വിദ്യാർത്ഥികൾ സാധ്യതകളെ കരുത്താക്കി ലോകത്തിനൊപ്പം നടക്കാൻ പഠിക്കണം; കാസർകോട് ജില്ലാ കളക്ടർ

NAIPUNYAPARISEELANAM

കാസർകോട്  : വിദ്യാർത്ഥികൾ സാധ്യതകളെ കരുത്താക്കി ലോകത്തിനൊപ്പമൊ ഒരു പടി മുന്നിലോ സഞ്ചരിക്കാൻ പഠിക്കണമെന്ന് ജില്ലാകളക്ടർ ശ്രീധന്യ സുരേഷ് പറഞ്ഞു. കാസർകോട് ജില്ലാ പഞ്ചായത്ത് നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി പട്ടികജാതിപട്ടികവർഗ്ഗ വികസന വകുപ്പും തലശ്ശേരി എൻ.ടി.ടി.എഫും സഹകരിച്ച് നടപ്പിലാക്കിയ നൈപുണ്യ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 32 വിദ്യാർത്ഥികൾക്ക് നിയമന ഉത്തരവുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാകളക്ടർ. എല്ലാ സാങ്കേതിക വിദ്യകളും സൗകര്യങ്ങളും അനുകൂലമായുള്ള സാഹചര്യത്തിൽ അത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും കളക്ടർ പറഞ്ഞു. തേടിയെത്തുന്ന ഓരോ അവസരങ്ങളും അടുത്ത പടിയിലേക്ക് കടക്കാനുള്ള ചവിട്ടുപടികളായി കാണണമെന്നും സ്വന്തം ജീവിതം സ്വന്തമായി തീരുമാനിക്കുള്ള പ്രാപ്തി ആൺ, പെൺ ഭേദമില്ലാതെ നമ്മുടെ കുട്ടികൾക്ക് ഉണ്ടാകേണ്ടതുണ്ടെന്നും കളക്ടർ പറഞ്ഞു.

ഡി.പി.സി. ഹാളിൽ നടന്ന ചടങ്ങിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡണ്ട് കെ. ബി മുഹമ്മദ് കുഞ്ഞി, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ സോയ, സ്ഥിരം സമിതി അധ്യക്ഷരായ കെ.കൃഷ്ണൻ ഒക്ളാവ്, ജസ്‌ന മനാഫ്, റീന തോമസ്, സുകുമാരി ശ്രീധരൻ അംഗങ്ങളായ ടി.പി. ബീന കെ.ബിന്ദു  മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു.കെ.സൈഫുള്ള തങ്ങൾനീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. മീനാകുമാരി, തദ്ദേശസ്വയംഭരണവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കെ.വി ഹരിദാസ് ജില്ലാ പ്ലാനിംഗ് ഓഫീസർ ബി.എം അനിൽകുമാർ, എൻ.ടി.ടി.എഫ് പ്രിൻസിപ്പാൾ എം. സരസ്വതി, എൻ.ടി.ടി.എഫ് പ്രതിനിധി വികാസ് പലേരി തുടങ്ങിയവർ സംസാരിച്ചു. നിയമനം ലഭിച്ച വിദ്യാർത്ഥികൾ പരിശീലന കാലയളവിലെ അനുഭവങ്ങളും ജീവിതത്തിൽ വന്ന മാറ്റങ്ങളും വിവരിച്ചു. കാസർകോട് പട്ടിക വർഗ വികസന ഓഫീസർ കെ. മധുസൂദനൻ സ്വാഗതവും ജില്ലാ പട്ടിക ജാതി വികസ ഓഫീസർ കെ മനോഹരൻ നന്ദിയും പറഞ്ഞു.
 

Tags