പരിമിതികളിൽ നിന്ന് പ്രതീക്ഷകളിലേക്ക്; കുട്ടികളോട് ഹൃദയം തുറന്ന് കാസർഗോട് കളക്ടർ
കാസർഗോട് : കാടും മലയും അതിർത്തിയും തീർത്ത പരിമിതികളുടെ കരിമ്പാറക്കെട്ടുകൾക്കിടയിൽ നിന്ന് സ്വപ്നങ്ങളുടെ ആകാശത്തേക്ക് ചിറകടിച്ചുയരാനുള്ള മനസ്സുമായി 24 കുട്ടികൾ കളക്ടറേറ്റിലെത്തി. കുടുംബശ്രീ ജില്ലാ മിഷന്റെ കൊറഗ പ്രത്യേക പദ്ധതിയുടെ ഗുണഭോക്താക്കളായ വോർക്കാടി, എൻമകജെ, മംഗൽപാടി, പൈവളികെ, മീഞ്ച എന്നീ അതിർത്തി ഗ്രാമങ്ങളിലെ വിദ്യാർഥികളുടെ സാന്നിധ്യത്തിൽ നടന്ന 'നമസ്‌തേ കളക്ടർ' പരിപാടി ജില്ലാ ഭരണസംവിധാനത്തിന് തന്നെ ഹൃദയസ്പർശിയായ അനുഭവമായി.
ഭാവി പൗരന്മാരെ ഭരണസംവിധാനങ്ങളോട് ചേർത്തുനിർത്തുക എന്ന ലക്ഷ്യത്തോടെ കാസർകോട് ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന 'നമസ്‌തേ കളക്ടർ' പദ്ധതിയുടെ ഏഴാമത്തെ ബാച്ചായിരുന്നു ഇത്. ഔദ്യോഗിക തിരക്കുകൾക്കിടയിലും കുട്ടികളോടൊപ്പം സമയം ചെലവഴിച്ച് അവരുടെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മറുപടി നൽകിയപ്പോൾ, പരിപാടി ഒരു ഔപചാരിക സന്ദർശനത്തിനപ്പുറം ജനാധിപത്യത്തിന്റെ ജീവനുള്ള പാഠശാലയായി മാറി.
മീഞ്ച, മംഗൽപാടി, എൻമകജെ പഞ്ചായത്തുകളിലെ ഉന്നതികളിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് പഠനമുറി സൗകര്യങ്ങളുടെ അഭാവം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. ഉൾപ്രദേശങ്ങളായതിനാൽ സ്‌കൂളുകളിലെത്താൻ ബുദ്ധിമുട്ട് നേരിടുന്നതായും ഇവിടങ്ങളെ വിദ്യാവാഹിനി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും കുട്ടികൾ കളക്ടറോട് ആവശ്യപ്പെട്ടു. മീഞ്ച, വോർക്കാടി പ്രദേശങ്ങളിൽ പഠനാവശ്യങ്ങൾക്ക് കമ്മ്യൂണിറ്റി ഹാൾ നിർമിക്കണമെന്നും കുട്ടികൾ അറിയിച്ചു. വിഷയങ്ങളിൽ അടിയന്തര ഇടപെടൽ നടത്താൻ ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സൈക്കിൾ ആവശ്യപ്പെട്ട രണ്ട് കുട്ടികൾക്ക് സൈക്കിൾ വാങ്ങി നൽകാൻ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർക്ക് കളക്ടർ നിർദേശം നൽകി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ രതീഷ് പിലിക്കോട്, ഡി.പി.എം കെ.ടി. ജിതിൻ, കുടുംബശ്രീ ആനിമേറ്റർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ജില്ലാ സംവിധാനവും വിദ്യാർഥികളും തമ്മിലുള്ള ആശയവിനിമയം ശക്തമാക്കുകയും ഭരണപ്രക്രിയയിൽ യുവജന പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മാർച്ച് 18-നാണ് 'നമസ്‌തേ കളക്ടർ' പദ്ധതിക്ക് തുടക്കമായത്. ഭരണസംവിധാനങ്ങളെ നേരിട്ട് മനസ്സിലാക്കാൻ അവസരം നൽകുന്ന പദ്ധതി വരും ദിവസങ്ങളിൽ ജില്ലയിലെ കൂടുതൽ സർക്കാർ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ dcipksd@gmail.com എന്ന ഇമെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യാം.
.jpg)

