വൈദ്യുതി ശൃംഖലകളിൽ ബാനറുകളും ഹോർഡിംഗുകളും സ്ഥാപിക്കരുത്: കെ.എസ്.ഇ.ബി.

Electricity crisis: KSEB asks consumers to exercise self-control

കാസറഗോഡ് :  കെ.എസ്.ഇ.ബി.യുടെ വൈദ്യുതി വിതരണ ശൃംഖലകളിൽ ബാനറുകൾ, ഫ്ലക്സ് ബോർഡുകൾ, ഹോർഡിംഗുകൾ തുടങ്ങിയവ സ്ഥാപിക്കരുതെന്ന് കാസറഗോഡ് ഇലക്ട്രിസിറ്റി സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു. ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നത് ഗുരുതരമായ വൈദ്യുതി അപകടങ്ങൾക്ക് കാരണമാകാനിടയുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ നിയമവിരുദ്ധവും 2003-ലെ കേന്ദ്ര ഇലക്ട്രിസിറ്റി ആക്ട് പ്രകാരം ശിക്ഷാർഹവുമായ കുറ്റവുമാണ്.

മഴയും കാറ്റുമുള്ള സമയങ്ങളിൽ നനഞ്ഞ ബാനറുകളോ ഫ്ലക്സുകളോ വൈദ്യുതി ലൈനുകളിൽ മുട്ടുന്നത് വഴി വൻ ദുരന്തങ്ങൾ ഉണ്ടായേക്കാം. കൂടാതെ, ലൈനുകളിലുണ്ടാകുന്ന തകരാറുകൾ പരിഹരിക്കാനായി കെ.എസ്.ഇ.ബി. ജീവനക്കാർ പോസ്റ്റുകളിൽ കയറുന്നതിന് ഇത്തരം ബോർഡുകൾ വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ശക്തമായ കാറ്റിൽ ഫ്ലക്സുകൾ പറന്നുപോയി ലൈനുകളിൽ കുടുങ്ങുന്നത് വഴി ഷോർട്ട് സർക്യൂട്ട് ഉണ്ടാകാനും പ്രദേശം ആകെ വൈദ്യുതി മുടങ്ങാനും ഇത് കാരണമാകുന്നു.

ആയതിനാൽ പൊതുജനങ്ങളും വിവിധ സംഘടനകളും രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങളും വൈദ്യുതി ശൃംഖലകളിലോ അതിന് സമീപത്തോ ഇത്തരം സാമഗ്രികൾ സ്ഥാപിക്കുന്നതിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കണം. ഒപ്പം, വൈദ്യുതി തൂണുകളിൽ അനുമതിയില്ലാതെ പെയിന്റ് ചെയ്യുന്നത് പോലെയുള്ള പ്രവർത്തനങ്ങളും ഒഴിവാക്കേണ്ടതാണ്. വൈദ്യുതി സുരക്ഷ ഉറപ്പാക്കാനുള്ള കെ.എസ്.ഇ.ബി.യുടെ ശ്രമങ്ങളോട് എല്ലാവരും പൂർണ്ണമായി സഹകരിക്കണമെന്ന്  അഭ്യർത്ഥിച്ചു.

Tags