വോട്ടർ പട്ടികയിൽ പേര് ചേർക്കാം: കാസർഗോട് ജില്ലയിൽ പ്രത്യേക എന്റോൾമെന്റ് ഡ്രൈവിന് തുടക്കം
കാസർഗോട് : വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തെറ്റ് തിരുത്തുന്നതിനും ജില്ലയിൽ പ്രത്യേക എന്റോൾമെന്റ് ഡ്രൈവിന് തുടക്കം. ഒക്ടോബർ 15 മുതൽ 31 വരെയാണ് എന്റോൾമെന്റ് ഡ്രൈവ്. നിലവിൽ വോട്ടർപട്ടികയിൽ ഉൾപ്പെടാത്തവർക്കും 2027 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയാകുന്നവരും പേര് ചേർക്കുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് അറിയിച്ചു.
ഒക്ടോബർ 31 വരെ ജില്ലയിലെ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഡിജിറ്റൽ ഹെൽപ് ഡെസ്ക്കുകൾ പ്രവർത്തിക്കും. അപേക്ഷകർ ഫോറം 6 പൂർത്തിയാക്കി നൽകണം. https://voters.eci.gov.in എന്ന ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റ് വഴിയോ ECINET മൊബൈൽ ആപ്പ് വഴിയോ ഓൺലൈനായി അപേക്ഷ നൽകാം.
അപേക്ഷയോടൊപ്പം ഫോട്ടോ, വയസ്, വിലാസം, സ്ഥിരതാമസം എന്നിവ തെളിയിക്കുന്നതിന് ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചിട്ടുള്ള 12 രേഖകളിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കണം. അപേക്ഷയോടൊപ്പം ആധാർ നൽകുന്നവർ അതിന് പുറമെ അംഗീകൃതമായ മറ്റൊരു രേഖ കൂടി നൽകണം. അപേക്ഷകളുടെ തുടർപരിശോധന ബൂത്ത് ലെവൽ ഓഫീസർമാർ അപേക്ഷകരുടെ വീടുകളിലെത്തി പൂർത്തിയാക്കും.
.jpg)


