കാസർ​ഗോട് ജില്ലയിലെ ആരോഗ്യരംഗം ഇഴകീറി പരിശോധിച്ച് കായകൽപം ജനസമ്പർക്ക പരിപാടി; മുഴുവൻ പരാതികളും പരിഗണിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

k muralidharan

കാസർ​ഗോട് : ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ കാസർകോട് ജില്ലയിൽ നടത്തിയ കായകല്പം ജനസമ്പർക്ക പരിപാടി, ആരോഗ്യ മേഖലയിൽ ജില്ല നേരിടുന്ന പരാതികൾ പരിഹരിക്കുന്നതിനായി സർക്കാരിന്റെ മുമ്പാകെ സമർപ്പിക്കാനുള്ള അവസരമായി. പൊതുജനങ്ങൾക്കും സർക്കാർ ജീവനക്കാർക്കും മറ്റു ഉദ്യോഗസ്ഥർക്കും മന്ത്രിയുമായി നേരിട്ട് പരാതികൾ സമർപ്പിക്കാനും പരിഹാര നിർദേശങ്ങൾ സ്വീകരിക്കാനും കഴിയുന്ന വിധത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.

പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കാൻ അവസരം ഒരുക്കുന്നതിനോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥരുമായും നിയോജകമണ്ഡലം അടിസ്ഥാനത്തിൽ ആരോഗ്യമന്ത്രി ചർച്ച നടത്തി. കാസർകോട് ജില്ലയുടെ ചിരകാല സ്വപ്നമായ മെഡിക്കൽ കോളേജ് മുതൽ ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ നികത്താൻ ആവാതെ കിടക്കുന്ന ഒഴിവുകൾ വരെ നിരവധി പരാതികളാണ് വിവിധ നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി മന്ത്രിയെ അറിയിച്ചത്. കേരള സംസ്ഥാനത്തിന്റെ ഏറെക്കാലം സ്വപ്നമായ എയിംസ് കാസർകോട് ജില്ലയിലെ പെരിയയിൽ പുതുതായി കണ്ടെത്തിയ സ്ഥലത്ത് അനുവദിക്കുന്നതിനായി ശ്രമങ്ങൾ നടത്തുമെന്ന മന്ത്രിയുടെ മറുപടി അടക്കം ശ്രദ്ധേയമായ പ്രഖ്യാപനങ്ങൾ നടത്തിയാണ് മന്ത്രി ജനസമ്പർക്ക പരിപാടി അവസാനിപ്പിച്ചത്. മുഴുവൻ പരാതികളും പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ.മുരളീധരൻ അറിയിച്ചു.

കായകൽപം എന്നാൽ ശരീരത്തിന്റെ പുനരുജ്ജീവനം എന്നാണ് അർത്ഥമാക്കുന്നത്. ആരോഗ്യരംഗത്തെ സമസ്ത പ്രശ്‌നങ്ങളും കണ്ടറിഞ്ഞ് പരിശോധിച്ച് പരിഹാരം കാണുന്ന പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ പേരാണ് കായകൽപം എന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. പരിപൂർണമായും ആരോഗ്യമേഖലയെ പുതുക്കി പണിയാനുള്ള യജ്ഞമാണിത്. കാസർകോട് ആരോഗ്യ മേഖലയിൽ അനുഭവിക്കുന്ന വിഷമതകൾക്ക് എയിംസ് ഒരു പ്രതിവിധി തന്നെയാണ്. പാർലമെന്റിലെ സബ്മിഷനുകളിൽ പലയാവർത്തി താൻ കാസർകോട് മണ്ഡലത്തിൽ, കാസർകോട് ജില്ലയിൽ എയിംസ് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് എം.പി പറഞ്ഞു. ഇത് ഒരു അവസരമാണെന്നും മുഴുവൻ ജന പ്രതിനിധികളും ഈ അവസരം ഉപയോഗപ്പെടുത്തി അർഹിക്കുന്ന ആവശ്യങ്ങൾ വാങ്ങിച്ചെടുക്കാൻ ശ്രദ്ധിക്കണമെന്നും എം.പി പറഞ്ഞു.

മഞ്ചേശ്വരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ ആയിട്ടില്ലെന്ന് എ.കെ.എം അഷറഫ് എം.എൽ.എ അറിയിച്ചു. മണ്ഡലത്തിലെ നഴ്‌സിംഗ് സേവനത്തിന്റെ അപര്യാപ്തതകൾ പരിഹരിക്കുന്നതിനായി ഒരു സ്വാശ്രയ നഴ്‌സിംഗ് കോളേജിന് സർക്കാർ അനുമതി നൽകുകയാണെങ്കിൽ പൂർണമായും ജനങ്ങളുടെ പിന്തുണയോടെ അത് നടപ്പിലാക്കാൻ കഴിയുമെന്ന് എം.എൽ.എ പറഞ്ഞു. മഞ്ചേശ്വരം മണ്ഡലത്തിലെ മൊഗ്രാലിലുള്ള യുനാനി ഹോസ്പിറ്റൽ ഇപ്പോൾ ചെറിയൊരു  മുറിയിലാണ് സേവനം ചെയ്തുവരുന്നത്. അതിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് ഒരു യുനാനി മെഡിക്കൽ കോളേജ് ആയി ഉയർത്താനുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. ഒരു മൾട്ടി സ്‌പെഷ്യാലിറ്റി ആയുർവേദ ആശുപത്രി പഞ്ചായത്തിൽ അനുവദിക്കണമെന്നും അതോടൊപ്പം ഒരു ഗൈനക്കോളജിസ്റ്റ് സേവനം ലഭ്യമാക്കണമെന്ന് പുത്തിഗെ പഞ്ചായത്ത് പ്രതിനിധികൾ ആവശ്യപ്പെട്ടു. ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള മംഗൽപാടി പഞ്ചായത്തിൽ ആശാവർക്കർമാരുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടത്. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നും ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തണമെന്നും മീഞ്ച, എൻമകജെ പഞ്ചായത്ത് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.

കാസർകോട്‌ താലൂക്ക് ആശുപത്രിയിൽ അനുവദിക്കപ്പെട്ട 22 ഡോക്ടർമാരിൽ 17 സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണെന്ന് കല്ലട്ര മാഹിൻ എം.എൽ.എ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഈ തസ്തികകളിൽ ഉടൻ നിയമനം നടത്തണമെന്നും താലൂക്ക് ആശുപത്രിയിൽ ഒരു ഗൈനക്കോളജിസ്റ്റിന്റെ സേവനം കൂടി കൊണ്ടുവരണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സ്ഥിര ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തണമെന്നും  ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ചെമ്മനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഹോമിയോ ഹോസ്പിറ്റലിൽ സേവനങ്ങൾ ഊർജ്ജിതമാക്കണമെന്നും ചെങ്കള ഗ്രാമപഞ്ചായത്തിൽ ഫിസിയോതെറാപ്പി സൗകര്യം ഏർപ്പെടുത്തണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. താലൂക്ക് ആയുർവേദ ആശുപത്രിയിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണം. 24 മണിക്കൂർ പോസ്റ്റ് മാർട്ടം നടക്കുന്ന കാസർകോട് ജനറൽ ആശുപത്രിയിൽ ഒരു ഫോറൻസിക് സർജന്റെ ഒഴിവുണ്ട് അത് നികത്തണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. 35 വർഷത്തിൽ അധികം പഴക്കമുള്ള ബദിയഡുക്ക സി.എച്ച്.സി കെട്ടിടം നവീകരിക്കണം. തീരദേശത്തെ ആളുകൾ കൂടുതൽ ആശ്രയിക്കുന്ന കുമ്പള സി.എച്ച്.സിയിൽ മൂന്ന് ഡോക്ടർമാരുടെ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. ബദിയഡുക്ക, കുമ്പള സി.എച്ച്.സികളിലെ ഒഴിവുകൾ നികത്തണം. ചെങ്കള എഫ്.എച്ച്.സിയിൽ ഫിസിയോ തെറാപ്പി സൗകര്യം ഉറപ്പാക്കണം തുടങ്ങി, വിവിധ വിഷയങ്ങൾ എം.എൽ.എയും ജന പ്രതിനിധികളും അറിയിച്ചു.

എൻഡോസൾഫാൻ ദുരന്തം ബാധിച്ച കുടുംബങ്ങൾക്ക് ക്ഷേമ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനായി സർക്കാർ നിയോഗിച്ച എൻഡോസൾഫാൻ സെൽ കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളിലായി യോഗം ചേരാത്തത് ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു കെ.നീലകണ്ഠൻ എം.എൽ.എ. ഉദുമ മണ്ഡലത്തിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചത്. മുളിയാർ, ബേഡഡുക്ക പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തതും, ദേലംപാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ആറുമാസമായി മെഡിക്കൽ ഓഫീസറുടെ സേവനം ലഭ്യമല്ലാത്തതും എം.എൽ.എ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. 400 ഓ.പി ടിക്കറ്റ് ദിവസവും ഉള്ള ഉദുമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ഇപ്പോഴും പഴയ കെട്ടിടത്തിൽ നിൽക്കുന്നതിന് പരിഹാരമായി പുതിയ അടിസ്ഥാന സൗകര്യങ്ങൾ അനുവദിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. പെരിയ ഫാമിലി ഹെൽത്ത് സെന്ററിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതും എക്‌സ്-റേ അടച്ച് പൂട്ടിയതും ജനപ്രതിനിധികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. 300 ഓ.പി ടിക്കറ്റുകൾ ദിവസവും ഉപയോഗിക്കുന്ന മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ദേലമ്പാടി, അഡൂർ കുടുംബാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തന സജ്ജമല്ലാത്ത സാഹചര്യങ്ങളിൽ അവിടെ ജനങ്ങൾ നേരിടുന്ന യാത്രാ പ്രശ്‌നങ്ങൾ എം.എൽ.എ വിവരിച്ചു. എൻഡോസൾഫാൻ ബാധിത പഞ്ചായത്തുകൾ ഏറെയുളള ഉദുമയിൽ എഫ്.എച്ച്.എസികളിൽ ഫിസിയോ തെറാപ്പി സൗകര്യം ഉറപ്പാക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഫോറൻസിക്, ന്യൂറോളജി ഡോക്ടർമാരുടെ ഒഴിവ് നികത്തണമെന്നും അനുബന്ധ ജീവനക്കാരുടെ കുറവും നികത്തണമെന്ന് ഗോവിന്ദൻ പള്ളികാപ്പിൽ എം.എൽ.എ ആവശ്യപ്പെട്ടു. ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് പുതിയതായി അനുവദിക്കേണ്ട തസ്തികകളും എം.എൽ.എ അറിയിച്ചു. ജില്ലാ ആശുപത്രിയിലേക്ക് പുതിയ എം.ആർ.ഐ സ്‌കാനിങ് മെഷീൻ വേണമെന്നും നഴ്‌സിംഗ് സ്റ്റാഫുകളുടെ കുറവുകൾ പരിഹരിക്കണം. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ വഴി തടസ്സമായത് സംബന്ധമായ വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ഉന്നയിച്ചു. കാലങ്ങളായി പ്രവർത്തനക്ഷമമായി കിടക്കുന്ന അമ്മയും കുഞ്ഞും ആശുപത്രിയിൽ നേരിടുന്ന അപര്യാപ്തതകൾ പരിഹരിക്കണം. മലയോര മേഖലയിലെ പൂടങ്കല്ലിൽ പ്രവർത്തിക്കുന്ന വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിൽ ലേബർ റൂം പ്രവർത്തന സജ്ജമാക്കണമെന്നും എക്‌സറേ സേവനം വേണമെന്നും എം.എൽ.എ പറഞ്ഞു. ജീവനക്കാരുടെ കുറവ് നികത്തമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു. പടന്നക്കാട് ആയുർവേദ ആശുപത്രിയുടെയും ഹോമിയോ ആശുപത്രികളുടെയും വിഷയം ചർച്ച ചെയ്തു. പാണത്തൂർ, കരിന്തളം കുടുംബ കേന്ദ്രങ്ങളിൽ അഡീഷണൽ ചാർജ് ആയി ജോലി ചെയ്യുന്ന ഡോക്ടർമാർ നേരിടുന്ന ബുദ്ധിമുട്ടുകൾ ഡോക്ടർമാർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. എണ്ണപ്പാറ, കൊന്നക്കാട് എഫ്.എച്ച്.എസികളിലെയും അജാനൂർ, ആനന്ദാശ്രമം എഫ്.എച്ച്.എസികളിലെയും വിഷയങ്ങൾ ചർച്ചയായി. പട്ടികവർഗ്ഗ വിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന കോടോം ബേളൂർ പഞ്ചായത്തിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.

തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ പ്രസവ ചികിത്സ ഉറപ്പാക്കാൻ സാധിക്കണമെന്നും ലക്ഷ്യ പദ്ധതിയിൽ ആശുപത്രിയിൽ സ്ഥാപിച്ച ലേബർ റൂം സംവിധാനങ്ങൾ പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാക്കണമെന്നും സന്ദീപ് വാര്യർ എം.എൽ.എ പറഞ്ഞു. ഇവിടെ പാരാമെഡിക്കൽ ജീവനക്കാരുടെ കുറവും പരിഗണിക്കേണ്ടതുണ്ട്. മൗക്കോട് എഫ്.എച്ച്.എസ്.സിക്ക് വേണ്ടി നിർമ്മിച്ച മൂന്ന് നില കെട്ടിടം രോഗീ സൗഹൃദമല്ലെന്നും ഇവിടെ റാമ്പ് അല്ലെങ്കിൽ ലിഫ്റ്റ് സൗകര്യം ആവശ്യമാണെന്നും എം.എൽ.എ അറിയിച്ചു. താലൂക്ക് ആശുപത്രികളിലെ എച്ച്.എം.സിയുടെ ഘടന പരിശോധിക്കണമെന്നും എം.എൽ.എ പറഞ്ഞു.തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ മൂന്ന് ഷിഫ്റ്റുകളിലായി നിലവിൽ 30 രോഗികൾക്ക് ഡയാലിസിസ് നൽകി വരുന്നുണ്ടെന്നും എന്നാൽ ഇവിടെ ഫിസിഷ്യന്റെ പോസ്റ്റ് ഇല്ലെന്നും അത് അനുവദിക്കണമെന്നും ജന പ്രതിനിധികൾ പറഞ്ഞു. താലൂക്ക് ആശുപത്രിയിൽ നിയമിതരാകുന്ന ജീവനക്കാരെ വർക്ക് അറേഞ്ച്‌മെന്റ് വ്യവസ്ഥയിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുന്ന പ്രവണത ശരിയല്ലെന്നും നിർദ്ദേശിച്ചു. പടന്ന കടപ്പുറം എഫ്.എച്ച്.സിയിലെ 2023ൽ പൂർത്തിയേക്കേണ്ടിയിരുന്ന കെട്ടിടം ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ല. മാവില കടപ്പുറം എഫ്.എച്ച്.സിയിലെ ഡോരക്ടർ ഒഴിവ്, ചിറ്റാരിക്കാൽ എഫ്.എച്ച്.സിയിൽ ലാബ് ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ്് ഒഴിവ്, വിവിധ എഫ്.എച്ച്.സികളിൽ എച്ച്.ഐ, ജെ.എച്ച്.ഐ പോസ്റ്റുകളില്ല, തുടങ്ങി വിവിധ വിഷയങ്ങൾ എം.എൽ.എയും ജനപ്രതിനിധികളും മന്ത്രിയുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു.

കാസർകോട് ജില്ലയിൽ നിലവിലുള്ള ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും ക്ഷാമം സംബന്ധിച്ച് നിരവധി തവണ ജില്ലാ വികസന സമിതി യോഗങ്ങളിലും മറ്റും ആവശ്യപ്പെടുകയും കൃത്യമനായ പരിഹാരങ്ങൾ സഹിതം സർക്കാർ തലത്തിലേക്ക് അയക്കുകയും ചെയ്തിരുന്നു, വിഷയങ്ങൾ ഓരോന്നും പരിഗണിച്ച് പരിഹാരം കണ്ട മന്ത്രിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രശംസിച്ചു. കർണാടക രജിസ്‌ട്രേഷനുള്ള ജില്ലയിലെ ഡോക്ടർമാർക്ക് കാസർകോടിന്റെ പ്രത്യേക സാഹചര്യത്തിൽ ഇവിടെ സേവനം ചെയ്യാൻ അനുവാദം നൽകുമെന്നത് സ്വാഗതാർഹമാണ്. ചട്ടഞ്ചാലിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിന്റെ പ്രവൃത്തി വേഗത്തിലാക്കണമെന്നും പദ്ധതി പൂർത്തിയായാൽ ജില്ലയിലെ ക്രിട്ടിക്കൽ കെയർ മേഖലയിൽ വലിയ മുതൽ കൂട്ട് ആകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Tags