വിദ്യാഭ്യാസ മേഖലയിൽ കേരളം പുതിയ യുഗത്തിൽ :മന്ത്രി അഡ്വ.എൻ.ഷംസുദ്ദീൻ
കാസർഗോട് : വിദ്യാഭ്യാസ മേഖലയിൽ കേരളം പുതിയ യുഗത്തിലാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ.എൻ. ഷംസുദ്ദീൻ പറഞ്ഞു. കുമ്പള ഗവൺമെന്റ് സീനിയർ ബേസിക് സ്‌കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നൂറു ദിന കർമ്മപദ്ധതിയുടെ ഭാഗമായുള്ള ഡിജിറ്റൽ സ്‌ക്വയർ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അതിവേഗം മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുന്ന ലോകമാണ് നമുക്ക് ചുറ്റുമുള്ളത്. ആ വേഗത്തിനൊപ്പം ഓടിയെത്താൻ നമ്മുടെ കുഞ്ഞുങ്ങളെയും പ്രാപ്തരാക്കേണ്ടതുണ്ട്.
അതിന്റെ ഭാഗമായാണ് നൂറു ദിന കർമ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആകെ എല്ലാ സ്‌കൂളുകളിലും ഡിജിറ്റൽ കോർണറുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. കമ്പ്യൂട്ടർ ഇന്റർനെറ്റ് അധിഷ്ഠിതമായ പഠനമാണ് ഡിജിറ്റൽ കോർണറുകൾ വഴി സാധ്യമാവുക എന്ന് മന്ത്രി പറഞ്ഞു. നൂറു ദിന കർമ്മ പദ്ധതികളുടെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , റോബോട്ടിക് സയൻസ് പരിശീലനം സാധ്യമാക്കുന്ന എറൈസ് പദ്ധതി നടപ്പിലാക്കും. സംസ്ഥാനത്തെ ആയിരം വിദ്യാർത്ഥികളെ നീന്തൽ പഠിപ്പിക്കുന്ന നൂറു ദിന പദ്ധതിയുടെ ഭാഗമായി ആരംഭിക്കും. വിദ്യാർത്ഥികളെ കൂടുതൽ കായിക മേഖലകളിൽ ആകൃഷ്ടരാക്കുന്നതിനായുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
.jpg)

