കടൽക്കാറ്റേറ്റ് ഓടാം; നെല്ലിക്കുന്ന് ബീച്ചിനെ ലോകത്തിന് പരിചയപ്പെടുത്താൻ ‘കാസറഗോഡ് ബീച്ച് റൺ 2026’

BeachRun

കാസർകോട് : കാസർകോടിന്റെ ടൂറിസം ഭൂപടത്തിലേക്ക് നെല്ലിക്കുന്ന് ബീച്ചിന്റെ മനോഹാരിത കൂടി കൂട്ടിച്ചേർക്കാൻ വിപുലമായ പദ്ധതികളുമായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കാസർകോട് നഗരസഭയും കൈകോർക്കുന്നു. പ്രകൃതിഭംഗി തുളുമ്പുന്നതും എന്നാൽ പൊതുജനങ്ങൾക്ക് ഏറെ പരിചിതമല്ലാത്തതുമായ നെല്ലിക്കുന്ന് ബീച്ചിനെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനും ആഭ്യന്തര ടൂറിസത്തിന് പുതിയ ഉണർവ് നൽകാനുമായി ജില്ലാ ഭരണകൂടം, ഡി.ടി.പി.സി, കാസറഗോഡ് നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വരുന്ന ഞായറാഴ്ച(മെയ്‌ 24)‘കാസറഗോഡ് ബീച്ച് റൺ 2026’ സംഘടിപ്പിക്കുന്നു. അതിന്റെ മുന്നോടിയായുള്ള സംഘാടക സമിതി യോഗം നെല്ലിക്കുന്ന് മത്സ്യഭവനിൽ ചേർന്നു.

 സംഘാടകസമിതി യോഗം കാസർകോട് നഗരസഭ അധ്യക്ഷ ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ എം ഹനീഫ അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി പി ബി ഷാജു, സബ് ഇൻസ്പെക്ടർ കെ ടി വി രാജേഷ് എന്നിവർ സംസാരിച്ചു. നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ സമീന മുജീബ്, ഹമീദ് ബദിര, ജാഫർ കമാൽ എന്നിവർ സംസാരിച്ചു.കാസർകോട് നഗരസഭ അധ്യക്ഷ ഷാഹിന സലീം ചെയർമാനായും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജെ.കെ ജിജേഷ് കുമാർ കൺവീനറായും ഉള്ള സംഘാടക സമിതിയാണ് നിലവിൽ വന്നത്.

  ആരോഗ്യകരമായ ജീവിതശൈലി ജനങ്ങളിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടുള്ള ബീച്ച് റൺ 
നെല്ലിക്കുന്ന് ലൈറ്റ് ഹൗസിൽ നിന്ന് ആരംഭിച്ച് കസബ ബീച്ച് റോഡ്, ഹാർബർ ഗേറ്റ്, പുലിമുട്ട്, നെല്ലിക്കുന്ന് ബീച്ച് എന്നിവ ഉൾപ്പെടുന്ന മനോഹരമായ തീരദേശ പാതയിലൂടെ 6 കിലോമീറ്റർ ദൂരം പിന്നിട്ട് റൺ വീണ്ടും ലൈറ്റ് ഹൗസിൽ തന്നെ സമാപിക്കും. ഓട്ടം വിജയകരമായി പൂർത്തിയാക്കുന്ന എല്ലാവർക്കും സംഘാടകർ മെഡലുകൾ സമ്മാനിക്കും. മത്സര വിജയികൾക്കായി പ്രത്യേക സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതല്ല. 

റണ്ണിൽ പങ്കെടുക്കുന്നവർക്കായി പ്രഭാതഭക്ഷണവും കുടിവെള്ള വിതരണ കേന്ദ്രങ്ങളും റൂട്ടിൽ ഉടനീളം സജ്ജീകരിക്കുന്നതാണ്.
ആരോഗ്യ വകുപ്പ്, പോലീസ്, ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ്, കുടുംബശ്രീ, ശുചിത്വമിഷൻ, പി.ആർ.ഡി ഉൾപ്പെടെയുള്ള വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്. ഇതിന് മുന്നോടിയായി മെയ് 22-ന് നെല്ലിക്കുന്ന് ബീച്ചിൽ വിപുലമായ ജനകീയ ശുചീകരണ പ്രവർത്തനം സംഘടിപ്പിക്കും.ബീച്ച് റണ്ണിൽ പങ്കെടുക്കാൻ യാതൊരു രജിസ്ട്രേഷൻ ഫീസുമില്ല. താല്പര്യമുള്ള കായികപ്രേമികൾക്ക് ഡി.ടി.പി.സി കാസറഗോഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.dtpckasaragod.com വഴി സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് സംഘാടകർ. അറിയിച്ചു. ഫോൺ -04994-256450, 8547162679.

Tags