കേരളത്തിന്റെ ഭാവി വ്യവസായ വികസനത്തിന്റെ കേന്ദ്രമായി കാസര്‍കോട് മാറും: മന്ത്രി പി രാജീവ്

കാസർകോട് : കേരളത്തിന്റെ ഭാവി വ്യവസായ വികസനത്തിന്റെ കേന്ദ്രമായി കാസര്‍കോട് മാറുമെന്ന് വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആവിഷ്‌ക്കരിച്ച് ജില്ലാ വ്യവസായ കേന്ദ്രം നടത്തുന്ന റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമം ഉദുമ ലളിത് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാസര്‍കോടിന്റെ നിക്ഷേപ സാധ്യത നേരത്തെ ഉള്ളതിനേക്കാള്‍ പതിന്‍മടങ്ങ് വര്‍ധിച്ചു.
കണ്ണൂര്‍, മംഗലാപുരം വിമാനത്താവളം, മംഗലാപുരം തുറമുഖം, ദേശീയപാതാ വികസനം, ബേക്കല്‍ -കോവളം ജലപാത തുടങ്ങി ചരക്ക് നീക്കം എളുപ്പമാവാനുള്ള ഗതാഗത ബന്ധങ്ങളും സാധ്യതകളും ജില്ലയില്‍ കൂടുകയാണ്. ഭൂമിയുടെ സാധ്യത കൂടുതല്‍ കാസര്‍കോട് ജില്ലയിലാണ്. മറ്റ് ജില്ലകളില്‍ ഭൂമി അനുവദിക്കാന്‍ കഴിയാത്ത പ്രശ്‌നം നേരിടുമ്പോള്‍ കാസര്‍കോട് സര്‍ക്കാര്‍, സ്വകാര്യ ഭൂമി ലഭ്യമാണ്. ഭൂമിയുടെ വിലയും കേരളത്തിലെ മഹാനഗരങ്ങളെ അപേക്ഷിച്ച് കുറവാണ്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഉള്‍പ്പെടെയുള്ള ഭൂമി ജില്ലയില്‍ ലഭ്യമാണ്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യ സംസ്‌കരണ പാര്‍ക്കുകളില്‍ ഒന്ന് ഉദുമ സ്പിന്നിംഗ് മില്‍ ഏരിയയില്‍ ആരംഭിക്കും. ജില്ലയിലെ നിക്ഷേപക രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു. ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നിക്ഷേപകര്‍ കേരളത്തിലേക്ക് വരികയാണ്. ഈ മാറ്റം ഉപയോഗപ്പെടുത്താന്‍ കഴിയണം.
സംരംഭങ്ങള്‍ ആരംഭിക്കുന്നതില്‍ പഞ്ചായത്തുകളിലും അനുകൂല സാഹചര്യം ഉണ്ടായി വരുന്നുണ്ട്. എത്ര സംരംഭം തുടങ്ങി, എത്ര തൊഴില്‍ സൃഷ്ടിച്ചു എന്നതും പഞ്ചായത്ത് പ്രസിഡണ്ടിനെയും അംഗങ്ങളെയും വിലയിരുത്താനുള്ള ഘടകമാകണം. സംസ്ഥാനത്ത് ക്യാംപസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും സ്വകാര്യ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.