നോട്ടീസുകള്‍ കന്നഡയിലും അച്ചടിക്കണം: ഭാഷാ ന്യൂനപക്ഷ ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നു

LINGUISTICMINORITY

കാസർ​ഗോട് : പൊതുജനങ്ങള്‍ക്കായി വിവിധ വകുപ്പുകള്‍ പ്രസിദ്ധീകരിക്കുന്ന നോട്ടീസുകള്‍ കന്നഡയിലും അച്ചടിക്കാന്‍  ജില്ലാതലവന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് ഭാഷാ ന്യൂനപക്ഷ ഭാഷ ജില്ലാതല സമിതി  യോഗത്തില്‍ തീരുമാനമായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.കെ.എം അഷ്‌റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. 

യോഗത്തില്‍ ഭാഷാ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും പരിഹാരങ്ങളും ചര്‍ച്ച ചെയ്തു. ഭാഷാ ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ബോര്‍ഡ് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ പൊതുജന താല്‍പര്യാര്‍ത്ഥം സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ കന്നഡയില്‍ കൂടി വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. മഞ്ചേശ്വരം താലൂക്കിലെ ഒഴിഞ്ഞു കിടക്കുന്ന വിവിധ തസ്തികകളില്‍ നിയമനം നടത്താനും ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ തസ്തികകളില്‍ കന്നട അറിയാവുന്നവര്‍ക്കായി സംവരണം ഏര്‍പ്പെടുത്തനുമുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്ന് നിര്‍ദ്ദേശിച്ചു. 

കന്നഡ മീഡിയം സ്‌കൂളുകളില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ അധ്യാപകരെ നിയമിക്കണം. ജില്ലയില്‍ കന്നടയില്‍ അച്ചടിക്കുന്ന ഗവണ്‍മെന്റ് പ്രസ്സ് വേണമെന്ന ആവശ്യം നേരത്തെ സര്‍ക്കാരിനെ അറിയിച്ചിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് വീണ്ടും നടപടികള്‍ ഊര്‍ജ്ജിതമാകും. യോഗത്തില്‍ കൊളീജിയേറ്റ് എഡ്യൂക്കേഷന്‍ പ്രതിനിധി ഡോക്ടര്‍ എന്‍.രാധാകൃഷ്ണ, സംസ്ഥാന കന്നഡ മീഡിയം ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രസിഡണ്ട് സുകേഷ, കളക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ട് ജഗദീഷ തുടങ്ങിയവര്‍ പങ്കെടുത്തു. എ.ഡി.എം പി.ഉദയകുമാര്‍ സ്വാഗതവും കളക്ടറേറ്റ് എ സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് എം.ബി ലോകേഷ് നന്ദിയും പറഞ്ഞു.

Tags