കാസർഗോട് സി വിജിൽ കൺട്രോൾ റൂമിൽ ഇതുവരെ ലഭിച്ചത് 44 പരാതികൾ
കാസർഗോട് :സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിൽ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന സി വിജിൽ കൺട്രോൾ റൂമിൽ ഇതുവരെ 44 പരാതികളാണ് ലഭിച്ചത്. ഇന്നലെ മാത്രം ഏഴ് പരാതികൾ ലഭിച്ചു. 44 പരാതികളും പരിഹരിച്ചു. കൂടുതൽ പരാതികളും സ്വയമേധയാ എടുത്തവയാണ്. മാതൃകാ പെരുമാറ്റച്ചട്ടം, തിരഞ്ഞെടുപ്പ് ചിലവ് എന്നിവയുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് സി വിജിൽ കൺട്രോൾ റൂം കൈകാര്യം ചെയ്യുക. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലയിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 29 ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ സി വിജിൽ കൺട്രോൾ റൂമിൽ ലഭ്യമാകുന്നുണ്ട്. മാർച്ച് പതിനാറിനാണ് സിവിജിൽ കൺട്രോൾ റൂം ആരംഭിച്ചത്.
ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ ജനറൽ ഒബ്‌സർവറായി ധ്യാനേശ്വർ കൊണ്ടിഭാവു ഖിലാരി ഐ.എ.എസ്, നിയമസഭാ തിരഞ്ഞെടുപ്പ് 2026 മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളുടെ ജനറൽ ഒബ്‌സർവറായ വിജയ് ബാലകൃഷ്ണ വാഗ്മർ ഐ എ എസ്, ജില്ലയിലെ പോലീസ് ഒബ്‌സർവറായ അശുതോഷ് കുമാർ ഐ.പി.എസ് കാസർകോട് മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളിലെ എക്‌സ്‌പെൻഡിച്ചർ ഒബ്‌സർവറായ നിശാന്ത് അഗർവാൾ ഐ.ആർ.എസ് കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളുടെ എക്‌സ്‌പെൻഡിച്ചർ ഒബ്‌സർവറായ അജയ് കുമാർ താഡിയ ഐ.ആർ.എസ്, എന്നിവർ സി വിജിൽ കൺട്രോൾ റൂം സന്ദർശിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പോലീസ് മേധാവി വിജയ് ഭാരത റെഡ്ഡി എന്നിവർ ഒപ്പമുണ്ടായിരുന്നു. എലക്ഷൻ ഡെപ്യൂട്ടി കളക്ടർ എ.എൻ ഗോപകുമാർ, എക്സ്പെന്റിച്ചർ നോഡൽ ഓഫീസർ വി. ചന്ദ്രൻ, കൺട്രോൾ റൂം പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
എ.ഡി.എം കെ.വി ശ്രുതിയ്ക്കാണ് സി വിജിൽ കൺട്രോൾ റൂമിന്റെ പൂർണ ചുമതല. ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ കെ.ലീനയാണ് സാങ്കേതിക മേൽനോട്ടം നിർവഹിക്കുന്നത്. സി വിജിൽ കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികളിലെ ചിലവ് നിരീക്ഷണത്തിനുള്ള ചുമതല കാസർകോട് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ വി ചന്ദ്രനും കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതി പരിഹാര നോഡൽ ഓഫീസർ കളക്ടറേറ്റ് സ്യൂട്ട് സെക്ഷൻ സീനിയർ സൂപ്രണ്ട് വി.ശ്രീകുമാറും ആണ്. സി വിജിൽ ആപ്പ് വഴിയും ഫോണിൽ മുഖേനെയും പൊതുജങ്ങൾക്ക് പരാതികൾ അറിയിക്കാം. ഫോൺ- 04994292650, 04994292651, 04994292652.
.jpg)


