മാലിന്യ സംസ്‌കരണ രംഗത്തെ നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി കാസർകോട് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്


കാസർകോട് : മാലിന്യമുക്ത ജില്ലാ പ്രഖ്യാപനത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് മാലിന്യ സംസ്‌കരണ ലംഘനങ്ങള്‍ക്കെതിരെയുള്ള പരിശോധന ശക്തമാക്കി വരുന്നു. ചെങ്കള ഗ്രാമപഞ്ചായത്തിലെ ബേര്‍ക്കയില്‍ ക്വാര്‍ട്ടേഴ്സുകളായി ഉപയോഗിക്കുന്ന അഞ്ചോളം കെട്ടിട സമുച്ഛയങ്ങളുള്ള ക്വാര്‍ട്ടേഴ്സില്‍ നിന്നുള്ള ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും റോഡരികില്‍ പ്രത്യേക കെട്ടിനുള്ളില്‍ കൂട്ടിയിടുകയും അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും ഒരു കെട്ടിടത്തില്‍ നിന്നുള്ള മലിനജലം തുറസ്സായ സ്ഥലത്തേക്ക് ഒഴുകുന്നതും കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടമയ്ക്ക് 15,000 രൂപ പിഴ ചുമത്തി. ക്വാര്‍ട്ടേഴ്സില്‍ നിന്നുള്ള ഉപയോഗജലം റോഡരികിലെ പൊതു ഓവുചാലിലേക്ക് ഒഴുക്കി വിട്ടതിന് ക്വാര്‍ട്ടേഴ്സ് ഉടമയില്‍ നിന്നും 5000 രൂപ തല്‍സമയ പിഴ ഈടാക്കി.
മലിനജലം സോക്ക് പിറ്റിലേക്ക് ഒഴുക്കി വിടാതെ ക്വാര്‍ട്ടേഴ്സിനരികില്‍ കെട്ടി നിര്‍ത്തിയതിന് പടുവടുക്കത്തുള്ള ക്വാര്‍ട്ടേഴ്സ് ഉടമയില്‍ നിന്നും 5000 രൂപ തല്‍സമയ പിഴ ഈടാക്കിയിട്ടുണ്ട്. പന്നിപ്പാറയിലെയും ബേര്‍ക്കയിലെയും വാലി, കോംപ്ലക്സ്, ബില്‍ഡിംഗ് എന്നിവയുടെ ഉടമകളില്‍ നിന്നും മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് 2000 രൂപ വീതം തല്‍സമയ പിഴ ചുമത്തി. കുമ്പഡാജെ ഗ്രാമപഞ്ചായത്തിലെ പൊടിപ്പള്ളത്തുള്ള പ്രധാന റോഡരികില്‍ കറുവത്തടുക്ക എന്ന സ്ഥലത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് അവസരമൊരുക്കിയ സ്ഥലമുടമയ്ക്ക് 5000 രൂപ പിഴ ചുമത്തുകയും സ്ഥലം വൃത്തിയായി സൂക്ഷിക്കുന്നതിനും മാലിന്യം നിക്ഷേപിക്കാന്‍ പറ്റാത്ത രീതിയില്‍ നെറ്റുകള്‍ സ്ഥാപിക്കുന്നതിനും നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

കടയും പരിസരവും വൃത്തിയായി സൂക്ഷിക്കാത്തതിനും വലിച്ചെറിഞ്ഞതിനുമായി ഏത്തഡുക്കയിലെ ഇലക്ട്രിക്കല്‍സ്, ടി ഷോപ്പ്, സ്റ്റോര്‍ എന്നീ സ്ഥാപനം ഉടമകള്‍ക്കും 2000 രൂപ പ്രകാരം തല്‍സമയ പിഴ ചുമത്തിയിട്ടുണ്ട്. അജൈവമാലിന്യങ്ങള്‍ തരംതിരിച്ച് ഹരിത കര്‍മ്മ സേനയ്ക്ക് ഏല്‍പ്പിക്കാത്തതിനും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ക്വാര്‍ട്ടേഴ്സ് പരിസരത്ത് വലിച്ചെറിഞ്ഞ് വൃത്തികേടാക്കിയതും കണ്ടെത്തിയതിനാല്‍ കാഞ്ഞങ്ങാട് ടിവി റോഡിലെ കോര്‍ട്ടേഴ്സ് ഉടമയ്ക്ക് 10000 രൂപയും മാലിന്യം കത്തിച്ചതിന് ആവിക്കരയിലെ ഹാഷി കോട്ടേഴ്സ് ഉടമയ്ക്ക് 5000 രൂപയും പിഴ നല്‍കിയിട്ടുണ്ട്.
പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡര്‍ കെ വി മുഹമ്മദ് മദനി, അസിസ്റ്റന്റ് സെക്രട്ടറി സഹജന്‍ കെ വി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രശ്മി കെ, സ്‌ക്വാഡ് അംഗം ഇ.കെ ഫാസില്‍ എന്നിവര്‍ പങ്കെടുത്തു.