ഖനന ഭൂമിയിൽ ഹരിത വിസ്മയം തീർത്ത് കെ.സി.സി.പി.എൽ
കാസർഗോട് :വ്യവസായ ശാലകൾക്കും ഖനന കേന്ദ്രങ്ങൾക്കും പ്രകൃതി സംരക്ഷണം ഒരു വെല്ലുവിളിയല്ലെന്ന് തെളിയിക്കുകയാണ് കിനാനൂർ കരിന്തളം പഞ്ചായത്തിൽ തലയടുക്കത്ത് പ്രവർത്തിക്കുന്ന കെ.സി.സി.പി.എൽ. വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഈ പൊതുമേഖലാ കളിമൺ-ലാറ്ററേറ്റ് ഖനന കേന്ദ്രം തരിശായി കിടന്ന ഖനന ഭൂമിയിൽ തീർത്ത പച്ചത്തുരുത്തും കാർഷിക മുന്നേറ്റവും സംസ്ഥാനത്തിന് തന്നെ മികച്ച മാതൃകയാവുകയാണ്.
ഖനനം കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ട സ്ഥലത്ത് മണ്ണ് നികത്തി പ്രത്യേകമായി തയ്യാറാക്കിയാണ് ഇവിടെ പച്ചത്തുരുത്ത് നിർമ്മിച്ചിരിക്കുന്നത്. നെന്മേനിവാക, പുന്ന, രുദ്രാക്ഷം, ഏഴിലംപാല, കുരുന്താളി തുടങ്ങിയ വംശനാശം നേരിടുന്ന സസ്യങ്ങൾ ഉൾപ്പെടെ 180 ഇനങ്ങളിലായി 1700ലധികം പ്രാദേശിക സസ്യങ്ങളാണ് നട്ടുപിടിപ്പിച്ചത്. ജൈവവൈവിധ്യത്തിന്റെ കേന്ദ്രമായി മാറിയ ഇവിടേക്ക് ശലഭങ്ങളും തേനീച്ചകളും കൂട്ടത്തോടെ എത്തുന്നത് സമീപ പ്രദേശങ്ങളിലെ കാർഷിക വിളകളുടെ പരാഗണത്തിനും വലിയ തോതിൽ സഹായിക്കുന്നു. വരൾച്ചാ സമയത്ത് പക്ഷികൾക്കും മറ്റ് ജീവജാലങ്ങൾക്കും മികച്ചൊരു ആവാസവ്യവസ്ഥ കൂടിയാവുകയാണ് ഈ പ്രദേശം. കാർഷിക രംഗത്തും മികച്ച ചുവടുവെപ്പാണ് സ്ഥാപനം നടത്തിയിട്ടുള്ളത്. കരിന്തളം തലയടുക്കത്ത് രണ്ട് ഏക്കറോളം വരുന്ന ഭൂമിയിൽ പ്രശസ്തമായ കുറ്റിയാട്ടൂർ മാവ് മികച്ച രീതിയിൽ കൃഷി ചെയ്തു വരുന്നു. ഖനനം മൂലം രൂപപ്പെട്ട വലിയ കുഴികളിൽ മഴവെള്ളം സംഭരിച്ച് നിർമ്മിച്ച മത്സ്യക്കുളവും കൗതുകമാവുകയാണ്.
ജലാശയത്തിന് നടുവിലായി 10 സെന്റ് സ്ഥലത്ത് ഒരു മിയാവാക്കി കാടും സ്ഥാപനം ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ ജലാശയത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി ഒരേക്കർ സ്ഥലത്ത് മരച്ചീനി, ചേന, വാഴ എന്നിവയും കൃഷി ചെയ്ത് വരുന്നു. കമ്പനിയുടെ കാർഷിക രംഗത്തുള്ള സംഭാവനകൾ പരിഗണിച്ച് സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള സംസ്ഥാനതല അവാർഡ് കെ.സി.സി.പി ലിമിറ്റഡിന് ലഭിച്ചിട്ടുണ്ട്. കൂട്ടായ പരിശ്രമത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിൽ ജില്ലയ്ക്ക് മാതൃകയായി മാറുകയാണ്
പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി.എൽ.
.jpg)

