ജൈവ കൃഷി രംഗത്ത് കുതിച്ച് കാസർഗോട് ജില്ല; 3000 ഹെക്ടർ സ്ഥലത്ത് ജൈവ കൃഷി
കാസർഗോട് : ജൈവ കൃഷി രംഗത്ത് കുതിച്ച് കാസർകോട് ജില്ല. ജില്ലയിൽ 3000 ഹെക്ടർ സ്ഥലത്താണ് ജൈവകൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവ കൃഷി നടത്തുന്നത്. പദ്ധതിയിൽ ഉൾപ്പെട്ട കർഷകർക്ക് ഓൺലൈനിലൂടെ സ്വന്തം കാർഷികോത്പന്നങ്ങൾ വിറ്റഴിക്കാനും അവസരമുണ്ട്്. ഈ രീതി വഴി കർഷകന് ഉത്പന്നങ്ങൾക്ക് വിലയും നിശ്ചയിക്കാം.
ജൈവ കാർഷിക നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കാസർകോട് ജില്ലയെ 2012ൽ ജൈവ ജില്ലയായി പ്രഖ്യാപിക്കുകയും പ്രധാന കാർഷിക വിളകളിൽ ജൈവകൃഷി മുറകൾ അനുവർത്തിച്ചു കൊണ്ടുള്ള പദ്ധതി നടപ്പിലാക്കുകയും ചെയ്തു. പങ്കാളിത്ത ഗ്യാരണ്ടി സമ്പ്രദായത്തിൽ ക്ലസ്റ്റർ അടിസ്ഥാനത്തിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 2020-21 ൽ ആരംഭിച്ച പദ്ധതിയാണ് ഭാരതീയ പ്രകൃതി കൃഷി പദ്ധതി. ഇതിന്റെ ഭാഗമായാണ് പി.ജി.എസ് ഇന്ത്യ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും പദ്ധതി മാനദണ്ഡങ്ങൾ പാലിച്ചു കൃഷിചെയ്യുകയും ചെയ്യുന്ന കർഷകർക്ക് മൂന്നുവർഷം കഴിഞ്ഞ് പി.ജി.എസ് ഓർഗാനിക് സർട്ടിഫിക്കേഷൻ ലഭിക്കുന്നത്. ഇത് ലഭിച്ച കർഷകർക്കാണ് ജൈവ ഓൺലൈൻ വിപണിയായ 'ജൈവിഖേതി'പോർട്ടൽ വഴി ഉത്പന്നങ്ങൾ വിറ്റഴിക്കാൻ അവസരം.
ജില്ലയെ ആറു ബ്ലോക്കുകളായി തിരിച്ച് ഈ പദ്ധതി വഴി രാസവള കീടനാശിനികൾക്ക് പകരം ജീവാമൃതം, ബീജാ മൃതം, പഞ്ചഗവ്യം തുടങ്ങി പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിന് പരിശീലനം നൽകുന്നു. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് തിരഞ്ഞെടുത്ത കർഷകരുടെ നേതൃത്വത്തിൽ പരിശീലനം ഫീൽഡ് തല നിരീക്ഷണം സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചു വരുന്നു. കൃഷിഭവന്റെ നേതൃത്വത്തിൽ പഠനയാത്രകൾ, കിസാൻ മേള, മാതൃക കൃഷിത്തോട്ടങ്ങൾക്ക് സബ്‌സിഡി, പരമ്പരാഗത കൃഷി പ്രോത്സാഹനം എന്നിവയും നടപ്പിലാക്കുന്നുണ്ട് ജില്ലയിൽ ആറ് ബ്ലോക്കുകളിലായി 500 ഹെക്ടർ വീതമുള്ള സ്ഥലത്താണ് ജൈവകൃഷി നടപ്പിലാക്കുന്നത്. 6492 കർഷകൾ ജില്ലയിൽ ഈ പദ്ധതിയുടെ ഭാഗമാണ്. 3000 ഹെക്ടർ സ്ഥലം ജൈവകൃഷിയിലേക്ക് കൊണ്ടുവരാൻ സാധിച്ചു എന്നുള്ളതാണ് കൃഷിവകുപ്പിന്റെ നേട്ടം. പദ്ധതി വിഭാവനം ചെയ്ത മുഴുവൻ പ്രദേശത്തേക്കും പിജിഎസ് ഗ്രീൻ സ്‌കോപ്പ് സർട്ടിഫിക്കറ്റ് നൽകാൻ സാധിച്ചിട്ടുള്ള ഏക ജില്ലയാണ് കാസർകോട് തേങ്ങ, അടയ്ക്ക, വാഴ, കുരുമുളക് പച്ചക്കറികൾ പഴവർഗ്ഗങ്ങൾ എന്നിവയാണ് ഈ കൃഷിരീതി വഴി വിളവെടുക്കുന്നത്.
.jpg)

