വേനലിൽ ഇരട്ടി മധുരം; തണ്ണിമത്തൻ കൃഷിയിൽ റെക്കോഡിട്ട് കാസർകോട്

thannimathan

കാസർകോട് : വിഷാംശമുള്ള തണ്ണിമത്തനുകളെക്കുറിച്ചുള്ള ആശങ്കകൾ വിപണിയിൽ ഉയരുമ്പോൾ, ഗുണമേന്മയുള്ള വിഷരഹിത ഫലങ്ങൾ സ്വന്തം മണ്ണിൽ വിളയിച്ച് സംസ്ഥാനത്തിന് മാതൃകയാകുകയാണ് കാസർകോട് ജില്ല. കുടുംബശ്രീ സംസ്ഥാന മിഷന്റെ 'വേനൽമധുരം' പദ്ധതിയുടെ ഭാഗമായി നടത്തിയ തണ്ണിമത്തൻ കൃഷിയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനമാണ് ജില്ല സ്വന്തമാക്കിയത്.

കുടുംബശ്രീ അംഗങ്ങളുടെ കൃത്യമായ ആസൂത്രണവും മണ്ണറിഞ്ഞുള്ള അധ്വാനവുമാണ് ഈ നേട്ടത്തിന് പിന്നിൽ. തരിശുകിടന്ന സ്വകാര്യ ഭൂമികളും പാട്ടത്തിനെടുത്ത പാടശേഖരങ്ങളും കൃഷിയോഗ്യമാക്കി ജെ.എൽ.ജി സംഘങ്ങൾ തണ്ണിമത്തൻ കൃഷി വ്യാപിപ്പിച്ചു. കാഞ്ഞങ്ങാട് ദുർഗ കുടുംബശ്രീ അയൽക്കൂട്ടത്തിലെ ഒൻപതംഗ സംഘത്തിന്റെ പ്രവർത്തനം ഇതിനുദാഹരണമാണ്.

വീടിനോട് ചേർന്നിരുന്ന ഏകദേശം രണ്ട് ഏക്കർ തരിശുഭൂമി കൃഷിയോഗ്യമാക്കി മികച്ച വിളവാണ് സംഘം നേടിയത്. കടുത്ത വേനലിലും കൃത്യമായ ജലസേചനവും ജൈവവള പ്രയോഗവും ഉറപ്പാക്കിയായിരുന്നു ജില്ലയിലെ പ്രവർത്തനങ്ങൾ. വിപണിയിലെ ആവശ്യകത മുൻകൂട്ടി കണ്ട് വിവിധ ഇനങ്ങളാണ് കൃഷി ചെയ്തത്. പുറംഭാഗം കറുത്ത 'ഷുഗർ ബേബി'ക്കും ഉള്ളിൽ മഞ്ഞനിറമുള്ള 'യെല്ലോ മഞ്ച്' ഇനത്തിനും മികച്ച സ്വീകാര്യത ലഭിച്ചു. നാംധാരി, മഹാരാജ, ഇറാനി, സ്വാം തുടങ്ങിയ ഇനങ്ങളും ജില്ലയിൽ വ്യാപകമായി കൃഷി ചെയ്തു.

''നമ്മുടെ പറമ്പിലെ പഴം'' എന്ന വിശ്വാസം നാട്ടുകാരിൽ വളർത്താൻ കുടുംബശ്രീയ്ക്ക് സാധിച്ചു. പാതയോരങ്ങളിൽ കുടുംബശ്രീ നേരിട്ട് ഔട്ട്ലെറ്റുകൾ ആരംഭിച്ചതോടെ ഇടനിലക്കാരില്ലാതെ കർഷകർക്ക് മികച്ച വരുമാനവും ലഭിച്ചു. സംസ്ഥാനത്താകെ തണ്ണിമത്തൻ കൃഷിയിലൂടെ കുടുംബശ്രീ നേടിയത് 6.78 കോടി രൂപയുടെ വിറ്റുവരവാണ്. ഇതിൽ 3.91 കോടി രൂപയുടെ വിറ്റുവരവുമായി കാസർകോട് ജില്ലയാണ് മുന്നിലെത്തിയത്. 326.9 ഏക്കറിലായി നടത്തിയ കൃഷിയിലൂടെയാണ് ഈ നേട്ടം. രണ്ടാം സ്ഥാനത്തെത്തിയ മലപ്പുറം ജില്ല 99.54 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തെത്തിയ തൃശൂർ ജില്ല 80.24 ലക്ഷം രൂപയും വിറ്റുവരവ് നേടി.

400 ഏക്കർ കൃഷിയെന്ന ലക്ഷ്യവുമായി ആരംഭിച്ച പദ്ധതിയിൽ 326.9 ഏക്കറിൽ തന്നെ റെക്കോർഡ് വിളവാണ് ജില്ല നേടിയത്. ജില്ലയിലെ 42 സി.ഡി.എസ് മേഖലകളിലായി നടന്ന കൃഷിയിൽ ബദിയടുക്ക സി.ഡി.എസ് (16 ഏക്കർ) ഒന്നാം സ്ഥാനവും ചെങ്കള സി.ഡി.എസ് (12 ഏക്കർ) രണ്ടാം സ്ഥാനവും നേടി. ഗ്രൂപ്പുകളിൽ ബദിയടുക്കയിലെ ദുർഗ ജെ.എൽ.ജിയും ചെങ്കളയിലെ ഹരിത, ഹരിശ്രീ ജെ.എൽ.ജികളും മികച്ച പ്രകടനം കാഴ്ചവെച്ചു. ഗുണമേന്മയുള്ള തണ്ണിമത്തൻ കുറഞ്ഞ വിലയിൽ ലഭ്യമായതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഇറക്കുമതി വലിയ തോതിൽ കുറഞ്ഞു. വിളവെടുപ്പ് സമയത്ത് തണ്ണിമത്തൻ ലേലം വിളിച്ചെടുക്കാൻ വ്യാപാരികൾ എത്തിച്ചേരുന്നത് ജില്ലയിലെ കർഷകർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു.

സംസ്ഥാന മിഷന്റെ പിന്തുണയും വിവിധ വകുപ്പുകളുടെ സഹകരണവും തുടർന്നാൽ വരും വർഷങ്ങളിൽ ജില്ലയിലെ തണ്ണിമത്തൻ കൃഷി 700 ഏക്കറിലേക്ക് വ്യാപിപ്പിക്കാൻ കഴിയുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ. രതീഷ് കുമാർ പറഞ്ഞു. ഡിസംബറിൽ ആരംഭിച്ച ക്യാമ്പയിൻ മാർച്ച് - ഏപ്രിൽ മാസങ്ങളോടെ വലിയ വിജയമായി മാറി. സംസ്ഥാനത്താകെ കുടുംബശ്രീയുടെ 817.78 ഏക്കറിലായി നടന്ന കൃഷിയിലൂടെ 44 ലക്ഷം കിലോഗ്രാം തണ്ണിമത്തനാണ് ഉത്പാദിപ്പിച്ചത്. അതിൽ കാസർകോടിന്റെ വിഹിതം ജില്ലയിലെ കാർഷിക പാരമ്പര്യത്തിന്റെയും സംഘശക്തിയുടെയും വിജയഗാഥയായി മാറുകയാണ്.

Tags