കേരള പോലീസിന്റെ ലഹരിവിരുദ്ധ മാരത്തോണും ദീപശിഖാ പ്രയാണവും ആരംഭിച്ചു

police

കാസർ​ഗോട് :  'സ്പോർട്സിനൊപ്പം നിൽക്കൂ, ലഹരിയെ അകറ്റൂ' (Yes to Sports, No to Drugs) എന്ന മുദ്രാവാക്യവുമായി കേരള പോലീസ് അമവേഹലശേര മീറ്റ് 2026ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല മാരത്തോണിനും ദീപശിഖാ പ്രയാണത്തിനും കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് തുടക്കമായി. സെപ്റ്റംബർ എട്ടു വരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്നതാണ് ഈ ലഹരിവിരുദ്ധ ജനകീയ മുന്നേറ്റം. ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. എം.എൽ.എമാരായ കല്ലട്ര മാഹിൻ, എ.കെ.എം. അഷ്‌റഫ്, കെ. നീലകണ്ഠൻ, അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, സന്ദീപ് വാര്യർ, കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി, കാസർകോട് നഗരസഭാ അധ്യക്ഷ ഷാഹിന സലിം, കാസർഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടർ റഫീഖ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

എ.എസ്.പി അച്യുത് അശോക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് 'തൂഫാൻ' ലഹരിവിരുദ്ധ പ്രചാരണ വാഹനത്തിന്റെ അനാച്ഛാദനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. അന്താരാഷ്ട്ര കബഡി താരം ജഗദീഷ് കുമ്പള, അന്താരാഷ്ട്ര ഫുട്‌ബോൾ താരം മുഹമ്മദ് റാഫി എന്നിവരിൽ നിന്ന് ആർ.ആർ.ആർ.എഫ് കമാൻഡന്റ് ശക്തി സിംഗ് ആര്യ ഐ.പി.എസ് ദീപശിഖ ഏറ്റുവാങ്ങി. ജനപ്രതിനിധികളും വിശിഷ്ടാതിഥികളും ചേർന്ന് മാരത്തോൺ ഫ്‌ലാഗ് ഓഫ് ചെയ്തു. തുടർന്ന് പുലിക്കുന്നിലെ മുനിസിപ്പൽ  കോൺഫറൻസ് ഹാളിൽ എൻ.എസ്.എസ്, എൻ.സി.സി, എസ്.പി.സി കേഡറ്റുകളുമായി ജില്ലാ പോലീസ് മേധാവി സംവദിച്ചു. ലഹരിവിരുദ്ധ സെഷന് കാസർഗോഡ് ഡി.വൈ.എസ്.പി ഡോ. വി. ബാലകൃഷ്ണൻ നേതൃത്വം നൽകി. ജില്ലാ പോലീസ് മേധാവി പി. നിധിൻരാജ് ഐ.പി.എസ് സ്വാഗതവും കാസർഗോഡ് ഡി.വൈ.എസ്.പി ടി. ഉത്തംദാസ് നന്ദിയും പറഞ്ഞു. തുടർന്ന് കാസർകോട് ഡി.എച്ച്.ക്യു പോലീസ് ടർഫിൽ എട്ടു ടീമുകളെ ഉൾപ്പെടുത്തി 'തൂഫാൻ കിക്ക്' സ്‌പോർട്‌സ് കാർണിവലും സംഘടിപ്പിച്ചു.
 

Tags