക്ഷ്യമിടുന്നത്. സർക്കാറിന്റെ വികസന നയം എല്ലാ ഉദ്യോഗസ്ഥരിലേക്കും എത്തിക്കലും ഇതിന്റെ ലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു.

ആദിവാസി ഗോത്ര മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാനും നിലവിലുള്ളവ മെച്ചപ്പെടുത്താനും അടിയന്തര പ്രാധാന്യം നൽകും. ഇടക്കുവെച്ച് പഠനം നിർത്തിപ്പോകുന്ന വിദ്യാർഥികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കൽ, വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ മുൻഗണനാ പട്ടിക തയാറാക്കി പരിഹരിക്കും. സർക്കാർ ഒരു പദ്ധതി നടപ്പാക്കുമ്പോൾ കൃത്യമായി താഴെത്തട്ടിയിൽ എത്തിയാൽ മാത്രമേ അത് വിജയകരമാകൂവെന്നും മന്ത്രി പറഞ്ഞു.  
100 ദിന കർമപരിപാടിയുടെ ഭാഗമായി വകുപ്പ് 32 പദ്ധതികൾ സമർപ്പിക്കുകയും അത് പൂർത്തീകരിക്കുകയും ചെയ്തു. നേരത്തെ ലൈഫ് മിഷന്റെ ഭാഗമായി നടത്തിയിരുന്ന എസ്.സി-എസ്.ടി കുടുംബങ്ങൾക്കുള്ള ഭവന നിർമാണം വകുപ്പ് നേരിട്ട് നടത്തുന്നതിനുള്ള മാർഗരേഖകൾ തയാറായിട്ടുണ്ട്. അർഹരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ച് അത് വേഗത്തിൽ നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags