കാസര്‍കോട് ജില്ലയിലെ എം.സി.ആര്‍.സികളുടെ അവലോകന യോഗം ചേര്‍ന്നു


കാസർകോട് : സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ ഡോ.അരുണ്‍ എസ് നായറുടെ അധ്യക്ഷതയില്‍ കാസര്‍കോട് ജില്ലയിലെ പത്ത് മോഡല്‍ ചൈല്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററുകളുടെയും അവലോകന യോഗം ചേര്‍ന്നു. കാസര്‍കോട് ജില്ലയില്‍ തുടങ്ങി മറ്റ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാനായി ആരംഭിച്ച എം.സി.ആര്‍.സികള്‍ ജില്ലയില്‍ മാത്രം ഒതുങ്ങി പോയത് പരിശോധിച്ച് മറ്റ് ജില്ലകളില്‍ കൂടി പദ്ധതി നടത്താനുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരികയാണെന്നും മറ്റ് ജില്ലകളില്‍ കൂടി എം.സി.ആര്‍.സികള്‍ ആരംഭിക്കുന്നതോടെ റീഹാബിലിറ്റേഷന്‍ സെന്ററുകളുടെ വികസനം വേഗത്തില്‍ സാധ്യമാകുമെന്ന് സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ പറഞ്ഞു. ജില്ലയിലെ വിഷയങ്ങള്‍ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടെന്നും ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ കാസര്‍കോട് ജില്ലയില്‍ നടപ്പാക്കിയ തനത് പദ്ധതിയായ ഐ ലീഡ് പദ്ധതിയില്‍ എം.സി.ആര്‍.സികളിലെ കുട്ടികളും അമ്മമാരും ചേര്‍ന്ന് ഉണ്ടാക്കിയ വിവിധ ഉത്പന്നങ്ങളുടെ മാതൃക സാമൂഹ്യ നീതി ഡയറക്ടര്‍ക്ക് ജില്ലാ കളക്ടര്‍ കൈമാറി. കേരളസാമൂഹ്യ സുരക്ഷാമിഷന്റെ സഹകരണം ഐ ലീഡ് പദ്ധതിക്ക് ഉണ്ടാകുമെന്ന് കേരളസാമൂഹ്യ സുരക്ഷാമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കൂടിയായ ഡോ.അരുണ്‍ എസ് നായര്‍ അറിയിച്ചു. നേരത്തെ 10 ലക്ഷം രൂപ സാമൂഹയ സുരക്ഷാ മിഷന്‍ നല്‍കിയിട്ടുണ്ട്. അടുത്ത വര്‍ഷവും സഹകരണം ഉണ്ടാകുമെന്നും ഡയറക്ടര്‍ പറഞ്ഞു.

കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ആര്യ പി രാജ്, സാമൂഹ്യ സുരക്ഷ മിഷന്‍ റീജിയണല്‍ ഡയറക്ടര്‍ ഡോ.പി.സി സൗമ്യ, സാമൂഹ്യ സുരക്ഷ മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഫൈസല്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, എം.സി.ആര്‍.സി പ്രിന്‍സിപ്പിള്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു