പച്ച പിടിച്ച് കാസര്‍കോട് ജില്ലയില്‍ 771 പച്ച ത്തുരുത്തുകള്‍


കാസര്‍കോട് : കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും പരിസ്ഥിതിയെ പുനഃസ്ഥാപിക്കുന്നതിനുമായി ഹരിതകേരളം മിഷന്‍ നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്താകമാനം ശ്രദ്ധേയമാവുകയാണ്. ഇതിനോടകം 771 പച്ചത്തുരുത്തുകള്‍ രൂപീകരിച്ചതായി ഹരിത കേരള മിഷൻ ജില്ല കോഡിനേറ്റർ അറിയിച്ചു.21,794 സെന്റ് വിസ്തൃതിയില്‍ 90,000-ത്തിലധികം വൃക്ഷങ്ങള്‍ ഇതിനകം നട്ടുകഴിഞ്ഞു.
പൊതുസ്ഥലങ്ങളിലുള്‍പ്പെടെ തരിശ് സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക ജൈവ വൈവിധ്യ തുരുത്തുകള്‍ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കാനാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇതിനായി സ്ഥലങ്ങള്‍ കണ്ടെത്തുന്നത്. സര്‍ക്കാര്‍/സ്വകാര്യസ്ഥാപനങ്ങളുടെ ഭൂമി, പുറമ്പോക്കുകള്‍, നഗരഹൃദയങ്ങളിലും മറ്റും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളെല്ലാം പച്ചത്തുരുത്ത് സ്ഥാപി ക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങളാണ്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനും ഹരിത ഗൃഹവാതകങ്ങളുടെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനും പച്ചത്തുരുത്തുകള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും. അന്തരീക്ഷത്തിലെ അധിക കാര്‍ബണിനെ ആഗിരണം ചെയ്ത് സംഭരിച്ച് സൂക്ഷിക്കുന്ന കാര്‍ബണ്‍ കലവറകളായി വര്‍ത്തിക്കുന്ന പച്ചത്തുരുത്തുകള്‍ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കും.
സാമൂഹ്യ വനവല്‍ക്കരണ വകുപ്പ്, ജൈവവൈവിധ്യ ബോര്‍ഡ്, ആയുഷ് വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യക്തികള്‍ എന്നിവരും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി , അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി എന്നിവരും പദ്ധതി യുടെ ഭാഗമായി പ്രവര്‍ത്തി ക്കുന്നുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 210 സ്‌കൂളുകള്‍, 29 കോളേജുകള്‍, 15 അംഗന്‍വാടികള്‍, 34 ആരോഗ്യസ്ഥാപനങ്ങള്‍, 80 കാവുകള്‍, 17 ക്ഷേത്രാങ്കണങ്ങള്‍, 13 കണ്ടല്‍തുരുത്തുകള്‍, 6 മിയാവാക്കി വനങ്ങള്‍, 6 ഓര്‍മ്മത്തുരുത്തുകള്‍, 6 വായനശാലകള്‍, 3 മുളന്തുരുത്തുകള്‍, 5 സിവില്‍ സ്റ്റേഷന്‍ കോംപൗണ്ടുകള്‍ തുടങ്ങി 771 പച്ചത്തുരുത്തുകള്‍ രൂപീകരിച്ചു.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നാലിലാംകണ്ടം ഗവ. യു.പി. സ്‌കൂളില്‍ രൂപീകരിച്ച ജൈവവൈവിധ്യ ഉദ്യാനം, ഗവ. കോളേജ് കാസര്‍കോട്, നെഹ്‌റു കോളേജ് പടന്നക്കാട് എന്നിവിടങ്ങളിലെയും നൂറോളം സര്‍ക്കാര്‍ വിദ്യാലയങ്ങളിലെയും പച്ചത്തുരുത്തുകള്‍ സമ്പന്നമായ ജൈവവൈവിധ്യത്തോടെ ശ്രദ്ധേയമാകുന്നു. തദ്ദേശീയ സസ്യങ്ങള്‍, ഔഷധച്ചെടികള്‍, വനസ്പതികള്‍ എന്നിവയെ ഉള്‍പ്പെടുത്തിയാണ് ഈ പച്ചത്തുരുത്തുകള്‍ വികസിപ്പിച്ചിരിക്കുന്നത്. ലോകവനദിനത്തോടനുബന്ധിച്ച് ജില്ലയിലെ കണ്ടല്‍ തുരുത്തുകളുടെയും, മറ്റ് പച്ചത്തുരുത്തുകളുടെയും സംരക്ഷണത്തിനായി ഹരിതകേരളം മിഷന്‍ പ്രത്യേക കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
വീടുകളുടെ പരിസരങ്ങളിലും പൊതുസ്ഥലങ്ങളിലും വൃക്ഷവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഹരിതകേരളം മിഷന്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കോളേജുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ കൂട്ടായ്മയില്‍ വിവിധ സംരംഭങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ജില്ലയിലെ പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ പ്രതിരോധത്തിനും ഈ പച്ചത്തുരുത്ത് പദ്ധതി നിര്‍ണ്ണായക സംഭാവന നല്‍കുമെന്ന പ്രതീക്ഷയിലാണ് ഹരിതകേരളം മിഷന്‍.