എൻഡോസൾഫാൻ ദുരിത ബാധിതരായ കുട്ടികളുടെ അമ്മമാർക്ക് പ്രത്യേക സ്വയംതൊഴിൽ പരിശീലനം നൽകണം: കാസർഗോട് ജില്ലാ കളക്ടർ
കാസർഗോട് :എൻഡോസൾഫാൻ ദുരിത ബാധിതരായ കുട്ടികളുടെ അമ്മമാർക്ക് അവരുടെ നൈപുണ്യത്തിന് അനുസൃതമായി ചിട്ടപ്പെടുത്തിയ പ്രത്യേക സ്വയംതൊഴിൽ പരിശീലനം നൽകണമെന്ന് ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് നിർദേശിച്ചു. ഗ്രാമീണ സ്വയംതൊഴിൽ സംരംഭകത്വ വികസന പരിശീലന സ്ഥാപനമായ വെള്ളിക്കോത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റിന്റെ (ആർ-സെറ്റി) രണ്ടാം പാദ വാർഷിക അവലോകന യോഗത്തിലാണ് കളക്ടർ ഈ നിർദേശം നൽകിയത്. 'സഹജീവനം സ്നേഹഗ്രാമം' പദ്ധതിയുടെ ഗുണഭോക്താക്കളായ അമ്മമാർക്കായി ജില്ലാ ഭരണകൂടം, എൻഡോസൾഫാൻ സെൽ, നബാർഡ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുക.
വെള്ളിക്കോത്ത് പരിശീലന കേന്ദ്രം വഴി ഇതുവരെ 424 പരിശീലന പരിപാടികളിലായി 10,471 പേരാണ് പരിശീലനം പൂർത്തിയാക്കിയത്. ഇതിൽ 6,257 പേർ വിവിധ സ്വയംതൊഴിൽ-സംരംഭക മേഖലകളിലേക്ക് പ്രവേശിച്ചു. നിലവിൽ 32 പേർ കേന്ദ്രത്തിൽ തയ്യൽ പരിശീലനം നേടിവരുന്നുണ്ട്. ഇതിനുപുറമെ 150 ബോധവൽക്കരണ പരിപാടികളിലായി 2,563 പേർ പങ്കെടുത്തു. ഓപ്പറേഷൻ തൂഫാൻ ബോധവൽക്കരണ പരിപാടി, പരിസ്ഥിതി ദിനം, യോഗാ ദിനം തുടങ്ങിയവ സമുചിതമായി ആചരിച്ചു. കാസർകോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി സഹകരിച്ച് ശരണ്യ പദ്ധതിയിലെ 20 ഗുണഭോക്താക്കൾക്കായി പ്രത്യേക പരിശീലന പരിപാടിയും സംഘടിപ്പിച്ചു.
തയ്യൽ പരിശീലനം, മൊബൈൽ ഫോൺ റിപ്പയറിങ് ആൻഡ് സർവീസിങ്, ഫാസ്റ്റ് ഫുഡ് സ്റ്റാൾ ഉദ്യമി, അച്ചാർ-പപ്പടം-കറി പൗഡർ നിർമ്മാണം, ബ്യൂട്ടീഷൻ കോഴ്സ്, സിസിടിവി ഇൻസ്റ്റാളേഷൻ ആൻഡ് സർവീസിങ്, ഫോട്ടോഗ്രാഫി ആൻഡ് വീഡിയോഗ്രാഫി, വസ്ത്ര-ചിത്രകല ഉദ്യമി, ജ്വല്ലറി മേക്കിങ്, പേപ്പർ കവർ-എൻവലപ്പ് ആൻഡ് ഫയൽ മേക്കിങ്, ജനറൽ ഇ.ഡി.പി, മ്യൂറൽ പെയിന്റിങ് തുടങ്ങിയ മേഖലകളിലാണ് കേന്ദ്രം പ്രധാനമായും പരിശീലനം നൽകുന്നത്. വരുന്ന പാദവർഷത്തിൽ പപ്പടം, അച്ചാർ, മസാലപ്പൊടി നിർമ്മാണം, ഫാസ്റ്റ് ഫുഡ് സ്റ്റാൾ, സിസിടിവി ക്യാമറ-സെക്യൂരിറ്റി അലാം ഇൻസ്റ്റാളേഷൻ ആൻഡ് സർവീസ്, പൊതു സംരംഭകത്വ പരിശീലന പരിപാടികൾ തുടങ്ങി വിവിധ കോഴ്സുകൾ സംഘടിപ്പിക്കും.
ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേമ്പറിൽ നടന്ന യോഗത്തിൽ ആർ സെറ്റി ഡയറക്ടർ ജോസ് സെബാസ്റ്റ്യൻ, നബാർഡ് ഡി.ഡി.എം ഷാരോൺവാസ് കെ.എസ്, കാസർകോട് ടി.ഡി.ഒ കെ. മധുസൂധനൻ, ഡി.ഐ.സി അസിസ്റ്റന്റ് ഡയറക്ടർ ഹരികൃഷ്ണൻ, എസ.സി ഡിപ്പാർട്ട്മെന്റ് പ്രതിനിധി കെ.ദീപക്, ആർ സെറ്റി ഫാക്കൽറ്റിമാരായ ലിന്റ ലൂയിസ്, കെ.വി പ്രതീഷ് എന്നിവർ പങ്കെടുത്തു.
ഗ്രാമീണ മേഖലയിലെ തൊഴിൽരഹിതരായ യുവതീയുവാക്കളെ സ്വയംപര്യാപ്തരാക്കാനും മികച്ച സംരംഭകരായി വളർത്താനും ലക്ഷ്യമിട്ട് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതിയാണ് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രം അഥവാ ആർ-സെറ്റി . കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ലീഡ് ബാങ്കുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല നോഡൽ ഏജൻസി കുടുംബശ്രീ മിഷനാണ്. കൃഷി അനുബന്ധ പ്രവർത്തനങ്ങൾ, വസ്ത്രനിർമ്മാണം, ഭക്ഷ്യസംസ്കരണം, കമ്പ്യൂട്ടർ-മൊബൈൽ സാങ്കേതികവിദ്യ, ചെറുകിട നിർമ്മാണ യൂണിറ്റുകൾ തുടങ്ങി ആധുനിക വിപണിക്ക് അനുയോജ്യമായ അറുപതിലധികം മേഖലകളിൽ ഇവിടെ ഹ്രസ്വകാല നൈപുണ്യ പരിശീലനം നൽകുന്നുണ്ട്. സ്വന്തമായി സംരംഭം തുടങ്ങാൻ താല്പര്യമുള്ള 18-നും 50-നും ഇടയിൽ പ്രായമുള്ളവർക്ക് പരിശീലനവും ഭക്ഷണവും താമസസൗകര്യവും പൂർണ്ണമായും സൗജന്യമാണ്. സംരംഭം തുടങ്ങുന്നതിനാവശ്യമായ ബിസിനസ് മാനേജ്മെന്റ് അറിവുകൾക്ക് പുറമെ ബാങ്ക് വായ്പകൾ (ക്രെഡിറ്റ് ലിങ്കേജ്), സർക്കാർ സബ്സിഡികൾ എന്നിവ ലഭ്യമാക്കുന്നതിനും സംരംഭം തുടങ്ങി രണ്ട് വർഷത്തോളം കൃത്യമായ തുടർസഹായത്തിനും (ഹാൻഡ്ഹോൾഡിങ് സപ്പോർട്ട്) ആർ-സെറ്റി നേരിട്ട് പിന്തുണ നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് 9961027537, 8075669899 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
.jpg)

