കടലാക്രമണവും മഴക്കെടുതിയും: കാസർഗോട് ജില്ലാ കളക്ടർ കുമ്പള കോയിപ്പാടി കടപ്പുറം സന്ദർശിച്ചു
കാസർഗോട് : കടൽക്ഷോഭം രൂക്ഷമായ കുമ്പള കോയിപ്പാടി കടപ്പുറം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു.പ്രദേശവാസികളുമായി സംസാരിച്ച കളക്ടർ സ്ഥിതിഗതികൾ വിലയിരുത്തി.കടലാക്രമണ ഭീഷണി നേരിടുന്ന മൂന്നോളം കുടുംബങ്ങളെ നേരത്തെ തന്നെ ഒഴിപ്പിച്ച് സുരക്ഷിതമായ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. പുനർഗേഹം പദ്ധതി പ്രകാരം തദ്ദേശവാസികളെ പുനരധിവസിപ്പിക്കുന്ന നടപടി വേഗത്തിലാക്കാൻ കളക്ടർ നിർദേശം നൽകി. കടൽക്ഷോഭത്തെ തുടർന്നും മാറാൻ വിസമ്മതിച്ചിരുന്ന കുടുംബങ്ങളും സുരക്ഷിതമായി ബന്ധുവീടുകളിലേക്ക് മാറി താമസിക്കാൻ കളക്ടറെ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
കടൽക്ഷോഭത്തെ നേരിടാൻ ചെല്ലാനം മാതൃകയിൽ ടെട്ര പോടുകൾ നടപ്പിലാക്കണമെന്ന് പ്രദേശവാസികൾ കളക്ടറോട് ആവശ്യപ്പെട്ടു.കടൽക്ഷോഭത്തിൽ തെങ്ങുകൾ ഉൾപ്പെടെ നാശനഷ്ടം സംഭവിച്ച വയുടെ കണക്കെടുത്ത് നൽകാൻ ജില്ല കളക്ടർ വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി. ഇവിടെ പോലീസ് പെട്രോളിങ് നടക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ എലിപ്പനി പ്രതിരോധ പ്രതിരോധത്തിനായി വീടുകളിൽ ഡോക്സി സൈക്ലിൻ വിതരണം ചെയ്യുകയും ജലസ്രോതസ്സ് ശുചീകരിക്കുകയും ചെയ്യുന്നുണ്ട്.
കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.പി അബ്ദുൾ ഖാദർ, വൈസ് പ്രസിഡന്റ് എം.ബൽക്കീസ്, കുമ്പള ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഹമീദ് കോയ, അമിത ആൽവ, എ.കാഞ്ചാര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പൃഥ്വിരാജ് ഷെട്ടി, കുമ്പള പഞ്ചായത്ത് സെക്രട്ടറി കെ.സിദ്ധാർത്ഥ, അസിസ്റ്റന്റ് സെക്രട്ടറി ഷൈജു, എൽ.എസ്.ജി.ഡി എൻജിനീയർ സതീഷ്, മഞ്ചേശ്വരം തഹസിൽദാർ എല്‍.കെ സുബൈർ, ഡെപ്യൂട്ടി തഹസിൽദാർ കിരൺ ഷട്ടി, കോയിപ്പാടി വില്ലേജ് ഓഫീസ് രാജേഷ് കുമാർ, ഇറിഗേഷൻ വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ സഞ്ജയ്, കുമ്പള പി.എച്ച്സി ഹെൽത്ത് ഇൻസ്പെക്ടർ അരുൺകുമാർ ഫിഷറീസ് വകുപ്പ് ഡി.ഡി ഷൈനി, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അരുണേന്ദു, മത്സ്യ ഭവന ഓഫീസർ ഷിനാസ്, ഇറിഗേഷൻ വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ സഞ്ജയ്, എന്നിവർ കളക്ടറെ അനുഗമിച്ചു.
.jpg)

