നീലേശ്വരത്ത് 25 ലക്ഷം രൂപയുടെ എംഡിഎംഎ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

MDMA worth ₹25 lakh seized in Nileshwar; two arrested.

നീലേശ്വരം: നീലേശ്വരം റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്ന് കാൽ കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. ഡൽഹിയിൽ നിന്ന് വരുന്ന മംഗള എക്സ്പ്രസിലായിരുന്നു ലഹരി കടത്ത്. കാസർകോഡ് ഉപ്പള സ്വദേശികളായ രണ്ട് പേരാണ് പിടിയിലായത്. നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപ്പള സോങ്കാൽ സ്വദേശികളായ അഹമ്മദ് റുക്ഷാദ് (33), അബ്ദുൾ ഹമീദ് (30) എന്നിവരാണ് എംഡിഎംഎയുമായി അറസ്റ്റിലായത്.

665.67 ഗ്രാം എംഡിഎംഎ ഇവരിൽനിന്ന് പിടികൂടി. ഇതിന് 25 ലക്ഷം രൂപ വില വരും. മംഗള എക്സ്പ്രസിൽ വ്യാഴാഴ്ച ഉച്ചക്ക് 2 മണിയോടെ നീലേശ്വരത്ത് ഇറങ്ങിയ പ്രതികളെ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഡാൻസാഫ് സംഘവും നീലേശ്വരം പോലീസും പിടികൂടിയത്.ട്രെയിനിറങ്ങി റോഡിലേക്ക് നടന്നുപോവുകയായിരുന്ന പ്രതികളെ സംശയം തോന്നി തടഞ്ഞുനിർത്തി ചോദ്യം ചെയ്ത് പരിശോധന നടത്തുകയായിരുന്നു.

റുക്ഷാദിന്റെ ബാഗിൽ ടി-ഷർട്ടിനുള്ളിൽ പൊതിഞ്ഞു വെച്ച പ്ലാസ്റ്റിക് കവറിലായിരുന്നു മയക്കുമരുന്ന്. റുക്ഷാദിന്റെ കൈയ്യിൽ നിന്ന് 28,530 രൂപയും കണ്ടെടുത്തു. രണ്ടാം പ്രതി അബ്ദുൾ ഹമീദിന്റെ ബാഗിൽ നിന്ന് ലഹരി അളന്നുവിൽക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ഇലക്ട്രോണിക് തുലാസും ഗൂഗിൾ പേ സ്കാനർ കാർഡും കണ്ടെത്തി. പ്രതികളുടെ മൊബൈൽ ഫോണുകൾ, പാസ്‌പോർട്ട്, മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവയും പൊലിസ് കസ്റ്റഡിയിലെടുത്തു.

Tags