വിദ്യാവാഹിനി ഒഴുകുന്നു; കാസർ​​ഗോഡ് ജില്ലയിലെ ഉന്നതികളിൽ നിന്ന് വിദ്യതേടി 3129കുട്ടികൾ

The education channel is flowing; 3129 children seek education from the heights of Kasaragod district
The education channel is flowing; 3129 children seek education from the heights of Kasaragod district

കാസർ​​ഗോഡ്: നമ്മളെ കാലത്തും ഇത്തരം സംവിധാനങ്ങൾ ഇണ്ടായിനെങ്കിൽ കൂടുതല കുട്ടികൾ സ്‌കൂളിൽ പോയേനെ... മഴയ്ക്കും കാറ്റിനും എന്റെ കുട്ടിയടക്കം എല്ലാരും സുരക്ഷിതരായി സ്‌കൂളിൽ എത്തുമല്ലോ... മക്കൾ വരാൻ വൈകുന്നതോർത്ത് ആശങ്കപ്പെടണ്ടല്ലോ..വണ്ടി മടങ്ങി വരുന്ന സമയം നോക്കി കാത്തുനിക്കാം.. പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ സ്‌കൂളിലേക്ക് കുട്ടികളെ എത്തിക്കുന്നതിനായി ആരംഭിച്ച പദ്ധതിയായ വിദ്യാവാഹിനിയുടെ ഗുണഭോക്താവായ കുട്ടിയുടെ രക്ഷിതാവ് ചാമകൊച്ചി സ്വദേശി സി.എച്ച് ശങ്കറിന്റെ വാക്കുകളാണിത്. ദേലമ്പാടി പഞ്ചായത്തിന് കീഴിൽ വരുന്ന ചാമകൊച്ചി പ്രദേശത്തെ പട്ടികവർഗ്ഗ ഉന്നതിയിൽ നിന്ന് നാൽപതോളം കുട്ടികളാണ് നാലര കിലോമീറ്ററുകളോളം താണ്ടി കുറ്റിക്കോൽ പഞ്ചായത്തിലെ ബന്തടുക്ക സ്‌കൂളിൽ എത്തുന്നത്. 

tRootC1469263">

കാസർകോട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന് കീഴിൽ വിദ്യാവാഹിനി ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്ന ഒരു സ്‌കൂളാണ് ബന്തടുക്ക സ്‌കൂൾ. മലയോര ഗ്രാമമായ ബന്തടുക്കയിലെ പതിനാറോളം പ്രദേശങ്ങളിൽ നിന്നായി വിദ്യാവാഹിനിയുടെ ഭാഗമായ 19 വാഹനങ്ങളിൽ 244 കുട്ടികളാണ് സ്‌കൂളിൽ എത്തുന്നത്. ഈ പദ്ധതിയിലൂടെ കുട്ടികളുടെ കൊഴിഞ്ഞുപോക്കും ക്ലാസ്സിൽ വരാനുള്ള മടിയും കുറഞ്ഞതായി ബന്തടുക്ക സ്‌കൂൾ പ്രധാന അധ്യാപകൻ രാഘവ മാസ്റ്റർ പറയുന്നു. ഏകദേശം എട്ട് കിലോമീറ്റർ ചുറ്റളവിൽ നിന്നും കുട്ടികൾ സ്‌കൂളിൽ ദിവസവും വരാറുണ്ടെന്നും വാഹനങ്ങളിൽ കുട്ടികൾ ഒരുമിച്ച് വരുന്നത് കൊണ്ട് അവരുടെ മാനസിക ഉല്ലാസവും സ്‌കൂളിൽ വരാനുള്ള താൽപര്യം വർധിച്ചിട്ടുണ്ടെന്നും രാഘവ പറയുന്നു. പദ്ധതിയുടെ നടത്തിപ്പിനായി നല്ല സഹകരണമാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൂടിയായ ഡ്രൈവർ ചെനിയ നായ്ക്ക് പറയുന്നു 

2013 -14 വർഷത്തിൽ പട്ടികവർഗ്ഗ വികസന വകുപ്പ് ഗോത്ര സാരഥി എന്ന പേരിൽ ആരംഭിച്ച പദ്ധതിയാണ് പിന്നീട് വിദ്യാവാഹിനി എന്ന പേരിൽ പുനർ നാമകരണം ചെയ്യപ്പെട്ടത്. ഒരേസമയം ഒന്നിൽകൂടുതൽ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഗുണ ഭോക്താക്കൾക്ക് അവസരം ഒരുക്കുകയാണ് പദ്ധതിയിലൂടെ. വിദ്യാർത്ഥികളെ സൗജന്യമായി വിദ്യാലയത്തിലേക്കും തിരിച്ചും എത്തിക്കുന്ന ഈ പദ്ധതിയിൽ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനോടൊപ്പം ഡ്രൈവർമാർക്ക് തൊഴിലും ഉറപ്പുവരുത്തുന്നുണ്ട്. പട്ടികവർഗ വിഭാഗത്തിൽ നിന്ന് ഡ്രൈവർമാർ ഇല്ലാത്തപക്ഷം പൊതു വിഭാഗത്തിൽ നിന്ന് തിരഞ്ഞെടുക്കുന്നു.

പൊതു ഗതാഗത സംവിധാനം ഇല്ലാത്ത ദുർഘടമായ, വനപ്രദേശങ്ങളിൽ നിന്നും വരുന്ന ഒന്നു മുതൽ 10 വരെ ക്ലാസിലുള്ള കുട്ടികൾക്കാണ് വിദ്യാവഹിനിയുടെ പ്രയോജനം ലഭിക്കുക. എൽ.പി, യു.പി ക്ലാസ്സുകളിൽ ഒരു കിലോമീറ്ററിലും ഹൈ സ്‌കൂൾ വിഭാഗത്തിൽ രണ്ട് കിലോമീറ്റർ കുറയാത്ത ദൂരവുമുള്ള ഏറ്റവും അടുത്ത പൊതുവിദ്യാലയത്തിലേക്കാണ് വിദ്യാവാഹിനിയുടെ സേവനം ലഭിക്കുക. ബന്തടുക്ക സ്‌കൂളിൽ മാത്രം ഒരു മാസം മൂന്ന് ലക്ഷം രൂപയ്ക്കടുത്ത് വണ്ടികളുടെ വാടകയിനത്തിൽ വകുപ്പിന് ചെലവ് വരുന്നതായി കാസർകോട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ വീരേന്ദ്രകുമാർ പറയുന്നു. കാസർകോട് ട്രൈബൽ ഡവലപ്പ്‌മെന്റ് ഓഫീസിന് കീഴിൽ 36 സ്‌കൂളുകളിലായി 1179 വിദ്യാർത്ഥികളും പരപ്പ ട്രൈബൽ ഡവലപ്പ്‌മെന്റ് ഓഫീസിന് കീഴിൽ 31 സ്‌കൂളുകളിലായി 1950 കുട്ടികളുമായി ആകെ 3129 വിദ്യാർത്ഥികളാണ് ജില്ലയിൽ വിദ്യാ വാഹിനിയുടെ ഗുണഭോക്താക്കൾ.

Tags