ശാസ്ത്ര സാങ്കേതി വിദ്യയുടെ എല്ലാ അറിവുകളും നമ്മുടെ കുട്ടികൾക്കും ലഭിക്കണം; മന്ത്രി അഡ്വ. എൻ ഷംസുദ്ദീൻ

 INTERACTIVE CLASS ROOM BOARD

കാസർ​​​ഗോട് :ചെങ്കള ഗ്രാമപഞ്ചായത്ത് സി.എഫ്.സി ഫണ്ടിൽ ഉപയോഗിച്ച് എരുതും കടവ് ജി.എൽ.പി സ്‌കൂളിൽ ആരംഭിച്ച ഇന്ററാക്ടീവ് ക്ലാസ് റൂം ബോർഡ് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. വളരെ മികച്ചരീതിയിലാണ് എരുതുംകടവ് സ്‌കൂളിൽ ഇന്ററാക്ടീവ് ക്ലാസ് റൂം ബോർഡ് സജ്ജീകരിച്ചിട്ടുള്ളതെന്നും പുതിയ കാലഘട്ടത്തിൽ ഏറ്റവും പ്രാധാന്യമുള്ള പദ്ധതിയാണ് ഇതെന്നും മന്ത്രി പറഞ്ഞു. പദ്ധതി സ്‌കൂളിനായി നൽകിയ ചെങ്കള ഗ്രാമ പഞ്ചായത്തിനെയും സ്‌കൂളിലെ അധ്യാപകരെയും പി.ടി.എ പ്രവർത്തകരെയും മന്ത്രി അഭിനന്ദിച്ചു. സ്‌കൂളുകളുടെ പ്രവർത്തനം ആധുനികവും കാര്യക്ഷമവുമാകണം. എങ്കിലേ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താൻ സാധിക്കുകയുള്ളൂ. കാലം വലിയ മാറ്റങ്ങളിലൂടെ പോവുകയാണ്. ശാസ്ത്ര സാങ്കേതി വിദ്യയുടെ എല്ലാ അറിവുകളും നമ്മുടെ കുട്ടികൾക്കും ലഭിക്കണം. എൽ.പി സ്‌കൂളിനെ യു.പി സ്‌കൂളാക്കി ഉയർത്തണം എന്ന പഞ്ചായത്ത് പ്രസിഡന്റ് ്അറിയിച്ച ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

കല്ലട മാഹിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്ള കുഞ്ഞി, ചെങ്കള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജാസ്മിൻ കബീർ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ മാരായ ഷുക്കൂർ ചെർക്കളം, ഇഖ്ബാൽ ചേരൂർ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം സക്കീന അബ്ദുള്ള, കാസർകോട് എ.ഇ.ഒ എം.ശശിധര, ഡയറ്റ് ഫാക്കൽറ്റി ഡോക്ടർ വിനോദ് കുമാർ പെരുമ്പള, കാസർകോട് ബി.പി.സി ബി.ആർ.സി സൗമ്യ, വാർഡ് മെമ്പർ ഇ.എ. മഹമൂദ്, എസ്.എം.സി ചെയർമാൻ ജലീൽ എഴുതും കടവ്, പിടിഎ പ്രസിഡണ്ട് പി.എഹനീഫ, പിടിഎ വൈസ് പ്രസിഡണ്ട് മുഹമ്മദ് റഫീഖ്, മദർ പിടിഎ പ്രസിഡണ്ട് ഫാത്തിമത്ത് സഫീറ, മുൻ പിടിഎ പ്രസിഡണ്ട് അഷറഫ് സോങ്കാൽ, പ്രീ പ്രൈമറി കോഡിനേറ്റർ ഹമീദ് ബാരിക്കാട്, പ്രധാന അധ്യാപിക ജാക്വിലിൻ റീന തുടങ്ങിയവർ സംസാരിച്ചു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വസന്തൻ അജക്കോട് സ്വാഗതവും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശാന്തകുമാരി ടീച്ചർ നന്ദിയും പറഞ്ഞു.    

Tags