കുടുംബശ്രീ കേരളാ ചിക്കൻ പദ്ധതിയിലൂടെ നേട്ടങ്ങൾ കൊയ്ത് കാസർകോട്
കാസർകോട് : കുടുംബശ്രീയുടെ കേരളാ ചിക്കൻ പദ്ധതിയിലൂടെ നേട്ടങ്ങൾ കൊയ്യുകയാണ് കാസർകോട് ജില്ല. നിലവിൽ ജില്ലയിൽ 13 ഫാമുകളാണ് ഉള്ളത്. അജാനൂർ, മധൂർ എന്നിവിടങ്ങളിലെ ഔട്ട്ലെറ്റുകൾ പ്രവർത്തന സജ്ജമായി കഴിഞ്ഞു. പദ്ധതി വഴി ജില്ലയിൽ പതിനേഴര ലക്ഷത്തിലധികം രൂപയുടെ ലാഭം ഉണ്ടായി. ജില്ലയിലെ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഫാമുകളും ഔട്ട്ലെറ്റുകളും തുടങ്ങാൻ കുടുംബശ്രീ ജില്ലാ മിഷൻ ഇപ്പോൾ അപേക്ഷ ക്ഷണിച്ചു.
tRootC1469263">ഈ പദ്ധതി കാസർകോട്ടെ സംരംഭകർക്ക് വലിയൊരു വരുമാന മാർഗ്ഗമാണ് തുറന്നുനൽകുന്നത്. സംരംഭകർക്ക് ആവശ്യമായ കോഴിക്കുഞ്ഞുങ്ങൾ, തീറ്റ, മരുന്ന് എന്നിവ കുടുംബശ്രീ നേരിട്ട് എത്തിച്ചുനൽകും. വളർത്തുക, വിൽക്കുക, ലാഭമെടുക്കുക എന്നത് മാത്രമാണ് സംരംഭകർ ചെയ്യേണ്ടത്. 35 മുതൽ 45 ദിവസത്തിനുള്ളിൽ വളർത്തു കൂലി നൽകി കോഴികളെ കുടുംബശ്രീ തന്നെ തിരികെ എടുക്കുന്നതിനാൽ വിപണനത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല.
ഫാം ആരംഭിക്കാൻ താല്പര്യമുള്ളവർക്ക് ആയിരത്തിന് മുകളിൽ കോഴികളെ വളർത്താനുള്ള സൗകര്യം ഉണ്ടായിരിക്കണം. ഓരോ കോഴിക്കും 1.2 ചതുരശ്ര അടി സ്ഥലം എന്ന കണക്കിൽ കൂടുകൾ സജ്ജമാക്കണം. വാഹന സൗകര്യമുള്ള സ്ഥലമായിരിക്കണം ഫാമുകൾക്കായി തിരഞ്ഞെടുക്കേണ്ടത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ലൈസൻസും ഇതിനായി അനിവാര്യമാണ്. വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും ഒരുപോലെ ഈ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കും. അതുപോലെ തന്നെ കേരള ചിക്കൻ ഔട്ട്ലെറ്റുകൾ തുടങ്ങാനും ജില്ലയിൽ അവസരമുണ്ട്. 400 ചതുരശ്ര അടി വിസ്തീർണ്ണമുള്ള, റിസപ്ഷൻ, കട്ടിംഗ് ഏരിയ, സ്റ്റോക്ക് ഏരിയ എന്നിവയുള്ള കടമുറികളാണ് ഇതിനായി വേണ്ടത്.
ഒരേസമയം 200 കോഴികളെ എങ്കിലും സ്റ്റോക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെ ഉണ്ടായിരിക്കണം. എഫ്.എസ്.എസ്.എ.ഐ, മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫിക്കറ്റ്, സാനിറ്ററി സർട്ടിഫിക്കറ്റ്, തദ്ദേശ സ്വയംഭരണ ലൈസൻസ്, സി.ഡി.എസ് അഫീലിയേഷൻ സർട്ടിഫിക്കറ്റ് എന്നിവയുള്ളവർക്ക് ഔട്ട്ലെറ്റുകൾക്കായി അപേക്ഷിക്കാം.
സംസ്ഥാനമൊട്ടാകെ വലിയ വിജയമാണ് കേരള ചിക്കൻ കൈവരിച്ചത്. കഴിഞ്ഞ പുതുവത്സര വിപണിയിൽ വെറും രണ്ട് ദിവസം കൊണ്ട് 1.21 കോടി രൂപയുടെ വിറ്റുവരവ് നേടിയത് ചരിത്ര നേട്ടമായി. ഗുണമേന്മയുള്ള കോഴിയിറച്ചി കുറഞ്ഞ വിലയ്ക്ക് ജനങ്ങളിൽ എത്തിക്കുന്നതിനൊപ്പം കുടുംബശ്രീ അംഗങ്ങൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കുകയുമാണ് ഇതിലൂടെ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ രതീഷ് കുമാർ പറഞ്ഞു.
.jpg)


