കാസർഗോട് ജില്ലാ ആശുപത്രിയിൽ രോഗികൾക്ക് പ്രഭാതഭക്ഷണം നൽകുന്ന പദ്ധതി അടുത്തമാസം ആരംഭിക്കും; കാസർഗോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
കാസർഗോട് : ജില്ലാ ആശുപത്രിയിൽ രോഗികൾക്ക് പ്രഭാതഭക്ഷണം നൽകുന്ന പദ്ധതി ജൂൺ ഒന്നുമുതൽ ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും വേഗത്തിൽ പൂർത്തിയാക്കണമെന്നു നിർദ്ദേശം നൽകി. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് അടിയന്തരമായി സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിച്ച് ഫിറ്റ്‌നസ് നൽകാനും മൺസൂണിന് മുൻപ് അപകടകരമായി കെട്ടിടത്തിന് സമീപം നിൽക്കുന്ന മരങ്ങൾ മുറിക്കാനുമുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർദേശം നൽകി.
സ്‌കൂൾ കെട്ടിടത്തിനോട് ചേർന്നു നിൽക്കുന്ന കാടുവെട്ടിത്തളിച്ച് ശുചീകരണ പ്രവർത്തനങ്ങൾ 25നുള്ളിൽ പൂർത്തിയാക്കണം. സുരക്ഷാ വീഴ്ചയുള്ള സ്‌കൂൾ കെട്ടിടങ്ങൾ പൊളിച്ചു നീക്കം ചെയ്യാൻ തദ്ദേശസ്വയംഭരണ വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർമാർക്ക് നിർദേശം നൽകി. നടപ്പ് സാമ്പത്തിക വർഷത്തെ പദ്ധതികൾ ഈ വർഷം തന്നെ പൂർത്തീകരിക്കണം. പുതിയ പദ്ധതികളുടെ എസ്റ്റിമേറ്റ് അടുത്ത മാസം (ജൂൺ) ജില്ലാ പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം.
വിദ്യാഭ്യാസ മേഖലയിൽ ജില്ലാ പഞ്ചായത്ത് വിളിക്കുന്ന യോഗങ്ങളിൽ ഇനിമുതൽ ഹയർ സെക്കൻഡറി പ്രിൻസിപ്പാൾമാരും പങ്കെടുക്കണം, അതിനുള്ള നടപടികൾ ഏർപ്പാടാക്കും. ജില്ലാ പഞ്ചായത്തിന്റെ ഓക്‌സിജൻ പ്ലാന്റ് നടത്തിപ്പിന് ഏജൻസികളെ ക്ഷണിച്ച് ക്വട്ടേഷൻ നൽകിയിട്ടുണ്ടെന്നും യോഗത്തിൽ അറിയിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സോയ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഇർഫാന ഇഖ്ബാൽ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കൃഷ്ണൻ ഒക്ലാവ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ റീന തോമസ്, ആരോഗ്യകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്‌സൺ എം മനു, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.ബിജു, വിവിധ വകുപ്പുകളിലെ ജില്ലാ നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംസാരിച്ചു.
.jpg)

