കാസർഗോട് പാലിയേറ്റീവ് കെയർ ദിനാചരണം ജില്ലാതല ഉദ്ഘാടനവും വളണ്ടിയർ സംഗമവും സംഘടിപ്പിച്ചു
കാസർഗോട് : പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയാരോഗ്യ ദൗത്യം കാസർകോട്, തദ്ദേശ സ്വയംഭരണ വകുപ്പ് കാസർകോട് കുടുംബാരോഗ്യ കേന്ദ്രം പാണത്തൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പനത്തടി ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സോയ നിർവഹിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പത്മകുമാരി അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ ദീപ മുഖ്യതിഥിയായി. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ആർ.ഷൈനി മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.അജയ് രാജൻ ദിനാചരണ സന്ദേശം നൽകി. പനത്തടി ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.ബി രതീഷ്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.ജെ ജെയിംസ്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സുപ്രിയ അജിത്ത്, വാർഡ് മെമ്പർമാരായ എം.ഷിബു, എൻ.വിൻസെന്റ്, തദ്ദേശ സ്വയം ഭരണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കെ.വി ഹരിദാസ്, ജില്ലാ പാലിയേറ്റീവ് കോഓർഡിനേറ്റർ ഷിജി ശേഖർ എന്നിവർ സംസാരിച്ചു. ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർ അബ്ദുൽ ലത്തീഫ് മഠത്തിൽ സ്വാഗതവും പനത്തടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ.ഇർഷാദ് നന്ദിയും പറഞ്ഞു.
ജില്ലാതല ഉദ്ഘാടന പരിപാടിയുടെ ഭാഗമായി വോളന്റിയർ സംഗമം, സന്നദ്ധ സംഘടനകളെ ആദരിക്കൽ, ബോധവത്കരണ സെമിനാർ എന്നീ പരിപാടികൾ നടന്നു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.അജയ് രാജൻ ബോധവത്കരണ സെമിനാർ നയിച്ചു. 'സാർവത്രിക പാലിയേറ്റിവ് പരിചരണം അയൽപക്ക കൂട്ടായ്മകളിലൂടെ' എന്ന സന്ദേശമാണ് പാലിയേറ്റീവ് കെയർ ദിനം മുന്നോട്ട് വെക്കുന്നത്. കിടപ്പിലായ മുഴുവൻ രോഗികൾക്കും പാലിയേറ്റീവ് കെയർ വളണ്ടിയർമാരെ ലിങ്ക് ചെയ്ത കേരളത്തിലെ ആദ്യത്തെ പഞ്ചായത്താണ് പനത്തടി ഗ്രാമപഞ്ചായത്ത്.
പാലിയേറ്റിവ് കെയറിന്റെ ഭാഗമായി ആകെ 14362 രോഗികൾ ആണ് ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 6224 ക്യാൻസർ രോഗികൾ, 1200 ക്രോണിക് വൃക്ക രോഗികൾ, ഡ്രസിങ് ആവശ്യമായ 295 രോഗികൾ, ട്യൂബ് ഫീഡിങ് ആയുള്ള 88 രോഗികൾ, കൊളോസ്റ്റമി ചെയ്ത 173 രോഗികൾ എന്നിവർ ഉൾപ്പെടുന്നു. എല്ലാ മാസവും 822 ഹോം കെയറുകളിലായി 7659 രോഗികൾക്ക് പരിചരണം നൽകി വരുന്നു. കൂടാതെ എല്ലാ മാസവും അഞ്ഞൂറോളം രോഗികൾക്ക് ഫിസിയോതെറാപ്പി സേവനവും, സെക്കൻഡറി ഹോം കെയർ വിസിറ്റിന്റെ ഭാഗമായി ആയിരത്തോളം രോഗികൾക്ക് പരിചരണവും നൽകി വരുന്നുണ്ട്. കൂടാതെ ആയുർവേദ, ഹോമിയോ അലോപ്പതി, ഹോം കെയറുകളിലായി ഏതാണ്ട് 500 ഓളം രോഗികൾക്ക് പരിചരണം നൽകി വരുന്നു. കേരള ഗവൺമെന്റിന്റെ സാമൂഹിക സന്നദ്ധ സേന പോർട്ടൽ വഴി ജില്ലയിൽ 2397 വളണ്ടിയർമാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 400 ഓളം ആളുകൾ കേരള ഗവൺമെന്റിന്റെ പാലിയേറ്റീവ് കെയർ ഗ്രിഡ് വഴി മൂന്നു ദിവസത്തെ പരിശീലനം നേടിയിട്ടുണ്ട്. ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ.വി രാംദാസ് അറിയിച്ചു.
.jpg)


